പി.എസ്.സി പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധക്ക്, എവറസ്റ്റിൻെറ ഉയരം മാറാൻ പോവുകയാണ്
text_fieldsമാനവരാശി കോവിഡ് മഹാമാരിയുടെ പിടിയിൽ അല്ലായിരുന്നുവെങ്കിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതത്തിൻെറ പുതിയ ഉയരം ഇപ്പോൾ പുറത്തുവന്നിട്ടുണ്ടാകുമായിരുന്നു. എവറസ്റ്റ് പങ്കിടുന്ന ചൈനയും നേപ്പാളും ഇത്തവണ ഒരുമിച്ചാണ് ഉയരം പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. എന്നാൽ, കോവിഡ് കാരണം പ്രഖ്യാപന നടപടി നീണ്ടുപോവുകയായിരുന്നു.
1955 മുതൽ 8,848 മീറ്റർ (29,028 അടി) ആണ് എവറസ്റ്റിൻെറ ഉയരമായി പരക്കെ അംഗീകരിക്കപ്പെടുന്നത്. എന്നാൽ, അളവ് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം പതിവായിരുന്നു. പക്ഷെ, 2010ൽ ഔദ്യോഗിക ഉയരം ഇരുകൂട്ടരും അംഗീകരിച്ചു. എവറസ്റ്റിൻെറ മഞ്ഞ് ഉയരം 8,848 മീറ്ററാണെന്ന നേപ്പാളിൻെറ വാദം ചൈനീസ് പക്ഷവും പർവതത്തിൻെറ പാറ ഉയരം 8,844.43 മീറ്ററാണെന്ന ചൈനീസ് വാദം നേപ്പാളും അംഗീകരിക്കുകയായിരുന്നു.
ഇത് കൂടാതെ 2019ലെ ധാരണപ്രകാരം ഇരുരാജ്യങ്ങളും ഒരുമിച്ച് പുതിയ അളവ് പ്രഖ്യാപിക്കാൻ തയാറായി. ഇതിൻെറ ഭാഗമായി 2019ൽ നേപ്പാൾ സ്വന്തം സംഘത്തെ ഉച്ചകോടിയിലേക്ക് അയച്ചിരുന്നു. ചൈനയുടെ പര്യവേഷണം കഴിഞ്ഞ മെയിലാണ് നടന്നത്.
യു.എസ്, യൂറോപ്യൻ അല്ലെങ്കിൽ ഇന്ത്യൻ സർവേയർമാരാണ് ഇതുവരെയുള്ള എല്ലാ അളവുകളും നടത്തിയത്. 1856ൽ എവറസ്റ്റിൻെറ ഉയരം ആദ്യമായി 8,840 മീറ്റർ ആണെന്ന് ഇന്ത്യയിലെ ഗ്രേറ്റ് ട്രൈഗൊണോമെട്രിക് സർവേ (ജി.ടി.എസ്) ആണ് പ്രഖ്യാപിക്കുന്നത്. പിന്നീട് നടന്ന പല സർവേകളിലും ഇതിൽ ഏറ്റക്കുറച്ചിലുകൾ വന്നിരുന്നു.
'ഇപ്പോൾ നടന്ന പ്രവർത്തനം നേപ്പാളിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. മാത്രമല്ല ഇത് വലിയ ഉത്തരവാദിത്തവുമാണ്. ലോകം മുഴുവൻ ഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്' -നേപ്പാൾ സംഘത്തിലുണ്ടായിരുന്ന നവീൻ മനന്ദർ പറയുന്നു.
'ടെക്റ്റോണിക് പ്രവർത്തനം കാരണം എവറസ്റ്റിൻെറ ഉയരം നിരന്തരം മാറുകയാണ്. 2015ലുണ്ടായ ഭൂകമ്പം കാരണവും മാറ്റം വന്നിട്ടുണ്ടാകും' -സംഘത്തിലുണ്ടായിരുന്ന ന്യൂസിലാൻഡിലെ ഒറ്റാഗോ സർവകലാശാലയിലെ ക്രിസ്റ്റഫർ പിയേഴ്സൺ പറഞ്ഞു.
ഇരുരാജ്യവും വ്യത്യസ്ത അളവിലെ സമുദ്രനിരപ്പ് പോയിൻറുകളാണ് അളവിനായി ഉപയോഗിക്കുന്നത്. നേപ്പാളിൻെറ സ്ഥാനം ബംഗാൾ ഉൾക്കടലിനോട് അടുത്തായിരിക്കുമ്പോൾ ചൈന മഞ്ഞക്കടലാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന കണക്ക് ഏകീകരിച്ചായിരിക്കും പുതിയ ഉയരം പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.