സഞ്ചാരികൾക്ക് സന്തോഷ വാർത്ത; ബുധനാഴ്ച മുതൽ ഊട്ടിയിലേക്ക് സ്വാഗതം
text_fieldsഗൂഡല്ലൂർ: ഈ കോവിഡ് കാലത്ത് മലയാളികളടക്കമുള്ള സഞ്ചാരികൾ ഏറ്റവുമധികം നഷ്ടബോധം അനുഭവപ്പെട്ട സ്ഥലങ്ങളിലൊന്നാകും ഊട്ടി. നീലഗിരിയിലെ കുളിരും താഴ്വാരങ്ങളിലെ കാണാകാഴ്ചകളും തേടിപ്പോകാൻ കൊതിക്കാത്തവരുണ്ടാകില്ല. അത്തരക്കാർക്കിതാ സന്തോഷ വാർത്ത. നീലഗിരി ജില്ലയിലേക്ക് വിനോദ സഞ്ചാരികൾക്ക് തമിഴ്നാട് സർക്കാർ വീണ്ടും പ്രവേശനം അനുവദിച്ചിരിക്കുന്നു.
ബുധനാഴ്ച മുതൽ ഇവിടേക്ക് ആളുകൾക്ക് വരാം. എന്നാൽ, കൈയിൽ ടൂറിസ്റ്റ് പാസുണ്ടായിരിക്കണം എന്ന് മാത്രം. https://tnepass.tnega.org/ എന്ന വെബ്സൈറ്റ് വഴി പാസ് എടുക്കാം. അപേക്ഷിക്കുമ്പോൾ ടൂറിസ്റ്റുകളാണന്ന് വ്യക്തമാക്കി വേണ്ട രേഖകൾ സമർപ്പിക്കണം. വിനോദസഞ്ചാരികൾക്ക് ഹോട്ടലുകളിലും ക്വാട്ടേജുകളിൽ താമസിക്കാനും അനുമതിയായിട്ടുണ്ട്.
ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, കുന്നൂർ സിംസ്പാർക്ക്, കോത്തഗിരി നെഹ്റു പാർക്ക്, മേട്ടുപാളയം ചുരത്തിലെ കാട്ടേരി പാർക്ക് എന്നിവിടങ്ങളിലേക്ക് മാത്രമാണ് പ്രവേശനമെന്ന് ജില്ല കലക്ടർ ജെ. ഇന്നസെൻറ് ദിവ്യ അറിയിച്ചു.
ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം ഇതുവരെ ടൂറിസ്റ്റുകൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ടൂറിസ്റ്റുകളെ മാത്രം ആശ്രയിച്ചാണ് ഊട്ടിയിലെ വ്യാപാര മേഖല ചലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.