ഹൈക്കിങ് പ്രിയരേ വരൂ, നജ്റാനിലെ റം മലയിലേക്ക്
text_fieldsയാംബു: മലകയറ്റ പ്രിയരെ മാടിവിളിക്കുന്ന ഒരു അടിപൊളി മലയുണ്ട്, നജ്റാനിൽ. ‘ജബൽ റം’. ഇന്നത് ട്രക്കിങ് പ്രിയരുടെ ഇഷ്ടസ്ഥലമായി മാറിയിരിക്കുകയാണ്. സൗദിയിലുള്ള സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ഹൈക്കിങ് കമ്പക്കാരുടെ എണ്ണം വർധിക്കുന്നതിനാൽ രാജ്യത്തെ ഹൈക്കിങ് സ്പോട്ടുകൾ അന്വേഷിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ മലനിരയാണിത്.
സാഹസിക മലകയറ്റം ഇഷ്ടപ്പെടുന്ന തദ്ദേശീയരും പ്രവാസികളും അടങ്ങുന്ന നിരവധി പേരാണ് ഈ ഹൈക്കിങ് കേന്ദ്രത്തിൽ എത്തുന്നത്.
സ്വകാര്യ കമ്പനികൾ ഒരുക്കുന്ന ഹൈക്കിങ് സൗകര്യം ഉപയോഗിച്ചും ചെറു സംഘങ്ങൾ സ്വന്തം നിലയിലും ഇതിനായി എത്തുന്നു. മനോഹരമായ ഭൂപ്രകൃതിയാണിവിടെ. പഴയ കോട്ടകൾ, കളിമൺ വീടുകൾ, ഈന്തപ്പനകൾ, ഫലഭൂയിഷ്ഠമായ സമതലങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ടതാണ് നജ്റാൻ താഴ്വരയിലെ റം മല. ഈ പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ചരിത്രപരമായ പുരാവസ്തു കോട്ട രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും മറ്റുമുള്ള സന്ദർശകരെ ആകർഷിക്കുന്നു. ചാരുതയാർന്ന പ്രകൃതിദൃശ്യങ്ങൾ മനോഹരമായ ഹൈക്കിങ് അനുഭവം സമ്മാനിക്കും. താഴ്വരയുടെ കാഴ്ചയും കണ്ണിനിമ്പംപകരുന്നതാണ്. പച്ചപ്പും ഈന്തപ്പനകളും നിറഞ്ഞ സ്ഥലങ്ങളും ഉയർന്ന ഭാഗങ്ങളിൽനിന്ന് കൗതുകകരമായ കാഴ്ച പ്രദാനംചെയ്യും.
ദീർഘമായ നടത്തവും കയറ്റംകയറലും ശരീരത്തിനും മനസ്സിനും ഉന്മേഷവും ഊർജസ്വലതയും നൽകുന്നതാണ്. നഗരത്തിലെ തിരക്കുപിടിച്ച ജീവിതചുറ്റുപാടുകളിൽനിന്ന് മാറി പ്രശാന്തവും ഗ്രാമീണവുമായ മലനിരകളും നടപ്പാതകളുമാണ് ഹൈക്കിങ് ഇഷ്ടപ്പെടുന്നവർ തിരഞ്ഞെടുക്കുന്നത്.
ശീതകാലമാണ് ഹൈക്കിങ് കമ്പക്കാർ കൂടുതൽ സഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്നത്. ഉയർന്ന മലനിരകളിലേക്ക് എത്തിപ്പെടാൻ കഴിയുന്ന ‘ഫോർവീലർ’ വാഹനങ്ങൾ വ്യാപകമായതോടെ സാഹസിക ‘നടത്തം’ ഒഴിവാക്കിയവരുണ്ടെങ്കിലും വാഹനത്തിലിരുന്നും ‘മലകയറ്റം’ ആസ്വദിക്കും അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.