റോളർ സ്കേറ്റിൽ ലഡാക്കിലേക്ക് ഗിൽബർട്ടിെൻറ മഹായാത്ര
text_fieldsതൊടുപുഴ: ഇടുക്കി ബൈസൺവാലി ഇരുപതേക്കർ സ്വദേശി 24കാരൻ ഗിൽബർട്ട് ഒരു അപൂർവ യാത്രയിലാണ്. ജന്മനാട്ടിൽനിന്ന് എട്ട് സംസ്ഥാനങ്ങളും 4000 കിലോമീറ്ററും താണ്ടി റോളർ സ്കേറ്റിൽ കശ്മീരിലൂടെ ലഡാക്കിലേക്കാണ് ഇൗ യുവാവിെൻറ സാഹസികയാത്ര. ഒരാൾ ഇത്രയും ദൂരം റോളർ സ്കേറ്റിൽ യാത്ര ചെയ്യുന്നത് രാജ്യത്ത് ആദ്യമാണെന്ന് ഗിൽബർട്ട് പറയുന്നു.
ഇരുപതേക്കർ പുളിക്കകുടിയിൽ പരേതനായ ജോസഫിെൻറയും മോളിയുടെയും ഇളയമകനാണ് ഗിൽബർട്ട്. പ്ലസ്ടുവരെ പഠിച്ചശേഷം നാട്ടിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലിചെയ്യുന്നു. യാത്രകളോട് കുട്ടിക്കാലം മുതൽ കമ്പമുണ്ട്. ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്നപ്പോഴാണ് റോളർ സ്കേറ്റിങ് പഠിക്കാൻ തോന്നിയത്. സ്കേറ്റിങ് ഷൂ വാങ്ങി നാട്ടിലെ മൈതാനങ്ങളിലും സ്കൂൾ വരാന്തകളിലും സ്വയം പ്രാക്ടീസ് ചെയ്തു. റോഡിലും സഞ്ചരിക്കാമെന്നായപ്പോൾ ആത്മവിശ്വാസമായി. ഇതുവരെ ആരും പരീക്ഷിക്കാത്ത റോളർ സ്േകറ്റിൽത്തന്നെ ലഡാക്കിലേക്ക് ഒരു യാത്രയായാലോ എന്നായി പിന്നത്തെ ചിന്ത. വീട്ടുകാരും കൂട്ടുകാരും കട്ട സപ്പോർട്ടുമായി കൂടെ നിന്നു.
നവംബർ ഒന്നിനാണ് യാത്ര തുടങ്ങിയത്. കാസർകോടെത്തിയപ്പോൾ സ്ക്കേറ്റിങ് ഷൂ കേടായി. കൂട്ടുകാരുടെ സഹായത്തോടെ 11,000 രൂപക്ക് ബംഗളൂരുവിൽനിന്ന് പുതിയതൊരെണ്ണം സ്വന്തമാക്കി യാത്ര തുടർന്നു.
28 ദിവസംകൊണ്ട് 1000 കിലോമീറ്റർ പിന്നിട്ട് ശനിയാഴ്ച മഹാരാഷ്ട്രയിലെ സുന്ധുദുർഗയിലെത്തി. ലഡാക്കിലെത്താൻ 90 ദിവസമാണ് യാത്ര തുടങ്ങുേമ്പാൾ കണക്കുകൂട്ടിയത്. ഇപ്പോഴത്തെ അവസ്ഥയിൽ 75 ദിവസം കൊണ്ടെത്താനാകുമെന്ന് ഗിൽബർട്ട് പറഞ്ഞു. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാണ് യാത്ര. ദിശാബോർഡുകളും ഗൂഗിൾ മാപ്പുമാണ് വഴികാട്ടി. 20 കിലോമീറ്ററോളം സഞ്ചരിച്ചാൽ അരമണിക്കൂർ വിശ്രമം.
പൊളിഞ്ഞ വഴികളിൽ നടന്നും വലിയ കയറ്റങ്ങളിൽ അതുവഴിയെത്തുന്ന ബൈക്കിനുപിന്നിൽ പിടിച്ചുനിന്നുമാണ് യാത്ര. രാവിലെയും വൈകീട്ടും മാത്രമാണ് ഭക്ഷണം. വെള്ളവും പഴങ്ങളുമാണ് കൂടുതൽ. എത്തുന്നിടങ്ങളിലെല്ലാം എല്ലാ ഭാഷക്കാരും മികച്ച പിന്തുണയാണ് നൽകുന്നതെന്നും ഭക്ഷണമടക്കം ഒരുക്കിനൽകാറുണ്ടെന്നും ഗിൽബർട്ട് പറയുന്നു. രാത്രി ആരാധനാലയങ്ങളിലോ പെട്രോൾ പമ്പുകളിലോ കഴിച്ചുകൂട്ടും. വഴിയിൽ പൊലീസിെൻറ സഹായവുമുണ്ട്. ചിലയിടങ്ങളിലെ തെരുവുനായ ശല്യം ഒഴിച്ചാൽ മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇതുവരെ ഉണ്ടായില്ല. ക്രിസ്റ്റി, ബെറ്റി എന്നിവരാണ് ഗിൽബർട്ടിെൻറ സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.