വിനോദ സഞ്ചാരത്തിന് ഉണർവേകാൻ ഹെലി ടൂറിസം
text_fieldsവിനോദ സഞ്ചാരികൾക്ക് അവിസ്മരണീയ അനുഭവം പകരാൻ ലക്ഷ്യമിട്ട സംസ്ഥാനത്തെ പുതിയ ഹെലി ടൂറിസം പദ്ധതി ടൂറിസം വികസനത്തിന് കുതിപ്പേകും.
സഞ്ചാരികളുടെ സാഹസികതക്ക് മുൻതൂക്കം നൽകി സംസ്ഥാനത്തിന്റെ പ്രകൃതി ഭംഗി ഉപയോഗപ്പെടുത്തി വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഹെലി ടൂറിസം പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതോടെ സ്വകാര്യ നിക്ഷേപത്തിന് സാധ്യത തെളിഞ്ഞു.
താരതമ്യേന കുറഞ്ഞ നിക്ഷേപവും പരിമിതമായ ഭൂമിയും സമയലാഭവുമാണ് ഹെലി ടൂറിസത്തിന്റെ ആകർഷണം. പ്രാദേശികമായി എളുപ്പത്തിൽ ബന്ധപ്പെടാനുള്ള സൗകര്യവും ദുരന്തനിവാരണ വേളകളിൽ വൈദ്യസഹായത്തിനുള്ള സാധ്യതയും പദ്ധതിയെ ആകർഷകമാക്കുന്നു.
മൂന്നര ഏക്കർ മുതൽ പത്തേക്കറോളം സ്ഥലമുപയോഗിച്ചാകും പദ്ധതികൾ. ജലാശയങ്ങളും കടല്‍ത്തീരങ്ങളും കുന്നിൻപ്രദേശങ്ങളും ഉള്‍പ്പെട്ട കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം ഒരു ദിവസംകൊണ്ടുതന്നെ ആസ്വദിക്കുവാന്‍ പദ്ധതി അവസരമൊരുക്കും.
ആറു മുതൽ 12 വരെ പേർക്ക് കയറാവുന്ന ഹെലികോപ്ടറുകളാണ് പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം വകുപ്പ് സജ്ജീകരിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, കാസർകോട് തുടങ്ങിയ സ്ഥലങ്ങളിലാണ് പദ്ധതി.
കൊച്ചിയായിരിക്കും ഹെലി ടൂറിസം ഹബ്. വിദൂരങ്ങളിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിനാൽ കൂടുതൽ സഞ്ചാരികൾ എത്തുമെന്നുള്ള വിലയിരുത്തലിലാണ് പദ്ധതി അംഗീകരിച്ചത്.
ഹെലികോപ്ടറുകളുടെ വലുപ്പമനുസരിച്ചാകും ഹെലിപാഡ് നിർമാണം. ടാക്സികൾക്ക് എത്തിച്ചേരാനുള്ള സൗകര്യം, 3000 ചതുരശ്ര അടിയിൽ ടെർമിനൽ കെട്ടിടം, എയർക്രാഫ്റ്റ് കൺട്രോൾ ടവർ, അഗ്നിശമന യൂനിറ്റ്, ഇന്ധനം നിറക്കാനുള്ള സൗകര്യം, വാഹനങ്ങൾക്ക് പാർക്കിങ് സ്ഥലം, ഹോട്ടലുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കും. പരമാവധി 20 കോടിയോളം രൂപ ചെലവഴിച്ചാകും ഹെലിപാഡുകൾ നിർമിക്കുക. രാത്രിയിലും കോപ്ടർ ലാൻഡിങ് സൗകര്യമുണ്ടാകും.
ഹെലിപാഡിൽ ഒരേസമയം രണ്ട് ഹെലികോപ്ടറിന് പറന്നുയരാനുള്ള സൗകര്യമുണ്ടാകും. ചുരുങ്ങിയത് 50 സെന്റ് സ്ഥലം ഇതിനുവേണം. നിർമാണവും പ്രവർത്തനവും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലി (ഡി.ജി.സി.എ)ന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും. ഭൂമി പരിശോധന, സ്ഥലം തെരഞ്ഞെടുപ്പ്, മുൻകൂട്ടിയുള്ള അനുമതി, നിർമാണം എന്നിവ ഡി.ജി.സി.എയുടെ മേൽനോട്ടത്തിലായിരിക്കും.
ടൂറിസ വികസനത്തെ പരിചയപ്പെടുത്തുകയും നടപ്പാക്കാൻ അനുമതി നൽകുകയും മാത്രമാണ് സംസ്ഥാന സർക്കാറിന്റെ പങ്ക്. ആവശ്യമായ മറ്റു അനുമതികൾ തേടലും സുരക്ഷ മാനദണ്ഡമൊരുക്കലും ഉൾപ്പെടെ ഉത്തരവാദിത്തങ്ങൾ ഓപറേറ്റർമാർക്കായിരിക്കും. നൂതനമായ പദ്ധതിയിലൂടെ ഗണ്യമായി സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ കഴിയുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ.
സ്വകാര്യ നിക്ഷേപകർക്ക് സാധ്യത
- പ്രകൃതി മനോഹര സ്ഥലങ്ങൾക്ക് ഡിമാൻഡ്
- സ്വന്തം സ്ഥലങ്ങളിലോ സർക്കാർ ഭൂമിയിലോ ഹെലിപാഡുകളും ഹെലിപോർട്ടുകളും എയർസ്ട്രിപ്പുകളും നിർമിക്കാൻ പ്രത്യേക സബ്സിഡിയും ഇളവും
- പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിൽ പദ്ധതി
- തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ പുതിയ ഹെലിപാഡുകൾ
- സഞ്ചാരികളെ ഉൾക്കൊള്ളാൻ വൈവിധ്യമാർന്ന സൗകര്യങ്ങൾ
- ഹൗസ്‌ബോട്ടുകൾ, കാരവനുകൾപോലെയുള്ള സംരംഭങ്ങളെ കൂട്ടിയോജിപ്പിക്കും
അനുമതി നൽകേണ്ടത്
- പ്രതിരോധമന്ത്രാലയം
- കേന്ദ്ര ആഭ്യന്തര മന്ത്രാലയം
- ആവശ്യമെങ്കിൽ വനംവകുപ്പിന്റെയും പരിസ്ഥിതി വകുപ്പിന്റെയും അനുമതി
- എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
- സ്ഥലമുടമ
- തദ്ദേശസ്വയംഭരണ സ്ഥാപനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.