മധു നുകരാം, മധുശലഭങ്ങളുടെ മണിമാളികയിൽ...
text_fieldsഅബഹ: മധുശലഭങ്ങളുടെ മണിമാളികയിൽ ചെന്ന് മധുരം കിനിയും അനുഭവങ്ങൾ നുകരണോ? മത്ത് പിടിക്കുവോളം തേൻ പാനം ചെയ്യണോ? പോരൂ അബഹയിലെ ‘ഹണി ബീസ് ടവറി’ലേക്ക്. ദക്ഷിണ സൗദിയിലെ അബഹയിലൊരു മനോഹരമായ പൈതൃക ഗ്രാമമുണ്ട്, റിജാൽ അൽമ. അവിടെയാണ് ‘ഹണി ബീസ് ടവർ’. മായം കലരാത്ത 39 തരം തേനുണ്ടിവിടെ. അബഹയുടെ പ്രകൃതി സൗന്ദര്യവും സുഖകരമായ കാലാവസ്ഥയും ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളെ മാടിവിളിക്കുന്നു ഈ തേൻ മണിമാളിക.
അധികമൊന്നും കേട്ടുകേൾവിയില്ലാതിരുന്ന ഈ സ്ഥലത്തെ കുറിച്ച് കേട്ടറിഞ്ഞ് ഇപ്പോൾ വിനോദസഞ്ചാരികൾ കാര്യമായെത്തി തുടങ്ങിയിട്ടുണ്ട്. പ്രദേശവാസികളും അടുത്തകാലത്താണ് ഇവിടേക്ക് വന്നുതുടങ്ങിയത്. ഇവിടെ എത്തുന്നവർക്ക് പരമ്പരാഗത തേൻ ഉൽപാദന രീതികളെക്കുറിച്ച് അറിയാനും ഗുണനിലവാരത്തിനും സ്വാദിനും പേരുകേട്ട ശുദ്ധമായ 39 തരം തേൻ വാങ്ങാനും അവസരമുണ്ട്.
ഹണി ബീസ് ടവർ സ്ഥിതി ചെയ്യുന്ന റിജാൽ അൽമ, വ്യതിരിക്തമായ ജിഞ്ചർ ബ്രെഡ് ശൈലിയിലുള്ള വാസ്തുവിദ്യക്കും സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും പേരുകേട്ട യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച കേന്ദ്രമാണ്. പ്രധാന റോഡിൽനിന്നും മാറി കുറച്ച് ദുർഘടം പിടിച്ച വഴിയിലൂടെ ഓഫ് റോഡ് ഡ്രൈവ് ചെയ്ത് സഞ്ചരിക്കണം ചെറിയൊരു കുന്നിൻ മുകളിലുള്ള ‘ഹണി ബീസ് ടവറി’ൽ എത്താൻ.
വാഹനം പാർക്ക് ചെയ്ത് എതിർദിശയിൽ സ്ഥിതി ചെയ്യുന്ന ‘ഹണി ബീസ് ടവറി’ലേക്ക് നടന്നേ പോകാനാവൂ. നിലത്ത് കല്ലുകൾ പാകി, ഇരുവശവും പൂച്ചെടികൾകൊണ്ട് വേലി തീർത്ത വഴിയിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ ബീസ് പൊലീസിന്റെ കാറും അതിനോട് ചേർന്ന് തേനീച്ചകളെ സംബന്ധിച്ചുള്ള സെമിനാർ നടത്തിയിരുന്ന പോഡിയവും കാണാം.
മുകളിലേക്ക് കയറിചെല്ലുമ്പോൾ വെള്ളത്തിന്റെ ശക്തിയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന തടി കൊണ്ട് നിർമിച്ച വലിയ ചക്രം കാണാം. അവിടെനിന്നും വഴി രണ്ടായി പിരിയും. ഒന്ന് ഉൾക്കാട്ടിലേക്കും മറ്റൊന്ന് തേൻ ഉൽപാദിപ്പിക്കുന്ന വ്യവസായ ശാലയിലേക്കും.
ഉൾക്കാട്ടിലേക്ക് തടിപ്പാലം വഴി കുറച്ചു മാത്രമെ പോകാൻ കഴിയൂ. ഇടതൂർന്ന വൃക്ഷങ്ങളിൽ വിളക്കുകളും അലങ്കാര വസ്തുക്കളും മണ്ണിലും തടിയിലും കൊത്തിയെടുത്ത രൂപങ്ങളും സ്ഥാപിച്ചിട്ടുണ്ട്. പിൻവശത്ത് കുറ്റിച്ചെടികളാൽ സമ്പന്നമായ വലിയൊരു കുന്നാണ്. ഫാക്ടറിക്കുള്ളിൽ കയറാൻ ടിക്കറ്റ് എടുക്കണം. അവിടെ തേൻ ശുദ്ധീകരണശാലയും 39 തരം തേനുകളുടെ പ്രദർശനവും വിൽപനയുമാണുള്ളത്. എല്ലാം നമുക്ക് രുചിച്ചു നോക്കിയിട്ട് ഇഷ്ടപ്പെട്ടാൽ മാത്രം വാങ്ങിയാൽ മതി.
അബഹയിൽനിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്താൽ എത്തപ്പെടുന്ന ഈ ഗ്രാമം പച്ചപ്പും പ്രകൃതിരമണീയമായ മലകളും കൊണ്ട് ചുറ്റപ്പെട്ടതിനാൽ പ്രകൃതിസ്നേഹികൾക്കും ചരിത്രാന്വേഷികൾക്കും വിനോദ സഞ്ചാരികൾക്കും ഒരുപോലെ ഇഷ്ടപ്പെടും.
തേൻ ശുദ്ധീകരണശാല മാത്രമല്ല അബഹയിൽ സഞ്ചാരികളെ കാത്തിരിക്കുന്ന കൗതുകം. ഗൾഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ അൽ സൗദ കൊടുമുടിയും മനോഹരമായ അസീർ ദേശീയ ഉദ്യാനവും ഉൾപ്പെടെ അസീർ മേഖലയിലെ അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ നമുക്ക് മുന്നിൽ വിസ്മയക്കാഴ്ചകളൊരുക്കി കാത്തിരിക്കുകയാണ്, സഞ്ചാരികളെ ഇതിലേ... ഇതിലേ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.