താമസക്കാർ ആകെ 700, പ്രതിദിനമെത്തുന്നത് 10000 പേർ; ‘ടൂറിസ്റ്റ് ശല്യ’ത്തിനെതിരെ പ്രതിഷേധവുമായി ഒരു നാട്
text_fieldsവിയന്ന: ആകെ 700 പേർ താമസിക്കുന്ന സ്ഥലം. എന്നാൽ, ദിവസവും അവിടെ സന്ദർശനത്തിനെത്തുന്നത് പതിനായിരത്തിലേറെ പേർ. ടൂറിസ്റ്റുകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ആസ്ട്രിയയിലെ ഹാൾസ്റ്റാറ്റ് എന്ന ടൗൺ. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച സ്ഥലമാണിത്. ടൂറിസ്റ്റുകളുടെ ‘ശല്യം’ സഹിക്കവയ്യാതെ പ്രത്യക്ഷ പ്രതിഷേധങ്ങളിലേക്ക് നീങ്ങുകയാണ് പ്രദേശവാസികൾ.
പ്രതിദിനം ഹാൾസ്റ്റാറ്റിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം നിയന്ത്രിക്കണമെന്ന് ഏറെ നാളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. വൈകീട്ട് അഞ്ചുമണി കഴിഞ്ഞാൽ ഇവിടേക്കുള്ള ടൂറിസ്റ്റ് ബസുകളുടെ പ്രവേശനം നിയന്ത്രിക്കണമെന്നും അവർ ആവശ്യമുന്നയിക്കുന്നു. ഹാൾസ്റ്റാറ്റിന്റെ സാമ്പത്തിക ഉന്നമനത്തിന് ടൂറിസം വഴിയൊരുക്കുമെന്നത് അംഗീകരിക്കുമ്പോൾ തന്നെ, ക്രമാതീതമായ ഈ സന്ദർശക പ്രവാഹത്തിൽ തങ്ങളുടെ ദൈനംദിന ജീവിതം പൊറുതിമുട്ടുന്നതിന്റെ അസഹ്യത പരസ്യമായി പ്രകടിപ്പിക്കുകയാണിവർ.
പുരാതനശൈലിയിൽ നിർമിച്ച മനോഹര ഭവനങ്ങളും പർവതങ്ങളാൽ ചുറ്റപ്പെട്ട ആൽപൈൻ തടാകവുമൊക്കെ ചേർന്ന് പ്രകൃതി ഭംഗിയാർന്ന പ്രദേശം സമീപകാലത്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി മാറുകയായിരുന്നു. തടാകത്തിന്റെ പശ്ചാത്തലത്തിലും ചർച്ച് ടവറിലും പർവതക്കാഴ്ചകളുടെ മനോഹാരിതയിലും സെൽഫി പകർത്തുന്ന സഞ്ചാരികളെ ഏറെ കാണാം. പകൽ സമയങ്ങളിലാണ് കൂടുതൽ ടൂറിസ്റ്റുകളെത്തുന്നത്. സഞ്ചാരികളുമായെത്തുന്ന വലിയ ബസുകൾ സൃഷ്ടിക്കുന്ന ദുരിതങ്ങൾ ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. വാഹന ബാഹുല്യം കനത്ത ഗതാഗതക്കുരുക്കിനും തങ്ങളുടെ സഞ്ചാരത്തിനും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
കാഴ്ചകൾ കാണാനെത്തുന്നവരുടെ ബഹളവും വാഹനത്തിരക്കും കാരണം, സെൽഫിയെടുക്കുന്നവരെ തടയാൻ ആൽപ്സിന്റെ കാഴ്ച മറച്ച് നാട്ടുകാർ വലിയ ബോർഡ് വെച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഇത് ചർച്ചയായതോടെ പിന്നീട് മാറ്റുകയായിരുന്നു. തുടർന്ന് ടൂറിസ്റ്റ് ബാഹുല്യം ഉയർത്തുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹാൾസ്റ്റാറ്റ് മേയർ തന്നെ രംഗത്തെത്തി. ഹാൾസ്റ്റാറ്റിലെത്തുന്ന ബസുകളുടെ എണ്ണം മൂന്നിലൊന്നായി കുറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.