ഫോർട്ട്കൊച്ചി ബീച്ചിനെ ‘റാണിയാക്കാൻ’ കെ.എം.ആർ.എൽ
text_fieldsഫോർട്ട് കൊച്ചി: മഹാത്മാഗാന്ധി ബീച്ച് മേഖല നവീകരിച്ച് സൗന്ദര്യവത്കരിക്കാനുള്ള നടപടിയുമായി കെ.എം.ആർ.എൽ. ഫോർട്ട് കൊച്ചി ബീച്ചിലേക്കുള്ള നടപ്പാതയുടെ തകർച്ച പരിഹരിക്കാൻ പൊട്ടിയ ടൈലുകൾ മാറ്റി സ്ഥാപിക്കും. പ്രവർത്തനരഹിതമായ വഴിവിളക്കുകൾ പുനഃസ്ഥാപിക്കും. കാൽ നടയാത്രികർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ മറ്റ് സ്ഥലങ്ങളിൽ ആവശ്യമായ വഴിവിളക്കുകൾ സ്ഥാപിക്കുകയും ചെയ്യും.
ബീച്ചിന് സമീപം മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. നടപ്പാതയിൽ സ്ഥാപിച്ചിരിക്കുന്ന ചരിത്ര പ്രധാനമായ സ്മാരകങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ പുരാവസ്തു സംരക്ഷണ വകുപ്പുമായി ചേർന്ന് സ്വീകരിക്കും. ജല മെട്രോ ടെർമിനലിന് സമീപം നിലവിൽ മത്സ്യ വിൽപന നടത്തുന്നവർക്കായി ആധുനിക രീതിയിലെ അഞ്ച് കിയോസ്കുകളും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിലെ നവീകരണ പ്രവർത്തങ്ങളുടെ ഭാഗമായി നിർമിച്ചു നൽകും.
1.69 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. വാട്ടർ മെട്രോ ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ വിനോദസഞ്ചാരികൾക്ക് കൊച്ചിയുടെ കായൽ ഭംഗി ആസ്വദിച്ച് ഗതാഗതക്കുരുക്കിൽപെടാതെ ഫോർട്ട് കൊച്ചിയിലേക്ക് എത്താം. ഇതിന് മുന്നോടിയായാണ് ടെർമിനലിന് സമീപമുള്ള പ്രദേശങ്ങളും നവീകരിക്കാൻ കെ.എം.ആർ.എൽ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയുടെ നിർമാണ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് മേയർ എം. അനിൽകുമാർ നിർവഹിക്കും. കെ.ജെ. മാക്സി എം.എൽ.എ , കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ, സ്ഥലം കൗൺസിലർ ആന്റണി കുരീത്തറ എന്നിവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.