കാരവനുകളുമായി ലോകംചുറ്റുന്ന വിദേശസഞ്ചാരികൾ തേക്കടിയിൽ
text_fieldsകുമളി: ലോകരാജ്യങ്ങൾ, പ്രത്യേകം തയാറാക്കിയ കാരവൻ വാഹനങ്ങളിൽ ചുറ്റി സഞ്ചരിക്കുന്ന 33 അംഗ വിദേശികളുടെ സംഘം തേക്കടിയിലെത്തി. ജർമനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് സംഘത്തിലുള്ളത്. ഇവർക്കൊപ്പം ഡൽഹിയിൽനിന്നുള്ള മൂന്നു ഗൈഡുമാരും സഹായത്തിനുണ്ട്. ജർമനിയിൽനിന്നുള്ള സംഘം സ്വിറ്റ്സർലൻഡിലെത്തി അവിടെനിന്നുള്ള സംഘവും ചേർന്നു ഒരുമിച്ച് ലോകയാത്ര ആരംഭിക്കുകയായിരുന്നു.
135 ദിവസത്തെ യാത്രക്കിടെ ഏഴ് രാജ്യങ്ങളിൽ സന്ദർശനം പൂർത്തിയാക്കി. ഒരു വർഷംകൊണ്ട് 18 രാജ്യം സന്ദർശിക്കാനാണ് തീരുമാനം. ആസ്ട്രേലിയയിൽ യാത്ര അവസാനിക്കും. ലോക സഞ്ചാരത്തിനിടെ മൂന്ന് മാസത്തോളം സംഘം ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. കേരളത്തിന്‍റെ മനോഹാരിതയും പ്രകൃതിഭംഗിയും മനസ്സിലാക്കിയാണ് സംഘം സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങൾ സന്ദർശിച്ച് ഒടുവിൽ തേക്കടിയിലും എത്തിയത്.
പത്ത് ടണ്ണോളമുള്ള 18 കാരവൻ വാഹനങ്ങളാണ് യാത്രക്കായി ഉപയോഗിക്കുന്നത്. ഇവ ഒന്നിച്ച് പാർക്ക് ചെയ്യാൻ സൗകര്യം ലഭിക്കാത്തതിനാൽ രണ്ടിടങ്ങളിലായാണ് പാർക്ക് ചെയ്യുന്നത്. ലോക സഞ്ചാരത്തിനായി ഓരോരുത്തരും 33,000 യൂറോയാണ് ചെലവഴിക്കുന്നത്. തേക്കടിയിലെത്തിയ സംഘം ഇവിടത്തെ കാഴ്ചകൾ കണ്ട ശേഷം തമിഴ്നാട്ടിലേക്ക് ബധനാഴ്ച യാത്ര തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.