യൂറോപ്പിലേക്കൊരു Hichhike
text_fieldsയൂറോപ്പെന്നാൽ മനസ്സിലേക്ക് ആദ്യം വരുന്നതെന്താണ്? വലിയ കെട്ടിടങ്ങളും വ്യത്യസ്തമായ ഒരു സംസ്കാരവും, പലതരം മനുഷ്യരുമുള്ളൊരു നഗരം. ഈ നഗരത്തിനപ്പുറം യൂറോപ്പ് കാണാൻ പലർക്കും സാധിക്കാറില്ല. എന്നാൽ, ആരും അധികം കണ്ടിട്ടില്ലാത്ത യൂറോപ്പ് കാണാൻ ഫഹീം മഹറൂഫെന്ന കണ്ണൂർ തലശ്ശേരി സ്വദേശി തീരുമാനിച്ചു. 70 ദിവസത്തെ രസകരമായൊരു യാത്ര, അതും പോക്കറ്റ് കാലിയാക്കാതെ കൂടിയാകുമ്പോൾ ആ യാത്രയുടെ വിവരണം കേൾക്കാൻ ഇത്തിരി രസം കൂടുതലാണ്.
നഗരക്കാഴ്ച്ചകളെക്കാൾ ഭംഗിയെന്നും ഗ്രാമങ്ങൾക്ക് തന്നെയാണ്. പച്ചപ്പരവതാനിയും, അതിൽ മേയുന്ന മാടുകളും, മഞ്ഞുമൂടിയ മലനിരകളും, ചുറ്റും അങ്ങിങ്ങായി കായ്ച്ചുനിൽക്കുന്ന ചെറി തോട്ടങ്ങളും. കൺകുളിർമയേകുന്ന ഇത്തരം കാഴ്ച്ചകളല്ലാതെ മറ്റെന്തുവേണം യാത്രയിൽ മനസ്സുനിറക്കാൻ. ഹിച്ച് ഹൈക് ചെയ്ത് അറിയാത്ത ആളുകളുടെ കൂടെ ഇത്തരം മനോഹരമായ കാഴ്ച്ചകളും കണ്ട് പോക്കറ്റ് കാലിയാവാത്തൊരു യാത്ര.
യൂറോപ്പിലേക്ക് പൊതുവേ വിസ ലഭിക്കുക രണ്ടാഴ്ചയ്ക്ക് മാത്രമാണ്. എന്നാൽ രണ്ടാഴ്ചകൊണ്ട് യൂറോപ്പ് മുഴുവൻ കാണാനൊക്കുമോ? അതുകൊണ്ട് ഫഹീം യൂറോപ്പിൽ പഠിച്ച്, യൂറോപ്പിനെ പഠിക്കാൻ തീരുമാനിച്ചു. അങ്ങനെ സ്റ്റഡി വിസയും എടുത്ത് മൂന്ന് വർഷം കൊണ്ട് യൂറോപ്പ് മുഴുവൻ സന്ദർശിക്കാനുള്ള തീരുമാനത്തിലെത്തി. ലാത്വിയയിൽ ടൂറിസത്തിൽ തന്നെ ബിരുദം ചെയ്യുകയാണ് 22 കാരനായ ഫഹീം.
യൂറോപ്പിൽ എത്തിയ ഉടനെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഏകദേശം 10 രാജ്യങ്ങൾ വിമാനത്തിലും ട്രെയിനിലുമൊക്കെയായി ഫഹീം സന്ദർശിച്ചു. ശേഷം നെതർലാൻഡ് പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലേക്കും യാത്രതിരിച്ചു. എങ്കിലും ഫഹീമിന് മനസ്സിൽ പ്രതീക്ഷിച്ച ഒരു സംതൃപ്തി കിട്ടിയില്ല. കാരണം വലിയ നഗരങ്ങൾ അല്ലാതെ മറ്റൊന്നും കാണാനോ ആ രാജ്യത്തെ അടുത്തറിയാനോ അവസരം ലഭിച്ചിരുന്നില്ല.
