സൈക്കിളിൽ ഒമാനെ കണ്ടറിഞ്ഞ് ജർമൻ ദമ്പതികൾ
text_fieldsമത്ര: ഒരു മാസമായി സൈക്കിളില്‍ ഒമാനെ കണ്ടെത്തുകയാണ് ജർമന്‍ ദമ്പതികള്‍. ജർമനിയില്‍നിന്നും ദുബൈയിലെത്തി ഒരു മാസക്കാലം വിവിധ എമിറേറ്റുകളില്‍ കറങ്ങിയ ശേഷമാണ് ഫോഗ്മാന്‍-ഡൈറ്റര്‍ ദമ്പതികള്‍ സുൽത്താനേറ്റിലെത്തിയത്. സംസ്കാരങ്ങളുടെ വൈവിധ്യം കണ്ടെത്താന്‍ അനുയോജ്യമായ മാർഗം സൈക്കിളാണെന്നാണ് ഇരുവരുടെയും പക്ഷം.
സന്ദർശിക്കുന്ന രാജ്യങ്ങളിലെ മുക്കുമൂലകളിലെത്താന് സൈക്കിള്‍ യാത്ര ഉപകരിക്കുമെന്നും ദമ്പതികള്‍ പറയുന്നു. ദുബൈയില്‍നിന്നും സൈക്കിളില്‍ ഒമാനിലെത്തി സലാല ഒഴികെ ഒമാനിലെ ഏതാണ്ടെല്ലാ പ്രദേശങ്ങളും കറങ്ങി. 30 ദിവസമാണ് ഒമാനില്‍ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്. സഞ്ചാരയോഗ്യമായ പല മലമുകളിലേക്കും പോയിട്ടുണ്ട്. ജബല്‍ ഷംസിലേക്ക് പിക്കപ്പില്‍ സൈക്കിള്‍ സഹിതം പോയി സൈക്കിളിലേറിയാണ് ഇറങ്ങിയതെന്ന് ഇവർ പറഞ്ഞു.
ആദ്യമായിട്ടാണ് ഒമാനിലെത്തുന്നത്. ഇത്ര മനോഹരമായ ഭൂപ്രദേശങ്ങളെയും സ്നേഹസമ്പന്നരായ ജനങ്ങളെയും അടുത്തറിയാന്‍ വൈകിയതില്‍ നിരാശയുണ്ട്. നേരത്തെ വന്ന് കണ്ട് ആസ്വദിക്കേണ്ട പ്രദേശങ്ങളാണ് ഒമന്റേത്. സൂര്, നിസവ, റാസല്‍ഹദ്ദ്... ഒമാന്റെ മലനിരകളെല്ലാം മനോഹരമായ അനുഭവങ്ങളാണ് സമ്മാനിച്ചതെന്നും ദമ്പതികള്‍ പറയുന്നു.
യൂറോപ്പിലെ വിവിധ രാജ്യങ്ങളും സൈക്കിളില്തന്നെയാണ് സന്ദർശിച്ചത്. യാത്രക്കും താമസത്തിനും മറ്റും വേണ്ട അത്യാവശ്യം സാധനസാമഗ്രികളൊക്കെ ഇരുവരുടെയും സൈക്കിളില്‍ ഭദ്രമായി കെട്ടിയൊതുക്കി വെച്ചിട്ടുണ്ട്. നാട്ടില്‍ എയറനോട്ടിക്കല് എൻജിനീയറായിരുന്നു. ഫോഗ്മാന്‍ റിട്ടയേർഡ് ആയ ശേഷമാണ് നിരന്തര യാത്ര തുടങ്ങിയത്.
ഭാര്യ ഡൈറ്റര്‍ സോഫ്റ്റ്വെയർ എൻജനീയറിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഒമാനിലെ സന്ദർശനം പൂര്‍ത്തിയാക്കി സൈക്കിളില്‍തന്നെ ദുബൈയിലേക്ക് മടങ്ങി അവിടെനിന്ന് ജര്‍മനിയിലേക്ക് പോകണമെന്നാണ് ഇരുവരുടെയും യാത്രാ പ്ലാന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.