ചെമ്പ്രയടക്കം വീണ്ടും തുറക്കുന്നത് നാല് വിനോദ സഞ്ചാര കേന്ദ്രങ്ങൾ; പ്രതീക്ഷയോടെ വയനാടൻ ടൂറിസം മേഖല
text_fieldsവൈത്തിരി: വയനാട് ജില്ലയിലെ പൂട്ടിക്കിടന്ന നാല് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ ഹൈകോടതി ഉത്തരവിട്ടതോടെ വിനോദസഞ്ചാര മേഖലയിൽ പുത്തനുണർവേകും. ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ ഹരജിയെ തുടർന്നാണ് രണ്ട് കൊല്ലം മുമ്പ് ചെമ്പ്ര പീക്ക്, കുറുവ ദ്വീപ്, സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത്.
കേന്ദ്ര സർക്കാറിന്‍റെ അനുമതിയില്ലാതെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന് കാണിച്ചാണ് സമിതി കോടതിയെ സമീപിച്ചത്. എന്നാൽ, ഇവക്ക് പിന്നീട് കേന്ദ്ര സർക്കാറിന്‍റെ അനുമതി ലഭിച്ചു. ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം വനം വകുപ്പിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത്. രണ്ട് വർഷം അടച്ചിട്ടതിനാൽ കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് വനം വകുപ്പിനുണ്ടായത്. തുറക്കാനുള്ള ഉത്തരവായെങ്കിലും രണ്ടു വർഷം പൂട്ടിക്കിടന്ന കേന്ദ്രങ്ങൾ തുറക്കണമെങ്കിൽ ഇനിയും സമയമെടുക്കും.
കുറുവ ദ്വീപ് നടത്തുന്നത് ഡി.ടി.പി.സിയാണ്. ചങ്ങാടം യാത്ര മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്. സൂചിപ്പാറ വെള്ളച്ചാട്ടം നിരവധി സഞ്ചാരികളെ ആകർഷിച്ചിരുന്നു. ചെമ്പ്ര പീക്കിലേക്കുള്ള ട്രെക്കിങ് ആസ്വദിക്കാൻ ഇതര സംസ്ഥാന സഞ്ചാരികളടക്കം ധാരാളം പേർ എത്താറുണ്ട്.
കോടതി ഉത്തരവുണ്ടെങ്കിലും ചെമ്പ്ര പീക്ക് ഇപ്പോൾ തുറക്കില്ലെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത് പറഞ്ഞു. വേനൽക്കാലത്ത് കാട്ടുതീ ഭീഷണിയുള്ളതിനാൽ നേരത്തെ ഏപ്രിൽ - മെയ് മാസങ്ങളിൽ ചെമ്പ്ര പീക്ക് അടച്ചിടാറുണ്ട്. ഇപ്പോൾ പുൽക്കാടുകൾ വളരെ ഉയരത്തിൽ വളർന്നിട്ടുണ്ട്. മീൻമുട്ടി വെള്ളച്ചാട്ടത്തിന് സമീപം അറ്റകുറ്റപണികൾ ഏറെയുള്ളതിനാൽ തുറക്കാൻ ഇനിയും വൈകും.
കൂടാതെ ഈ കേന്ദ്രങ്ങളിൽ ഒരു ദിവസം പ്രവേശിപ്പിക്കാവുന്ന സഞ്ചാരികളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടുണ്ട്. കുറുവ ദ്വീപ് - 1150, ചെമ്പ്ര പീക്ക് - 200, സൂചിപ്പാറ - 1200, മീനമുട്ടി 1200 എന്നിങ്ങനെയാണ് ഒരു ദിവസം പ്രവേശിപ്പിക്കുക.
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതോടെ ജില്ലയിലെ ടൂറിസം മേഖലയിൽ വലിയ ഉണർവ് പ്രതീക്ഷിക്കുന്നതായി ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ബി. ആനന്ദ് പറഞ്ഞു. വനം വകുപ്പിന്‍റെ അനുമതിയോടെ മാത്രമേ എല്ലാ കേന്ദ്രങ്ങളും തുറക്കാനാവുകയുള്ളൂ. നേരിട്ടും അല്ലാതെയും ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് കോടതി ഉത്തരവ് പ്രയോജനം ലഭിക്കും.
ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാനുള്ള ഹൈകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി വയനാട് ടൂറിസം അസോസിയേഷൻ പ്രസിഡന്‍റ് അലി ബ്രാൻ പറഞ്ഞു. ജില്ലയിലെ വിനോദ സഞ്ചാര മേഖലയിൽ പുത്തനുണർവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.