അങ്ങനെയാണ് ഹിച്ച് ഹൈക്ക് ചെയ്ത് യൂറോപ്പിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാം എന്ന തീരുമാനത്തിലെത്തുന്നത്. അതും ചെലവ് വളരെ കുറച്ച്. എത്രത്തോളം ചെറിയ നിരക്കിൽ യാത്ര ചെയ്യാൻ പറ്റും എന്നുള്ള ഒരു ഗവേഷണം കൂടിയായിരുന്നു അത്. പൊതുവേ പറഞ്ഞുകേട്ട അറിവ് വെച്ച് യൂറോപ്പ് വളരെ ചെലവേറിയ നഗരമാണ്. ബാഗിൽ ഫുഡ് സ്റ്റഫുകളും, സ്ലീപ്പിങ് ബാഗും, ടെന്റും എന്തിന് ഗ്യാസ് സ്റ്റൗ വരെ കരുതിയാണ് യാത്ര. റസ്റ്റോറന്റുകളെയോ ഹോട്ടലുകളെയോ ആശ്രയിക്കാതെ, ഭക്ഷണവും താമസവും ഒക്കെ ചിലവ് ചുരുക്കി ബാഗിനകത്താക്കി. തീർത്തും സോളോ ട്രിപ്പ്.
യൂറോപ്പിലെ ലാത്വിയയിൽനിന്ന് ബാഗ് പാക്ക് ചെയ്ത് ലിത്വാനിയയിലെത്തി. അവിടെനിന്ന് ക്രൗഡ് സർഫിങ് എന്ന ഫ്രീ ഹോസ്റ്റിങ് ആപ്പ് വഴി ഗൈഡ് ചെയ്യാൻ ആളുകൾ ഉണ്ടായിരുന്നു. അതായത് നമ്മുടെ നാട്ടിൽ വരുന്ന ആളുകളെ നമ്മൾ തന്നെ സ്വീകരിച്ച് നമ്മുടെ സംസ്കാരവും, ഒക്കെ പരിചയപ്പെടുത്തി താമസിക്കാൻ ഇടം കൊടുത്ത് നമുക്ക് മാത്രം അറിയാവുന്ന നമ്മുടെ നാടിനെ അവർക്ക് പരിചയപ്പെടുത്തികൊടുക്കുക അത്രതന്നെ. അന്ന് ഗൈഡ് ആയി ലഭിച്ചത് ഒരു യൂറോപ്യൻ കപ്പിളിനെ ആയിരുന്നു. അവരുടെ ഭക്ഷണവും. അവരോടൊപ്പം ആ ചുറ്റുവട്ടകത്തെ പ്രധാന സ്പോട്ടുകളൊക്കെ കറങ്ങി. അന്ന് ചെറി ബ്ലോസം സമയമായിരുന്നു. ചെറി മരങ്ങൾ പൂത്തു നിൽക്കുന്ന മനോഹരമായ കാഴ്ച തന്റെ മനസ്സിലിന്നുമുണ്ടെന്ന് ഫഹീം പറയുന്നു.
