Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഹൃദയം നിറയെ ഖബാല

ഹൃദയം നിറയെ ഖബാല

text_fields
bookmark_border
ഹൃദയം നിറയെ ഖബാല
cancel
camera_alt

സഈദ നടേമ്മലും കുടുംബവും

അസർബയ്ജാൻ എന്ന് കേട്ടിട്ടുണ്ടെങ്കിലും ഖബാല എന്നൊരു സ്ഥലത്തെ പറ്റി അറിയില്ലായിരുന്നു. പെട്ടെന്ന് പോയി വരാൻ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന നിലയ്ക്കാണ് അസർബയ്ജാൻ തെരഞ്ഞെടുത്തത്. അബൂദബിയിൽനിന്ന് വിസ് എയർ വിമാനത്തിൽ മൂന്ന് മണിക്കൂർ പറന്ന് അസർബയ്‌ജാൻ തലസ്ഥാനമായ ബാക്കുവിൽ രാവിലെ ഒമ്പതിന് വിമാനമിറങ്ങി.

വിമാനത്താവളത്തിൽ 30 ഡോളർ അടച്ച് ഓൺ അറൈവൽ വിസ എടുത്ത് (യു.എ.ഇ റെസിഡന്‍റ് വിസക്കാർക്ക് ഓൺ അറൈവൽ വിസ ലഭിക്കും) പുറത്തിറങ്ങിയപ്പോഴേക്കും ടൂർ ഏജൻറ് പറഞ്ഞയച്ച ഡ്രൈവർ ഇസ്മയിൽ കാറുമായി ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ബാക്കുവിൽ നിന്നും നാല് മണിക്കൂറോളം യാത്ര ചെയ്ത് ഖബാല (Gabala) എന്ന സ്ഥലത്തേക്കാണ് ഞങ്ങളുടെ ആദ്യത്തെ സന്ദർശനം. കയ്യിൽ കരുതിയിരുന്ന ലഘുഭക്ഷണം കഴിച്ചതിനാൽ തൽക്കാലം റസ്റ്റാറൻറിലൊന്നും കയറാൻ നിന്നില്ല.

മലകളും താഴ്വരകളും അരുവികളും കൊണ്ട് മനോഹരമായ ഖബാലയിലെത്തിയപ്പോൾ വിമാനമിറങ്ങിയ രാജ്യത്തിൽ തന്നെയാണോ ഇതെന്ന് തോന്നിപ്പോയി. നഗരത്തിന്‍റെ തിക്കും തിരക്കും വിളർച്ചയുമൊന്നും തൊട്ട് തീണ്ടിയിട്ടില്ലാത്ത സ്വച്ഛമായ ഗ്രാമാന്തരീക്ഷം മനസ്സിന് വല്ലാത്ത ഉൻമേഷം പകർന്നു. വിശാലമായ പാടങ്ങളിൽ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരും മേയുന്ന കുതിരയും ചെമ്മരിയാടുകളും പച്ചപ്പുടവയണിഞ്ഞ മലനിരകളും കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചകളായിരുന്നു.

ഏഴ് നില വെള്ളച്ചാട്ടം

പല നിലകളിലായി തുള്ളിയൊഴുകുന്ന വെള്ളച്ചാട്ടം കാണാനാണ് ആദ്യം പോയത് (Yeddi Gozel Water Fall). ഈ പേരിന്‍റെ അർത്ഥം സെവൻ ബ്യൂട്ടീസ് എന്നാണ്. മുകളിൽ നിന്നും ഏഴ് നിലകളിലായി ഒഴുകിയാണ് ഇത് താഴേക്ക് എത്തുന്നത്. അതുകൊണ്ടാണ് ഈ പേര് കിട്ടിയത്. വെള്ളച്ചാട്ടം കാണാൻ താഴെ നിന്നും മുകളിലേക്ക് പടവുകൾ കെട്ടിയിട്ടുണ്ട്. ഏറ്റവും മുകളിൽ നിലയിലേക്ക് പ്രകൃതി ഒരുക്കിയ വഴിയിലൂടെ വേണം കയറി പോകാൻ. അത്ര സാഹസികമല്ലാത്തത് കൊണ്ട് അവിടെ എത്തുക പ്രയാസമുള്ള കാര്യമല്ല. ചിതറിതെറിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ നനുത്ത സ്പർശമേറ്റ് വിശ്രമിക്കാൻ ഒരു ചെറിയ കോഫി ഷോപ്പും അവിടെയുണ്ട്.

