ദേശസ്നേഹത്തിന്റെ വർണ ചക്രം തിരിച്ച് ഹംസ
text_fieldsഅന്നം നല്കുന്ന രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സൈക്കിള്‍ യാത്രയുമായി മലയാളി യുവാവ്. യു.എ.ഇയുടെ അന്‍പത്തി രണ്ടാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശി ഹംസ എളയോടത്ത് രാജ്യത്തിന്റെ പതാകകളാല്‍ അലങ്കരിച്ച തന്റെ സൈക്കിളില്‍ രാജ്യം മൊത്തം കറങ്ങാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
അബൂദബി മുസഫയില്‍ ജോലി ചെയ്യുന്ന ഹംസ യു.എ.ഇയുടെ പതാക ദിനമായ നവംബര്‍ മൂന്നിനാണ് തന്റെ സാഹസത്തിന് ഇറങ്ങിയത്. സപ്ത വര്‍ണ്ണങ്ങള്‍ പോലെ മനോഹരമായ യു.എ.ഇയുടെ ഏഴ് എമിറേറ്റുകളും ചവിട്ടിക്കറങ്ങി എല്ലാ കാഴ്ച്ചകളും കണ്ട് ദേശീയ ദിനമായ ഡിസംബര്‍ രണ്ടിനേ മടങ്ങിയെത്തൂ. തന്റെ യാത്രാ വാഹനമായ സൈക്കിള്‍ യു.എ.ഇയുടെ പതാകകളാല്‍ മനോഹരമായി അലങ്കരിച്ചിരിക്കുകയാണ് ഈ മലയാളി.
ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഈ രാജ്യത്തോടുള്ള തന്റെ കടപ്പാടിന്റെ ഭാഗമായാണ് ഹംസ ഈ യാത്ര സംഘടിപ്പിക്കുന്നത്. എട്ടു വര്‍ഷമായി അബൂദബിയിലുള്ള ഇദ്ദേഹം കഴിഞ്ഞ ഏഴു വര്‍ഷമായി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൈക്കിള്‍ യാത്ര സംഘടിപ്പിക്കുന്നുണ്ട്. ഹംസ ആദ്യമായാണ് ഏഴ് എമിറേറ്റുകള്‍ താണ്ടിയുള്ള സൈക്കിള്‍ യാത്രക്ക് ഒരുങ്ങിയത്.
അബൂദാബി, ദുബായ്, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകള്‍ താണ്ടിയുള്ള യാത്രക്ക് ആവശ്യമായ ഒരുക്കങ്ങളോടെയാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.ഹംസ താണ്ടുന്ന വഴിയില്‍ കാണുന്ന നിരവധി സഹോദരങ്ങളാണ് ആശംസകളും ഉപഹാരങ്ങളുമായി ഹംസയെ നെഞ്ചോട് ചേര്‍ക്കുന്നത്. ഒരുമാസം നീളുന്ന യാത്രയില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ പരമാവധി കടന്നുപോകാനുള്ള ശ്രമത്തിലാണ് ഈ പ്രവാസി മലയാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.