ഗവി വീണ്ടും തുറന്നു; സഞ്ചാരികൾക്കായി
text_fieldsചിറ്റാർ: കോവിഡ് കാരണം മാസങ്ങൾ നീണ്ട അവധിക്കുശേഷം ഗവി വിനോദസഞ്ചാര മേഖല സഞ്ചാരികൾക്കായി വീണ്ടും തുറന്നു. കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന ഗവി കാണാൻ ഓണ അവധിയിൽ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഗവി ഇക്കോ ടൂറിസം വനം വകുപ്പ് തുറന്നുനൽകിയത്.
ഓൺലൈൻ വഴി ബുക്ക്ചെയ്ത വാഹനങ്ങളാണ് ആങ്ങമൂഴി കൊച്ചാണ്ടി ചെക്ക്പോസ്റ്റു വഴി കടത്തിവിടുന്നത്. ഒരാൾക്ക് 60 രൂപയും വിദേശികൾക്ക് 120 രൂപയുമാണ് പ്രവേശന ഫീസ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 വാഹനങ്ങൾക്ക് പോകാൻ അനുമതി ലഭിക്കും.
ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർ ആങ്ങമൂഴി ഗൂഡ്രിക്കൽ ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ രാവിലെ എട്ടിന് ടിക്കറ്റ് വാങ്ങി വേണം യാത്ര ആരംഭിക്കാൻ. ആങ്ങമൂഴിയിൽനിന്ന് ഗവിയിലേക്ക് കിളിയെറിഞ്ഞാംകല്ലിൽ വനം വകുപ്പിെൻറ ചെക്ക്പോസ്റ്റ് കടന്നുപോകണം. കേരള വനം വികസന കോർപറേഷൻ സഞ്ചാരികൾക്ക് സൗകര്യമൊരുക്കുന്നുണ്ട്.
വണ്ടിപ്പെരിയാർ വഴി വരുന്നവർക്ക് രാവിലെ ഏഴു മുതൽ വൈകീട്ട് 4.30 വരെ ഗവിയിൽ ചെലവഴിക്കാം. പരിശീലനം ലഭിച്ച ഇക്കോ ടൂറിസത്തിലെ ഗൈഡിെൻറ സേവനം, ഗവി ഡാമിൽ ബോട്ടിങ്, സുരക്ഷിത മേഖലകളിൽ ട്രക്കിങ്, സൈക്ലിങ്, മൂടൽമഞ്ഞു പുതച്ചു കിടക്കുന്ന ചെന്താമരക്കൊക്ക, ശബരിമല വ്യൂ പോയൻറ്, ഏലത്തോട്ടം സന്ദർശനം എന്നിവയടക്കം പ്രത്യേക പാക്കേജാണ്. ഇതിൽ പ്രഭാതഭക്ഷണം, ഉച്ചയൂണ്, വൈകുന്നേരത്തെ ചായ എന്നിവയും ലഭിക്കും.
രാത്രികാല താമസം ആഗ്രഹിക്കുന്നവർക്ക് ഒരു ദിവസം പകൽ രണ്ടു മുതൽ പിറ്റേന്ന് രണ്ടു വരെ ഗവിയിൽ തങ്ങാനുള്ള പാക്കേജുമുണ്ട്. രാവിലെ വനത്തിലൂടെ വാഹനസവാരിക്കും അവസരം കിട്ടും. രാത്രി വനത്തിനുള്ളിൽ ക്യാമ്പ് ചെയ്യാൻ സുരക്ഷിതമായ ടെൻറുകൾ സ്ഥാപിച്ചും സൗകര്യമൊരുക്കും. രാത്രിയുടെ നിശ്ശബ്ദതയിൽ വന്യജീവികളുടെ സാന്നിധ്യം ശബ്ദമായും ഗന്ധമായും കാഴ്ചയായും ചുറ്റുമെത്തുന്നത് അറിയാനാവും.
സീതത്തോടു പഞ്ചായത്തിൽ പെടുന്ന ഗവിയിൽ 100 കിലോമീറ്ററോളം വനത്തിലൂടെയുള്ള യാത്ര നവ്യാനുഭൂതി പകരും. പെരിയാർ കടുവ സങ്കേതത്തിെൻറ സംരക്ഷിത മേഖല കൂടിയാണിവിടം. ഇടുക്കി ജില്ലയുമായി ചേർന്നു കിടക്കുന്ന പ്രദേശം. കാട്ടാനയുടെയും കാട്ടുപോത്തിെൻറയും കൂട്ടം റോഡിലെ നിത്യ കാഴ്ച. കടുവ, പുലി, ആന, മ്ലാവ്, കേഴ, കാട്ടുപൂച്ച, മലയണ്ണാൻ, കുരങ്ങ്, സിംഹവാലൻകുരങ്ങ് തുടങ്ങിയ മൃഗങ്ങളെയും പൊൻമാൻ, മരംകൊത്തി തുടങ്ങി വിവിധ തരത്തിലുള്ള പക്ഷികളെയുമാണ് കാണാൻ കഴിയുന്നത്.
സഞ്ചാരികളെ കാത്ത് ആങ്ങമൂഴി കിളിയെറിഞ്ഞാംകല്ലിനു സമീപം കക്കാട്ടാറിൽ കുട്ടവഞ്ചി സവാരിയുണ്ട്. ഇത് ബുധനാഴ്ച പുനരാരംഭിക്കും. സീതത്തോട് പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള കുട്ടവഞ്ചി സവാരിക്ക് പാസുണ്ട്. 16 കുട്ടവഞ്ചികളാണ് ഒരുക്കിയിട്ടുള്ളത്. ബുക്കിങ്ങിന്: www.kfdcecotourism.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.