അവിടുന്ന് 400 കിലോമീറ്റർ മാറി ഹിച്ച് ഹൈക്ക് സ്റ്റാർട്ട് ചെയ്തു. ഏകദേശം 23 മണിക്കൂറോളം കാത്തിരുന്നിട്ടാണ് ഒരു വാഹനം നിർത്തിയത്. ഇത്രയേറെ കാത്തിരിപ്പിന് ഒരു കാരണമുണ്ട്, മതിയായ രേഖകൾ ഒന്നുമില്ലാത്തവർക്ക് ലിഫ്റ്റ് തന്നാൽ അത് അവർക്കും ബുദ്ധിമുട്ടാകും. ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ട് യാത്ര ചെയ്യാൻ ഇതല്ലാതെ മറ്റൊരു വഴിയില്ലതാനും. അങ്ങനെ കുറെ നേരം കാത്തിരുന്നിട്ടാണ് പോളണ്ടിന്റെ പകുതി വരെ യാത്ര ചെയ്യാൻ പറ്റുന്ന തരത്തിൽ ഒരു ലിഫ്റ്റ് കിട്ടുന്നത്. അവിടെ നിന്ന് പിന്നീട് ലിഫ്റ്റ് കിട്ടാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഏകദേശം അൻപതോളം രാജ്യങ്ങൾ ഹിച്ച് ഹൈക്ക് ചെയ്ത് കണ്ട ഒരു സ്ത്രീയെ പരിചയപ്പെട്ടു. ഇവരും ഹിച്ച് ഹൈക്ക് ചെയ്താണ് യാത്ര ചെയ്യുന്നതെന്ന് പറഞ്ഞപ്പോൾ ആകാംക്ഷയായി. അങ്ങനെ സഹായിക്കാൻ പിന്നീട് അവരും ഉണ്ടായിരുന്നു. നിറയെ പൂച്ചകൾ ഉള്ള അവരുടെ വീട്ടിൽ താമസിക്കാനായി. ആ പ്രദേശത്തെ പ്രധാനപ്പെട്ട സ്പോട്ടുകൾ ഒക്കെ അറിയാവുന്ന ആളായതുകൊണ്ട് തന്നെ അവരോടൊപ്പം പലസ്ഥലങ്ങളും കാണാനുമായി. കുറേ കഥകളും, അവരുടെ അടുത്ത് നിന്ന് ലഭിച്ച ടിപ്സും ഒക്കെ ഉപയോഗിച്ച് പല സ്ഥലങ്ങളും കറങ്ങി.
പോളണ്ടിലെ ഏറ്റവും ഉയരം കൂടിയ സാകോപ്പൈൻ മലനിരകളായിരുന്നു അടുത്ത ലക്ഷ്യം. മഞ്ഞു മൂടിയ ഈ മലനിരകളും, താഴ്വാരവുമൊക്കെ കാണാനൊരു പ്രത്യേക ഭംഗി തന്നെയാണ്. അവിടെനിന്ന് നേരെ ചെക്ക് റിപ്പബ്ലിക്കിലേക്കാണ് പോയത്. അവിടെനിന്ന് വിയന്നയിലേക്കും. പിന്നീട് ആസ്ട്രേലിയിലേക്കും, ബ്രൈറ്റ്സ്ലാവ, സ്ലോവാക്യ, തുടങ്ങിയ രാജ്യങ്ങളിലൊക്കെ പിന്നീട് പോയി. പലപ്പോഴും സ്ട്രീറ്റുകളിൽ ആയിരുന്നു കിടന്നുറങ്ങിയിരുന്നത്. എങ്കിലും ഇത് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു എന്ന് ഫഹീം പറയുന്നു. പിന്നീട് സെർബിയയിലേക്ക് ആയിരുന്നു യാത്ര. യൂറോപ്പ് മാത്രം കറങ്ങാൻ ആയിരുന്നു പ്ലാൻ എങ്കിലും സെർബിയയിലേക്കുള്ള ബസ്സിൽ കയറിയപ്പോഴാണ് എമിഗ്രേഷനിൽനിന്ന് ഈ രാജ്യത്തെക്കും യാത്ര ചെയ്യാം എന്ന് മനസ്സിലായത്.
ഏഴ് ലോകാത്ഭുതങ്ങളിലൊന്നായ റോമിലെ കൊളോസിയം കാണാൻ പോയതും ഫഹീമിന് മറക്കാനാവാത്ത അനുഭവമായിരുന്നു. അന്ന് കൊളോസിയത്തിന് മുന്നിൽ ഉറങ്ങിയതും. ഹംഗറിയിൽ നിന്ന് ഫഹീം തന്നെ ബർത്ത് ഡേയും ആഘോഷിച്ചതും. അൽബേനിയ, മോണ്ടനേഗ്രോ, ക്രൊയേഷ്യ ഈയൊരു റൂട്ട് റോഡ് വഴി യാത്ര ചെയ്തതാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും. സ്വർഗതുല്യമൊന്ന് തോന്നുന്ന സ്വിറ്റ്സർലാൻഡാണ് ഇഷ്ടപ്പെട്ട സ്ഥലമെന്നും ഫഹീം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.