മൂന്നാറിൽ കെ.എസ്.ആര്.ടി.സി സൈറ്റ് സീയിങ് യാത്രക്ക് മികച്ച തുടക്കം; ആദ്യദിനം 23 സഞ്ചാരികൾ
text_fieldsമൂന്നാര്‍: സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന കെ.എസ്.ആർ.ടി.സിയുടെ സൈറ്റ് സീയിങ് പദ്ധതിക്ക് മൂന്നാറിൽ തുടക്കം. മൂന്നാറിൽ നിന്നാരംഭിച്ച് ടോപ് സ്റ്റേഷന് വരെയെത്തി മൂന്നാറിലേക്ക് മടങ്ങിയെത്തുന്ന യാത്രക്ക് ആദ്യദിവസം 23 സഞ്ചാരികള്‍ ഈ അവസരം പ്രയോജനപ്പെടുത്തി.
കെ.എസ്.ആര്.ടി.സി ബസില്‍ ഡിപ്പോയില്‍നിന്ന് രാവിലെ ഒമ്പതിന് ആരംഭിച്ച ട്രിപ്പ് വൈകീട്ടോടെ മൂന്നാറില്‍ മടങ്ങിയെത്തി. ഈ യാത്രക്കിടയിലെ പ്രമുഖ കേന്ദ്രങ്ങളായ ഫോട്ടോ പോയൻറ്, മാട്ടുപ്പെട്ടി, എക്കോ പോയൻറ്, കുണ്ടള എന്നിവിടങ്ങളിൽ ബസ് നിര്‍ത്തുകയും സഞ്ചാരികള്‍ക്ക് ഈ സ്ഥലങ്ങളില്‍ ചെലവഴിക്കുന്നതിന് സൗകര്യമൊരുക്കുകയും ചെയ്തു.
ഒരാള്‍ക്ക് 250 രൂപയാണ് ഇതിനായി ഈടാക്കുന്നത്. ടൂറിസത്തിലേക്ക് കൂടുതല്‍പേരെ ആകര്‍ഷിക്കുവാനും അതുവഴി കെ.എസ്.ആര്.ടി.സി ബസിന് വരുമാന മാർഗമുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞദിവസം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് പദ്ധതി പ്രഖ്യാപിച്ചത്.
പദ്ധതിക്ക് ആദ്യദിവസം തന്നെ നല്ല പ്രതികരണമാണ് ലഭിച്ചത്. കൂടുതല്‍പേര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്. ഇതുപോലെ കാന്തല്ലൂരിലേക്കും സർവിസ് നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് കെ.എസ്.ആര്.ടി.സി അധികൃതര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.