നജ്‌റാനിലെ 'ഹിമ സാംസ്കാരിക ഡിസ്ട്രിക്റ്റ്' ഇനി ലോക പൈതൃക പട്ടികയിൽ
text_fieldsജിദ്ദ: സൗദിയിലെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ നജ്‌റാനിലെ 'ഹിമ സാംസ്കാരിക ഡിസ്ട്രിക്റ്റ്' ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയുടെ (യുനെസ്കോ)യുടെ ലോക പൈതൃക പട്ടികയിൽ ഇടംതേടി. സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാനാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിലെ ഫുഷോയിൽ നടന്ന ലോക പൈതൃക സമിതിയുടെ 44ാം സെഷൻ യോഗത്തിലാണ് മനുഷ്യ പൈതൃകത്തിന് അസാധാരണമായ സാർവത്രിക മൂല്യമുള്ള ഒരു സാംസ്കാരിക സൈറ്റ്എന്ന നിലയിൽ നജ്റാൻ ഹിമ സാംസ്കാരിക ഡിസ്ട്രിക്റ്റിനു ഇടം ലഭിച്ചത്.
ഇതോടെ സൗദിയിലെ ആറാമത്തെ സ്ഥലം യുനസ്കോ പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്യുന്നതിൽ രാജ്യം വിജയിച്ചിരിക്കുകയാണ്. നേരത്തെ അഞ്ച് സ്ഥലങ്ങളാണ് പൈതൃക പട്ടികയിൽ ഉൾപ്പെട്ടത്. 2008 ൽ അൽഹിജർ, 2010 ൽ റിയാദ് ദർഇയയിലെ തുറൈഫ് ഡിസ്ട്രിക്റ്റ്, 2014ൽ ജിദ്ദ ഹിസ്റ്റോറിക്കൽ മേഖല, 2015 ൽ ഹാഇൽ മേഖലയിലെ റോക് ആർട്ട് സൈറ്റുകൾ, 2018ൽ അൽഅഹ്സ ഒയാസിസ് എന്നിവയാണ് മുമ്പ് പൈതൃക പട്ടികയിൽ ഇടംനേടിയ സ്ഥലങ്ങൾ.
സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും വലിയ പിന്തുണയുടെയും താൽപ്പര്യത്തിെൻറയും ഫലമാണ് നജ്‌റാനിലെ ഹിമ സാംസ്കാരിക മേഖല യുനസ്കോ പൈതൃക പട്ടികയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു. മനുഷ്യ നാഗരികതയുടെ ഭൂപടത്തിലെ പ്രധാനപ്പെട്ട പൈതൃക സൈറ്റുകളാൽ സമ്പന്നമാണ് സൗദി അറേബ്യ. രാജ്യത്തിെൻറ സാംസ്കാരിക സമ്പത്തും സാംസ്കാരിക ആഴങ്ങളും ലോകത്തെ അറിയിക്കുന്നതിനും എല്ലാ ദേശീയ അന്തർദേശീയ റെക്കോർഡുകളിലും രജിസ്റ്റർ ചെയ്യുന്നതിനും ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഹിമാ സാംസ്കാരിക മേഖല രജിസ്റ്റർ ചെയ്യുന്ന പ്രക്രിയ വിജയരകമായത് രാജ്യത്തിെൻറ പ്രതിനിധി സംഘം പ്രിൻസസ് ഹൈഫാ ബിൻത് അബ്ദുൽ അസീസ് ആലു മുഖ്റിെൻറ നേതൃത്വത്തിലും സാംസ്കാരിക മന്ത്രാലയം, പുരാവസ്തു അതോറിറ്റി, ദേശീയ വിദ്യാഭ്യാസ സമിതി, സാംസ്കാരിക, ശാസ്ത്ര സമിതി എന്നിവയിൽ നിന്നുള്ള സംഘങ്ങളും യുനസ്കോയിൽ നടത്തിയ പരിശ്രമത്തിെൻറ ഫലമാണെന്നും മന്ത്രി പറഞ്ഞു.
ഹിമയിലെ സാംസ്കാരിക റോക്ക് ആർട്ട് ഏരിയ 557 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. കൂടാതെ 550 റോക്ക് ആർട്ട് പെയിൻറുങുകളും ലക്ഷക്കണക്കിന് റോക്ക് കൊത്തുപണികളും ചിത്രങ്ങളും ഉൾക്കൊള്ളുന്നു. ലോകത്തിലെ ഏറ്റവും വലിയ റോക്ക് ആർട്ട് കോംപ്ലക്സുകളിൽ ഒന്നാണിത്. അറേബ്യൻ ഉപദ്വീപിെൻറ തെക്കൻ ഭാഗങ്ങളിലടെ പുരാതനകാലത്ത് കച്ചവട സംഘങ്ങൾ കടന്നു പോകുന്ന റൂട്ടുകളിലെ പ്രധാന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പുരാതന അറേബ്യൻ ഉപദ്വീപിലെ പ്രധാന വിപണികളിൽ ഒന്നായിരുന്നു ഇതെന്ന് വിശ്വസിക്കപ്പെടുന്നു. നിരവധി പുരാതന ഗ്രന്ഥങ്ങളിൽ എഴുതിയ പതിനായിരക്കണക്കിന് ശിലാ ലിഖിതങ്ങൾ ഹിമ സ്ഥലത്ത് ഉൾപ്പെടുന്നുവെന്നും സാംസ്കാരിക മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.