പെരിന്തൽമണ്ണയിൽനിന്ന് കെ.എസ്.ആർ.ടി.സി മൂന്നാർ ഉല്ലാസയാത്ര
text_fieldsപെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി പെരിന്തൽമണ്ണയിൽ നിന്നാരംഭിച്ച മൂന്നാർ ഉല്ലാസ യാത്രക്ക് ആഘോഷതുടക്കം. തിങ്കളാഴ്ച രാവിലെ 10.30ഒാടെ 40 യാത്രക്കാരെയുമായി ആദ്യ ബസ് പുറപ്പെട്ടു. രാത്രിയോടെ മൂന്നാറിലെത്തിയാൽ സബ് ഡിപ്പോയിൽ നിർത്തിയിട്ട എ.സി സ്ലീപ്പർ ബസുകളിലാണ് താമസം. മികച്ച സൗകര്യങ്ങളോട് കൂടിയ ബാത്ത് റൂമുകളും ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മുതൽ വൈകീട്ട് വരെയാണ് കാഴ്ച കാണൽ. അതിനും വാഹനമുണ്ട്. രാത്രി ഏഴിന് പുറപ്പെട്ട് പുലർച്ചയോടെ പെരിന്തൽമണ്ണ ഡിപ്പോയിലെത്തും.
പെരിന്തൽമണ്ണയിൽനിന്ന് സൂപ്പർ എക്സ്പ്രസ് സെമി സ്ലീപ്പറിലാണ് യാത്ര. ഒരാൾക്ക് 1,200 രൂപയാണ് നിരക്ക്. താമസചാർജും സ്ഥലങ്ങൾ ചുറ്റിക്കാണാനുള്ള ചെലവും അടക്കമാണിത്. ഭക്ഷണ ചെലവ് യാത്രക്കാർ വഹിക്കണം. തൃശൂർ വഴിയാണ് യാത്ര. കോതമംഗലം, നേര്യമംഗലം, അടിമാലി വഴി മൂന്നാറിലെത്തും. തൃശൂർ കഴിഞ്ഞ് ഉച്ച ഭക്ഷണവും അടിമാലിയിൽനിന്ന് രാത്രി ഭക്ഷണവും കഴിക്കാം.
മൂന്നാറിലെ കുണ്ടള ഡാം, മാട്ടുപ്പെട്ടി ഡാം, ടോപ്പ് സ്റ്റേഷൻ അടക്കം ആറ് കേന്ദ്രങ്ങളിൽ പകൽ ചുറ്റിത്തിരിയാം.
അതിനിടെ ഉച്ചഭക്ഷണം അടിമാലിയിൽനിന്ന് യാത്രക്കാർക്ക് സ്ഥലത്തെത്തിക്കും. ഉദ്ഘാടനയാത്രക്ക് പെരിന്തൽമണ്ണ ഡിപ്പോയിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരുമെത്തി. നഗരസഭ ചെയർമാൻ പി. ഷാജി ഫ്ലാഗ് ഒാഫ് ചെയ്തു. ഏലംകുളം പഞ്ചായത്ത് പ്രസിഡൻറ് സി. സുകുമാരൻ, നഗരസഭ അംഗങ്ങളായ ഹുസൈന നാസർ, പത്തത്ത് ജാഫർ, കെ.എസ്.ആർ.ടി.സി ഡി.ടി.ഒമാരായ കെ.പി. രാധാകൃഷ്ണൻ, ജോഷി ജോൺ, രാഷ്ട്രീയ സംഘടന പ്രതിനിധികളായ ഇ. രാജേഷ്, പി. ജയകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. മലപ്പുറം ഡിപ്പോയിൽ നിന്നാരംഭിച്ച് ഏറെ സ്വീകാര്യത നേടിയ മൂന്നാർ ഉല്ലാസ യാത്ര യാത്രികരുടെ എണ്ണമനുസരിച്ചാണ് പെരിന്തൽമണ്ണയിൽനിന്ന് പോവുക. ബുക്കിങ്ങിനും വിവരങ്ങള്ക്കും ബന്ധപ്പെടാം. ഫോൺ: 9048848436, 9544088226, 9745611975
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.