ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിക്ക് കുമരകത്ത് തുടക്കം
text_fieldsകുമരകം: കേരളത്തിന്റെ വിനോദ സഞ്ചാരചരിത്രത്തിൽ നാഴികക്കല്ലാണ് ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി എന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാനത്ത് നടപ്പാക്കിയ സ്ട്രീറ്റ് പദ്ധതി ആഗോള തലത്തിൽ തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ എത്തിക്കുന്നതിനും ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റിയായി മാറ്റാനുമുള്ള തീരുമാനം സര്‍ക്കാരെടുത്തിട്ടുണ്ട്.
കൂട്ടായ പ്രവര്‍ത്തനവും കഠിനാധ്വാനവുമാണ് ഇന്ന് കാണുന്ന രീതിയിലേക്ക് ഉത്തരവാദിത്ത ടൂറിസം മിഷനെ എത്തിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. തോമസ് ചാഴിക്കാടന് എം.പി മുഖ്യാതിഥി ആയിരുന്നു. ഉത്തരവാദിത്ത ടൂറിസം പദ്ധതിയെക്കുറിച്ചുള്ള വിഡിയോ പ്രകാശനം അഡി. ചീഫ് സെക്രട്ടറി വി. വേണു നിര്‍വഹിച്ചു.
ഉത്തരവാദിത്ത ടൂറിസം മുന്നേറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് അവതരിപ്പിച്ചു. ഉച്ചകോടിയുടെ ബ്രോഷര്‍ ജില്ല കലക്ടര്‍ ഡോ. പി.കെ. ജയശ്രീ പുറത്തിറക്കി. ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ബ്ലോക്ക് പഞ്ചായത്തംഗം മേഖല ജോസഫ്, ഗ്രാമപഞ്ചായത്തംഗം പി. കെ. മനോഹരന്, ഉത്തരവാദിത്ത ടൂറിസം മിഷന് സംസ്ഥാന കോഓഡിനേറ്റര്‍ കെ.രൂപേഷ് കുമാര്‍, അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം കേന്ദ്രം സ്ഥാപകന്‍ ഡോ. ഹാരോള്‍ഡ് ഗുഡ്വിന് പരിപാടിയില്‍ പങ്കെടുത്തു.
രാജ്യത്തിനകത്തും പുറത്തുനിന്നുമായി 70 പ്രഭാഷകരും 280 പ്രതിനിധികളുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 28ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.