മഞ്ഞുവീഴ്ച തുടങ്ങി... തണുത്ത് മൂന്നാർ; വിനോദ സഞ്ചാരികളുടെ തിരക്കേറി
text_fieldsഅടിമാലി: അതി ശൈത്തത്തിന്‍റെ സൂചന നൽകി മൂന്നാറിൽ മഞ്ഞുവീഴ്ച തുടങ്ങി. മൂന്നാർ, വട്ടവട മേഖലകളിലാണ് ചൊവ്വാഴ്ച രാവിലെ മഞ്ഞുവീഴ്ച ഉണ്ടായത്. തണുപ്പിന്‍റെ കാഠിന്യവും വർധിച്ചു. മൂന്നാർ അതി ശൈത്യത്തിലേക്ക് എന്ന സൂചനയാണിത്.
ക്രിസ്മസ് പുതുവർഷ അവധിക്കാലവും ആരംഭിച്ചതോടെ മൂന്നാറിൽ ശനിയാഴ്ച മുതൽ വിനോദ സഞ്ചാരികളുടെ വരവ് വർധിച്ചു. സന്ദർശകരിൽ ഭൂരിഭാഗവും മലയാളികളാണ്. താമസിക്കാൻ മുറികൾ കിട്ടാത്ത സാഹചര്യവുമുണ്ട്. വടക്കേ ഇന്ത്യയിൽ വിവാഹ സീസണായതിനാൽ മധുവിധു ആഘോഷിക്കാൻ എത്തുന്നവരും ധാരാളമായിട്ടുണ്ട്.
രാജമലയുടെ ഭാഗമായ കന്നിമല, ചെണ്ടുമല, വട്ടവട എന്നിവിടങ്ങളിലാണ് വ്യാപകമായി മഞ്ഞുവീഴ്ച ഉണ്ടായത്. ശക്തമായ തണുപ്പും രേഖപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയായി താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യനിടയിലാണ്. രാത്രിയിലും പുലർച്ചെയും അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്.
സഞ്ചാരികളുടെ തിരക്കു വർധിച്ചതിനെ തുടർന്നു പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, കുണ്ടള, ഫ്ലവർ ഗാർഡൻ, ഇക്കോ പോയിന്റ്, പഴയ മൂന്നാർ ബ്ലോസം പാർക്ക്, ദേവികുളം റോഡിലെ ബോട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിൽ ഗതാഗത കുരുക്ക് ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തണുപ്പ് തേടി ധാരാളം സഞ്ചാരികൾ എന്നാനും സാധ്യത കൂടുതലാണ്.
തെക്കിന്‍റെ കശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. മൂന്നാറിലെ തണുപ്പ് അസ്വധിക്കാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം സഞ്ചാരികളും എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.