യാത്രക്കാർക്ക് സന്തോഷ വാർത്ത; വിമാന ടിക്കറ്റ് നിരക്കിൽ 40 ശതമാനം വരെ കുറവിന് സാധ്യത
text_fieldsമാർച്ച് 27 മുതൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാനും അന്താരാഷ്ട്ര വിമാന ഗതാഗതം പുനരാരംഭിക്കാനുമുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനം വന്നതോടെ ടിക്കറ്റ് നിരക്കിൽ വലിയ കുറവിന് സാധ്യത. വിമാന ടിക്കറ്റ് നിരക്കിൽ ഏകദേശം 40 ശതമാനത്തോളം കുറവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
രണ്ട് വർഷത്തെ കോവിഡ് ലോക്ഡൗണുകൾക്കും നിയന്ത്രണങ്ങൾക്കും ശേഷം യാത്രകൾ സജീവമായിട്ടുണ്ട്. ഇതിന്റെ ഭാഗാമയി ലോകമെമ്പാടുമുള്ള എയർലൈനുകൾ സർവിസുകളുടെ എണ്ണവും വർധിപ്പിക്കുകയാണ്. 2022ൽ യാത്രാ പ്രവണതകൾ കൂടുതൽ വർധിക്കുമെന്നാണ് പ്രതീക്ഷ.
ലുഫ്താൻസ എയർലൈൻസും അതിന്റെ ഗ്രൂപ്പ് കാരിയറായ സ്വിസ് ഇന്റർനാഷനൽ എയർ ലൈൻസും വരും മാസങ്ങളിൽ നിലവിലേതിനേക്കാൾ ഇരട്ടി വിമാനങ്ങൾ സർവിസ് നടത്താൻ തീരുമാനിച്ചു. സിംഗപ്പൂർ എയർലൈൻസും വിമാനങ്ങൾ 17 ശതമാനം വർധിപ്പിക്കും. ഇന്ത്യൻ കമ്പനിയായ ഇൻഡിഗോ ഏതാനും മാസങ്ങൾക്കുള്ളിൽ 100 ആഗോള വിമാന സർവിസുകൾ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ്.
കോവിഡിനെ തുടർന്ന് സാധാരണ അന്താരാഷ്ട്ര വിമാന സർവിസുകൾ നിരോധിച്ചതോടെ മറ്റ് രാജ്യങ്ങളുമായുള്ള എയർ ബബിൾ കരാറുകൾക്ക് കീഴിലാണ് ഇന്ത്യ വിമാന സർവിസുകൾ പ്രവർത്തിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം മിക്കപ്പോഴും പരിമിതമായ സീറ്റുകളിൽ മാത്രമേ ബുക്ക് ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. ഇതുകാരണം വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവാണ് ഉണ്ടായത്.
ചില റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് 100 ശതമാനം വരെ ഉയർന്നു. സർവിസുകൾ സാധാരണ നിലയിലാകുന്നതോടെ ടിക്കറ്റ് നിരക്കിൽ വലിയ കുറവാണ് ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.