ചാവക്കാട് ബീച്ചിൽ മാലിന്യപ്പുഴ
text_fieldsചാവക്കാട്: മീന്‍ മാര്‍ക്കറ്റിൽനിന്നുള്ള മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ല. നിരുത്തരവാദ പരമായി കടലിലേക്ക് ഒഴുക്കിവിടുന്ന മാലിന്യം ഉയർത്തുന്ന ദുർഗന്ധം നാട്ടുകാർക്കും സഞ്ചാരികൾക്കും ദുരിതമാകുന്നു. ചാവക്കാട് ബീച്ച് ജങ്ഷന് തെക്കുഭാഗത്തുള്ള മത്സ്യ മാർക്കറ്റിൽനിന്നുള്ള മാലിന്യമാണ് തീരപാതയുടെ അടിയിലൂടെ ശൗചാലയത്തിന് സമീപത്തുകൂടി ബീച്ചിലേക്കുള്ള പ്രധാന വഴി കടന്ന് കടലിലേക്ക് ഒഴുകുന്നത്.
ബീച്ചിലേക്കും ബീച്ച് പാർക്കിലേക്കും കടക്കണമെങ്കിൽ ഈ മാലിന്യം ചവിട്ടാതെ മുന്നോട്ടുപോകാനാവില്ല. ശൗചാലയത്തിന്റെയും ഫിഷ് ലാൻഡിങ് സെന്ററിന്റെയും സമീപത്തെത്തുമ്പോൾ കറുത്ത നിറമാണ് ഈ വെള്ളത്തിന്. അസഹ്യമായ ഗന്ധവുമുണ്ട്.
പാർക്കിന്റെ കവാടത്തിന് പടിഞ്ഞാറ് ഭാഗത്ത് കൂടി ഒഴുകി സന്ദർശകരെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്ത് കെട്ടിക്കിടക്കുന്ന മാലിന്യം അവിടെനിന്നാണ് കുറേശെയായി ചാലിലൂടെ കടലിലേക്കൊഴുകുന്നത്. മഴ പെയ്താൽ വെള്ളക്കെട്ട് കൂടുതലാണ്. ആ വെള്ളത്തിലൂടെയാണ് വാഹനങ്ങൾ വരുന്നതും പോകുന്നതും.
തിരക്ക് കൂടിയാൽ മാലിന്യത്തിലാണ് വാഹനങ്ങൾ നിർത്തിയിടുന്നതും ആളുകൾ ഇറങ്ങുന്നതും. മഴ പെയ്താൽ ഈ ഭാഗത്ത് പൊതുവെ വെള്ളക്കെട്ടുണ്ടാകും. അതിലേക്കാണ് മാലിന്യം ഒഴുകിയെത്തുന്നത്. ഇന്ത്യൻ സ്വച്ഛത ലീഗ് സീസൺ രണ്ടിനോട് അനുബന്ധിച്ച് നഗരസഭ ചാവക്കാട് ബീച്ചിൽ മെഗാ ക്ലീനിങ് കാമ്പയിൻ സംഘടിപ്പിച്ചത് കഴിഞ്ഞയാഴ്ചയാണ്. മാലിന്യപ്പുഴ കാണാതെ പ്ലാസ്റ്റിക് ഖരമാലിന്യം മാത്രം ഒഴിവാക്കിയായിരുന്നു ശുദ്ധീകരണം.
വർഷങ്ങളായി ഈ മാലിന്യമൊഴുക്ക് തുടങ്ങിയിട്ട്. ഓരോ ദിവസവുമെത്തുന്ന ഡസന്‍ കണക്കിന് വലിയ മീന്‍ വണ്ടികളിലെ കോള്‍ഡ് സ്റ്റോറേജില്‍ നിറയുന്ന മീന്‍ രക്തവും ഐസില്നിന്നുള്ള വെള്ളവും കലര്‍ന്ന മാലിന്യമാണ് മീൻ മാർക്കറ്റിൽനിന്ന് ഒഴിവാക്കുന്നത്.
മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി മാലിന്യം പൊതുസ്ഥലത്തേക്ക് വലിച്ചെറിയുന്നവർക്കെതിരെയും വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽപന നടത്തുന്നവർക്കുമെതിരെയും നഗരസഭ ചൊവ്വാഴ്ചയും വ്യാപകമായി പരിശോധന നടത്തിയിരുന്നു.
തദ്ദേശ സ്വയംഭരണ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മലിനജലം പുറത്തേക്ക് ഒഴുക്കിവിട്ടവർക്കെതിരെയും വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്കെതിരെയും ഒരു ലക്ഷത്തോളം പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തതായി വാർത്താകുറിപ്പ് ഇറക്കിയിരുന്നു.
എന്നാൽ, ബീച്ചിലെ മാലിന്യമൊഴുക്ക് ബന്ധപ്പെട്ടവർ അവഗണിക്കുകയാണ്. സംസ്ഥാന വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം നേടിയെന്ന് അധികൃതര്‍ വാഴ്ത്തുന്ന ചാവക്കാട് ബീച്ചിലാണ് ദുര്ഗന്ധമുയർത്തി മാലിന്യപ്പുഴയൊഴുകുന്നത്. ഇപ്പോഴത്തെ പ്രശ്നം അവസാനിപ്പിക്കാൻ മത്സ്യ മാർക്കറ്റിലെ മാലിന്യം ഒഴുക്കാൻ തെക്കുഭാഗത്തെ റോഡിന് സമീപത്തുകൂടി കാന നിർമിക്കണമെന്ന് നഗരസഭ വാർഡ് കൗൺസിലർ പി.കെ. കബീർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.