തേക്കടിയിൽ വനം വകുപ്പ് ചെലവിടുന്നത് ലക്ഷങ്ങൾ; ആർക്കും പ്രയോജനം ഇല്ലാതെ പദ്ധതികൾ
text_fieldsകുമളി: സർക്കാർ നൽകുന്ന ഫണ്ടുകൾ എങ്ങനെ പ്രയോജനരഹിതമായി ചെലവഴിക്കുന്നു എന്നറിയണമെങ്കിൽ തേക്കടിയിലെത്തിയാൽ മതി. വിനോദസഞ്ചാരികൾക്കെന്ന പേരിൽ ലക്ഷങ്ങൾ ചെലവഴിച്ച് ചില ഉന്നത വനപാലകർ നിർമിച്ചു 'കാഴ്ച'വെക്കുന്ന കെട്ടിടങ്ങൾ ആർക്കും ഉപകാരമില്ലാതെ വർഷങ്ങളായി അടച്ചുപൂട്ടിക്കിടക്കുന്നത് കാട്ടിലെ പതിവ് കാഴ്ചയാണ്.
സഞ്ചാരികളെ ആകർഷിക്കാൻ തേക്കടി പാർക്കിൽ നിർമിച്ച ആമക്കട കോവിഡിനും മുമ്പേ വർഷങ്ങളായി അടച്ചിട്ടിരിക്കുന്നു. തേക്കടിയിൽ വിനോദ സഞ്ചാരവികസനത്തിനായി നൽകിയ ഫണ്ടും ഇക്കോ ടൂറിസം വഴി സമാഹരിച്ച തുകയും ചെലവഴിച്ചാണ് വർഷങ്ങൾക്ക് മുമ്പ് ആമയുടെ രൂപത്തിൽ കട നിർമിച്ചത്.
ആമക്കടവഴി സഞ്ചാരികൾക്ക് തേക്കടി, കടുവ സങ്കേതം എന്നിവ സംബന്ധിച്ച ബുക്കുകൾ, ചിത്രങ്ങൾ, ടീഷർട്ടുകൾ, തേൻ, മറ്റ് കരകൗശല വസ്തുക്കൾ തുടങ്ങി ചായയും കാപ്പിയും കുടിവെള്ളവും വരെ നൽകിയിരുന്നു. ഇത്, പിന്നീട് മാറിവന്ന വനപാലകരുടെ താൽപര്യം അനുസരിച്ച് ഒന്നൊന്നായി ഇല്ലാതാക്കി ഒടുവിൽ കടപൂട്ടി ജീവനക്കാരെ മറ്റു സ്ഥലത്തേക്ക് മാറ്റി.
ബോട്ട് ലാൻഡിങ്ങിനു സമീപത്തെ പാർക്കിനോട് ചേർന്നാണ് ആമക്കട നിർമിച്ചത്. ഇതോടെ പാർക്ക് ആമ പാർക്കായി, ഇവിടെ സഞ്ചാരികൾക്കായി ചിത്രപ്പണികൾ നിറഞ്ഞ ആധുനിക ശൗചാലയവും ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ചു. പക്ഷേ, വർഷങ്ങൾ പിന്നിട്ടിട്ടും ശൗചാലയം തുറക്കാൻ അധികൃതർക്കായില്ല.
അടഞ്ഞുകിടക്കുന്ന ഇരുകെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണി, പെയിന്റിങ് എന്നിവക്കായി വർഷം തോറും ലക്ഷങ്ങൾ വേറെയും ചെലവഴിക്കുന്നു. തേക്കടിയിൽ കാട്ടിലെ പാർക്കിങ് വനമേഖലക്ക് പുറത്തേക്ക് മാറ്റിയതോടെ ആമ പാർക്ക് പ്രദേശം ആളൊഴിഞ്ഞ സ്ഥലമായി.
എന്നാൽ, ബോട്ട് ലാൻഡിങ്ങിലേക്ക് നടന്നുപോകുന്ന സഞ്ചാരികൾ, കെ.ടി.ഡി.സി ഹോട്ടലുകളിൽ താമസത്തിനെത്തുന്ന സഞ്ചാരികൾ ഇവർക്കെല്ലാം ആമ പാർക്ക് ഇപ്പോഴും പ്രിയപ്പെട്ടതാണ്. സഞ്ചാരികളുമായി ബോട്ട് ലാൻഡിങ്ങിലേക്ക് പോകുന്ന വാഹനങ്ങൾ ആമ പാർക്ക് വരെയാക്കിയാൽ കൂടുതൽ പേർ പാർക്കിൽ വിശ്രമത്തിനും മറ്റുമായി സമയം ചെലവഴിക്കും.
ഇതോടെ, പാർക്ക് വീണ്ടും സജീവമാകുകയും കടയും ശൗചാലയവുമെല്ലാം തുറന്ന് പ്രവർത്തിക്കാവുന്ന സ്ഥിതിയിലെത്തുകയും ചെയ്യും. എന്നാൽ, വനപാലകരുടെ താൽപര്യക്കുറവാണ് ഇരുകെട്ടിടവും വർഷങ്ങളായി പൂട്ടി ക്കിടക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.