കോഴിക്കോടൻ കാറ്റിൽ മനം നിറഞ്ഞ് തോർബെനും മിച്ചിയും
text_fieldsകോഴിക്കോട്: കാരവനില്‍ ലോകം ചുറ്റാനിറങ്ങിയ ജർമൻ ദമ്പതികളായ തോർബെനും മിച്ചിയും കോഴിക്കോട്ടെത്തി. ആറുവയസ്സുള്ള മകനും ഒമ്പതുവയസ്സുള്ള മകൾക്കുമൊപ്പമാണ് ഇവരുടെ ലോകസഞ്ചാരം. 90ലധികം രാജ്യങ്ങളില്‍ സഞ്ചരിച്ച കുടുംബം കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ബുധനാഴ്ച വൈകീട്ടാണ് കോഴിക്കോട്ടെത്തിയത്.
കടലോരം ആസ്വദിച്ചാണ് കോഴിക്കോട്ടെ വിനോദസഞ്ചാര മേഖലയിലൂടെയുള്ള ഇവരുടെ യാത്ര തുടങ്ങിയത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇവരെ കഴിഞ്ഞദിവസം വിഡിയോ കാളിലൂടെ സ്വാഗതം ചെയ്തിരുന്നു. മന്ത്രിയുമായുള്ള കൂടിക്കാഴ്ച സന്തോഷം പകരുന്നതായിരുന്നുവെന്ന് തോർബെനും മിച്ചിയും പറഞ്ഞു.
കേരളത്തിലെ മികച്ച അനുഭവങ്ങൾ ലോകവുമായി പങ്കുവെക്കുമെന്ന് അവർ പറഞ്ഞു. മന്ത്രിയുടെ പിന്തുണ തങ്ങളെപോലുള്ള വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രചോദനമാണെന്നും ദമ്പതികള്‍ പറഞ്ഞു. @hippie.trail എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ ട്രാവൽ വ്ളോഗ് ചെയ്യുന്ന തോർബെനും മിച്ചിയും കേരളത്തെ ലോകത്തിന് പരിചയപ്പെടുത്തും.
സോഫ്റ്റ്വെയര് എൻജിനീയറായ തോർബെനും എഴുത്തുകാരിയായ മിച്ചിയും കാരവനിൽ ലോകം ചുറ്റാനാരംഭിച്ചത് 12 വർഷം മുമ്പാണ്. ഇതിനായി ചെറുകുടുംബത്തിന് കഴിയാവുന്ന തരത്തിൽ വാഹനം രൂപകൽപന ചെയ്തു.
ഭക്ഷണം പാകം ചെയ്തും കാരവനിൽ കിടന്നുറങ്ങിയുമുള്ള യാത്ര അങ്ങനെ 90 രാജ്യങ്ങൾ കടന്ന് 2021 ആഗസ്റ്റിൽ ഇന്ത്യയിലുമെത്തി. നവംബറിലാണ് കേരളത്തിൽ എത്തിയത്. കോഴിക്കോട്ടെ സഞ്ചാരം കഴിഞ്ഞ് ഇനിയിവർ വയനാട്ടിലേക്കും മലബാറിലെ മറ്റു ജില്ലകളിലേക്കും തിരിക്കും.
കോഴിക്കോട്ട് വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി. മനോജ്, ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി ടി. നിഖില്‍ദാസ്, ഉത്തരവാദിത്ത ടൂറിസം ജില്ല കോഓഡിനേറ്റര്‍ ശ്രീകല ലക്ഷ്മി എന്നിവര്‍ ചേർന്ന് ദമ്പതികളെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.