മനം കവരും റസ്റ്റാറൻറ്

കാര്യമായി ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ വിശപ്പ് മുട്ടി വിളിക്കാൻ തുടങ്ങിയിരുന്നു. നുഹൂർ ലേക്കിനോട് ചേർന്ന മനോഹരമായ റസ്റ്റാറൻറിലേക്കാണ് ഇസ്മായിൽ ഞങ്ങളെ കൊണ്ടു പോയത്. തടാകത്തോട് ചേർന്ന് തുറന്ന രീതിയിൽ ക്രമീകരിച്ച ടേബിളുകളൊന്നിൽ സ്ഥലം പിടിച്ചു. പിന്നീടാണ് വെള്ളത്തിന് മുകളിലായി ഒരു ഡൈനിങ് ഇടം കണ്ടത്. വെള്ളത്തിന് മുകളിലൂടെ ചെറിയ മരപ്പാലത്തിലൂടെ വേണം അവിടെയെത്താൻ. മറ്റാരെങ്കിലും കയ്യടക്കും മുൻപ് ആ സ്ഥലം അല്പ നേരം സ്വന്തമാക്കാൻ കൂടുതൽ ആലോചിക്കാനുണ്ടായിരുന്നില്ല.

നീലജലത്തിൽ നീന്തി തുടിക്കുന്ന വെളുത്ത അരയന്നങ്ങളും തടാകത്തിന്‍റെ മറുകരയിൽ മരങ്ങളുടെ പച്ചപ്പിൽ മൂടിയ മലനിരയും കണ്ട് ഭക്ഷണം കഴിക്കുക എന്നത് എത്ര ആഹ്ലാദകരമാണ് !! ടർക്കിഷ് കബാബും എരിവും പുളിയുമൊക്കെ നൃത്തം ചെയ്യുന്ന വിവിധ തരം സൈഡ് ഡിഷുകളും ചൂടുള്ള പതുപതുത്ത റൊട്ടിയും കൂടിച്ചേർന്നാലുള്ള ഒരു രംഗ വിസ്മയം നാവിലും നടനമാടി. നുഹൂർ ലേക്ക് മനുഷ്യ നിർമ്മിത തടാകമാണെന്ന് കണ്ടാൽ തോന്നുകയേ ഇല്ല. അത്രയ്ക്ക് പ്രകൃതിയുമായി ചേർന്ന് നിൽക്കുന്ന മനോഹാരിതയാണ് അതിനുള്ളത്. ടൂറിസ്റ്റുകൾക്കായി പെഡൽ ബോട്ട്, പോണി റൈഡ് എന്നിവയും അവിടെ ഒരുക്കിയിട്ടുണ്ട്.

തടാകത്തിന്‍റെ വശ്യസൗന്ദര്യം കണ്ണിൽ കോരിനിറച്ച ശേഷം പിന്നീട് പോയത് മലനിരകളുടെ വന്യഭംഗിയിൽ കോർത്ത് വെച്ച കേബിൾ കാർ റൈഡിനായിരുന്നു. ആകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി ഇത്രയേറെ സുന്ദരിയാണോ എന്ന് അത്ഭുതപ്പെടും. നെറുകയിൽ തൂമഞ്ഞണിഞ്ഞ നീലിച്ച മലകളെ എത്ര നോക്കിനിന്നാലും മതിയാവാത്ത പോലെ. പച്ചത്തഴപ്പാർന്ന താഴ്വാരങ്ങളിലെ കുഞ്ഞ് വീടുകൾ, മേയുന്ന പശുക്കൾ.. കേബിൾ കാറിലെ ആകാശയാത്ര ഒരു അനുഭൂതി തന്നെയായിരുന്നു.

മഞ്ഞ് കാലമായാൽ ഹരിതാഭയക്ക് പകരം വെളുത്ത ഹിമ പുതപ്പിനുള്ളിൽ ഉറങ്ങുന്ന പ്രകൃതിയുടെ തിളക്കമാണ് സഞ്ചാരികളെ ആകർഷിക്കുക. ആകാശകാറിൽ നിന്നും ഇറങ്ങി വന്നപ്പോഴേക്കും സൂര്യൻ ഉറക്കം തൂങ്ങി തുടങ്ങിയിരുന്നു. ഖബാല ഗാർഡൻസ് ഹോട്ടലിലെ ശയ്യയുടെ ഊഷ്മളതയിലേക്ക് നിദ്രയുടെ ക്ഷണം സ്വീകരിച്ച് ഞങ്ങളും..

