കനത്ത മഞ്ഞുവീഴ്ച; മണാലിയിൽ കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലേറെ വാഹനങ്ങൾ -VIDEO
text_fieldsഷിംല: ഹിമാചൽ പ്രദേശിലെ പ്രമുഖ വിനോദകേന്ദ്രമായ മണാലിയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കുടുങ്ങിക്കിടക്കുന്നത് നിരവധി സഞ്ചാരികൾ. സോലങ്ങിനും റോഹ്തങ്ങിലെ അടൽ ടണലിനും ഇടയിൽ ആയിരത്തിലേറെ വാഹനങ്ങളാണ് റോഡിലെ മഞ്ഞുവീഴ്ച കാരണം മുന്നോട്ടുപോകാനാകാതെ കുടുങ്ങിയത്. സഞ്ചാരികൾക്ക് മണിക്കൂറുകളോളം വാഹനങ്ങൾക്കുള്ളിൽ കഴിയേണ്ട അവസ്ഥയാണ്.
പൊലീസ് നടത്തിയ രക്ഷാപ്രവർത്തനത്തിൽ 700 വിനോദസഞ്ചാരികളെ മഞ്ഞുമൂടിയ വഴികളിൽ നിന്ന് പുറത്തെത്തിച്ചിട്ടുണ്ട്. ക്രിസ്മസ്, പുതുവർഷാഘോഷങ്ങളുടെ ഭാഗമായി മണാലിയിലേക്ക് സഞ്ചാരികൾ വൻതോതിൽ എത്തുകയാണ്.
കശ്മീർ മേഖലയിലേക്കും സഞ്ചാരികളുടെ ഒഴുക്കുണ്ട്. ജമ്മു കശ്മീരിൽ 'ചില്ലായ് കലാൻ' എന്നറിയപ്പെടുന്ന 40 ദിവസത്തോളം നീളുന്ന അതിശൈത്യകാലത്തിന് തുടക്കമായിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി ശ്രീനഗറിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില മൈനസ് 8.5 ഡിഗ്രീ സെൽഷ്യസാണ്. 50 വർഷത്തിനിടയിലെ ഏറ്റവും കടുത്ത തണുപ്പാണിതെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.
മേഖലയിൽ പല ജലാശയങ്ങളും തണുത്തുറഞ്ഞ നിലയിലാണ്. ദാൽ തടാകത്തിന്‍റെ ചില ഭാഗങ്ങളും തണുത്തുറഞ്ഞതായി വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. നഗരത്തിലേക്കും താഴ്വര മേഖലകളിലേക്കുമുള്ള കനാലുകളും തണുത്തുറഞ്ഞിട്ടുണ്ട്. കടുത്ത തണുപ്പനുഭവപ്പെടുന്ന 'ചില്ലായ് കലാൻ' ജനുവരി 31 വരെ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇതിന് ശേഷം 20 ദിവസം നീളുന്ന 'ചില്ലായ് ഖുർദ്' കാലഘട്ടമായിരിക്കും. തണുപ്പ് കുറഞ്ഞുവരുന്ന സമയമാണിത്. ഇതിന് ശേഷം 10 ദിവസം നീളുന്ന 'ചില്ലായ് ബച്ചാ'യും പിന്നിട്ടാണ് ജമ്മു കശ്മീർ കൊടുംതണുപ്പിന്‍റെ പിടിയിൽ നിന്ന് പുറത്തുവരിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.