സാന്റ്ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രം; നവീകരണ പ്രവൃത്തി നിലച്ചു
text_fieldsവടകര: സർക്കാർ ഗ്രീൻ കാർപെറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം തുടങ്ങിയ സാന്റ്ബാങ്ക്സ് പ്രവൃത്തി നിലച്ചു. പ്രവൃത്തി പാതിയിലാക്കി കരാറുകാർ മുങ്ങിയിട്ട് ആറുമാസം പിന്നിട്ടെങ്കിലും പൂർത്തീകരിക്കാൻ നടപടികളുണ്ടായിട്ടില്ല.
നടപ്പാതകൾ ലാൻഡ്സ്കേപ്പിങ്, ബോട്ട് ജെട്ടി നിർമാണം, ശുചിമുറി, ജലവിതരണം, ഓപൺ ജിം, നടപ്പാതകൾ, വെളിച്ച സംവിധാനമുൾപ്പെടെയുള്ള പ്രവൃത്തിയാണ് പാതിവഴിയിൽ കിടക്കുന്നത്. ഡി.ടി.പി.സിയുടെ മേൽനോട്ടത്തിലാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്.
സംസ്ഥാന സർക്കാർ നിർമാണ പ്രവർത്തനങ്ങൾക്കായി 2,26,98,818 രൂപയാണ് അനുവദിച്ചത്. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ അധികൃതർ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. കോവിഡിന് ശേഷം സാന്റ്ബാങ്ക്സിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.
വിദൂരങ്ങളിൽനിന്നടക്കം സഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടം മികച്ച നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾ ഫലം കാണാതെ പോകുന്ന അവസ്ഥയാണ്. ബോട്ട് ജെട്ടി നിർമാണം അവസാന ഘട്ടത്തിലെത്തി നിൽക്കേ തകർന്നതോടെ ഇതിന്റെ ഭാഗങ്ങൾ കരയിലേക്ക് മാറ്റിയിട്ടിരിക്കുകയാണ്.
സാന്റ്ബാങ്ക്സിന് അനുയോജ്യമായ തരത്തിലുള്ള ബോട്ട് ജെട്ടി നിർമാണമല്ല നടക്കുന്നതെന്ന ആക്ഷേപമുണ്ടായിരുന്നു. ടൂറിസം ഡിപ്പാർട്ട്മെന്റ് സാന്റ്ബാങ്ക്സുമായി ബന്ധപെടുത്തി വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും നടപ്പാവാതെ പോവുകയാണ്. സാന്റ്ബാങ്ക്സിനെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുമെന്ന വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനവും ഫയലിലുറങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.