പ്രകൃതിയുടെ നിറവിൽ ഒരു കുഞ്ഞുകൊട്ടാരം

സുഖമായ ഉറക്കത്തിനും സമൃദ്ധമായ പ്രാതലിനും ശേഷം ഷേകി ഖാൻസ് പാലസ് കാണാൻ പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ മഴമേഘങ്ങൾ ബാഷ്പ ഹാരവുമായ് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അഞ്ച് മന്നത് ടിക്കറ്റിനും അഞ്ച് മന്നത് ഗൈഡിനും കൊടുത്ത് പാലസിന്‍റെ ഗേറ്റിലൂടെ അകത്ത് കടന്നു. ഹുസൈൻ ഖാൻ മുഷ്താദ് എന്ന അസർബയ്ജാൻ ഭരണാധികാരിയുടെ വേനൽക്കാല വസതിയായിരുന്നു 18ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ചെറു കൊട്ടാരം. ചെടികളും മരങ്ങളുമൊക്കെച്ചേർന്ന് വിരിച്ച തണലും തണുപ്പും പാലസിന് ഗൃഹാതുരത്വം പകരുന്നുണ്ട്.

രണ്ട് നിലകളുള്ള ഈ പാലസിന്‍റെ ഉൾവശത്തെ ചുമരുകളും മേൽക്കൂരയും അതിമനോഹരമായ ചിത്രങ്ങളാൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. പ്രകൃതിയിലെ ചായങ്ങൾ ഉപയോഗിച്ച് വർണ്ണം ചാർത്തിയ ഈ ചിത്രങ്ങൾ ഇന്നും മിഴിവോടെ നിലനിൽക്കുന്നത് അതിശയത്തോടെ നോക്കിക്കണ്ടു. അനുവാദമില്ലാത്തതിനാൽ അകത്ത് ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല. പാലസിന്‍റെ വിവരങ്ങൾ നല്ല രീതിയിൽ തന്നെ ഗൈഡ് പറഞ്ഞ് തരുന്നുണ്ടായിരുന്നു. സറ്റെയിൻഡ് ഗ്ലാസ്സുകളിൽ നിർമ്മിച്ച വലിയ ജനലുകളാണ് ഇവിടുത്തെ മറ്റൊരാകർഷണം.

കടും വർണ്ണങ്ങളിലെ കുഞ്ഞ് ചില്ല് കഷ്ണങ്ങളാൽ അലങ്കരിച്ചിരിക്കുന്ന ജനാലകൾക്ക് പ്രത്യേക ഭംഗിയാണ്. പാലസിന്‍റെ മുറ്റത്ത് ഉയരത്തിൽ വളർന്ന് നിൽക്കുന്ന നൂറ്റാണ്ടുകൾ പിന്നിട്ട രണ്ട് വലിയ മരങ്ങൾക്കുമുണ്ട് രാജകീയ പ്രൗഢി. ആകാശത്തിന്‍റെ ചില്ലകളിൽ നിന്നും ഉതിർന്ന് വീഴുന്ന മഞ്ഞ് പടങ്ങൾ കാറ്റിലൂടൊഴുകി നീങ്ങുന്ന കാഴ്ചയുടെ വശ്യത ആസ്വദിച്ച് കുറച്ച് നേരം ആ കൊട്ടാര മുറ്റത്ത് നിന്നു പോയി. ചെറിയ ചാറ്റൽ മഴയുമായി വന്ന കാറ്റ് ശരീരത്തിലും മനസ്സിലും തണുപ്പിന്‍റെ ഈറൻ സ്പർശം കുടഞ്ഞുകൊണ്ടിരുന്നു.

ഖബാലയിലെ ഏദൻ തോട്ടം

ഇനിയൊരു ഗാർഡനിലേക്കാണ് പോകുന്നതെന്ന് ഡ്രൈവർ പറഞ്ഞപ്പോൾ സാധാരണ കാണാറുള്ള ഗാർഡന്‍റെ ചിത്രം മാത്രമേ മനസ്സിലേക്ക് വന്നുള്ളു. ടാറിട്ട റോഡിൽ നിന്നും ഓഫ് റോഡിലേക്ക് കാർ തിരിഞ്ഞു. ഇരുവശത്തും നീണ്ട ഉയരം കൂടിയ പച്ചപ്പുല്ലുകൾ ഇടതൂർന്ന് നിൽക്കുന്ന വയലുകൾക്ക് നടുവിലൂടെയുള്ള പരുപരുത്ത പാത. കാറിന്‍റെ ചില്ലിൽ ഉരുണ്ട ചെറുതുള്ളികളാൽ ചിത്രം വരയ്ക്കുന്ന നേർത്ത മഴ.. കാറ്റിൽ ഉലഞ്ഞ് താളത്തിലാടുന്ന വിശാലമായ പുൽപ്പാടം.

എനിക്ക് കാറിനുള്ളിൽ ഇരിപ്പുറയ്ക്കുന്നില്ല. 'ഒന്ന് നിർത്താമോ.. എനിക്കൊന്ന് പുറത്തിറങ്ങണം.. '-ഡ്രൈവറോട് ചോദിച്ചു. കാറിൽ നിന്നും ഇറങ്ങി ഞാനാ പച്ചപ്പ് ആവുന്നത്ര കണ്ണിൽ വാരിനിറച്ചു. ഇളകിയാടുന്ന പുൽച്ചെടികളെ തഴുകി, ഹൃദയഹാരിയായ കാറ്റിനോടൊപ്പം കുറച്ച് ദൂരം നടന്നു.. പ്രകൃതി പകർന്നു നൽകുന്ന ആനന്ദം.. സാന്ത്വനം.. അതിശയം.. അത് അനുഭവിക്കാൻകഴിഞ്ഞാൽ യാത്രകൾ സഫലമാവുന്നു. തിരികെ കാറിൽ കയറി അല്പദൂരം മുന്നോട്ട് പോയപ്പോഴേക്കും ഗാർഡനിൽ എത്തി.

ഒരു വീടിനോട് ചേർന്ന് സൃഷ്ടിച്ചെടുത്ത പ്രൈവറ്റ് ബയോഗാർഡൻ ആണത്. വീട്ടുടമസ്ഥയുമായി സംസാരിച്ച ശേഷം ഇസ്മയിൽ ഞങ്ങളെ തോട്ടത്തിലേക്ക് നയിച്ചു. സന്ദർശകരിൽ നിന്നും പൈസ വാങ്ങിയിട്ടാണ് അവർ തോട്ടം കാണാൻ അനുമതി നൽകുന്നത്. വള്ളിപ്പടർപ്പുകൾ കൊണ്ട് മേലാപ്പ് കെട്ടിയ മനോഹരമായ പൂന്തോട്ടം. ഇതുവരെ കണ്ടിട്ടില്ലാത്ത തരം പൂക്കൾക്കൊപ്പം റോസാപ്പൂക്കളുടെ സമൃദ്ധ സാന്നിധ്യം കണ്ണുകൾക്ക് വിരുന്നായി. കുറച്ച് റോസുകൾ ഇസ്മയിൽ ഞങ്ങൾക്ക് പറിച്ചു തന്നു. തുടുത്ത നിറത്തോടൊപ്പം സ്നിഗ്ധ സുഗന്ധവുമുള്ള പൂക്കൾ.

ചെടികളും പൂക്കളും കൂടാതെ കോഴി, താറാവ്, പ്രാവുകൾ, കുളത്തിൽ വളർത്തുന്ന മത്സ്യങ്ങൾ എന്നിവയും ആ തോട്ടത്തിന്‍റെ മാറ്റ് കൂട്ടുന്നു. ഉടമസ്ഥയായ സ്ത്രീയോട് നന്ദി പറഞ്ഞ് ഇറങ്ങാൻ നേരം അവർ മകളോട് എന്തോ പറഞ്ഞു. പൈസ കൊടുത്തു കഴിഞ്ഞ ശേഷം പെൺകുട്ടി ഞങ്ങളെ വീടിന് എതിർവശത്തുള്ള മറ്റൊരു തോട്ടത്തിലേക്ക് കൊണ്ടു പോയി. പച്ചപ്പിൽ മുങ്ങിക്കുളിച്ച ഒരു ഫലവൃക്ഷത്തോട്ടം. ആപ്പിൾ, പ്ലംസ്, പിയർ തുടങ്ങിയവ വിളഞ്ഞ് നിൽക്കുന്നു. കീടനാശിനികൾ ഒന്നും പ്രയോഗിക്കാത്ത പഴങ്ങൾ മരത്തിൽ നിന്നും പറിച്ചെടുത്ത് കഴിച്ചപ്പോൾ വല്ലാത്തൊരനുഭൂതി. ദൂരെ നനുത്ത ആകാശത്തെ തൊടാൻ ശ്രമിക്കുന്ന മലനിരകളുടെ ഹൃദയഹാരിയായ കാഴ്ച.

ഇങ്ങനെയൊരു ഏദൻ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നതിന് ഇസ്മയിലിന് നന്ദി പറയാതിരിക്കാനാവുമായിരുന്നില്ല.'ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ കാണാനോ സ്പർശിക്കാനോ കഴിയില്ല, അവ ഹൃദയം കൊണ്ട് അനുഭവിച്ചറിയണം' എന്ന ഹെലൻ കെല്ലറിന്‍റെ വാക്കുകൾ അന്വർത്ഥമാക്കുന്നതാണ് ഓരോ യാത്രകളും പകർന്നു നൽകുന്ന അനുഭവങ്ങൾ. ഈ മനോഹര ഭൂമിയെ ഹൃദയം കൊണ്ട് സ്പർശിച്ച അനുഭൂതിയുമായാണ് അസർബയ്ജാൻ എന്ന രാജ്യത്തിലെ കൊച്ചു സ്വർഗ്ഗത്തോപ്പായ ഖബാലയോട് വിട പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GebeleQabalaSaida Nademmal
News Summary - heart full of Qabala
Next Story