ഇടുക്കി, ചെറുതോണി അണക്കെട്ടിലെ സന്ദര്‍ശക നിരോധനത്തിന് മൂന്നുമാസം
text_fieldsചെറുതോണി: ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ സന്ദര്‍ശകരെ നിരോധിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും അനുവാദം നല്‍കാത്തതില്‍ വ്യാപക പ്രതിഷേധം. അണക്കെട്ടിലേക്കുള്ള സന്ദര്‍ശനം നിരോധിച്ചതോടെ പ്രദേശത്തെ ലോഡ്ജുകള്‍, ഹോട്ടലുകള്‍, ചെറുകിട വ്യാപാരമേഖല എന്നിവ പൂര്‍ണ തകര്‍ച്ചയിലാണ്. ഇക്കഴിഞ്ഞ ജൂലൈ 22ന് മലപ്പുറത്തുനിന്നും കാറിലെത്തിയ നാലംഗസംഘത്തില്‍ ഒരാള്‍ അണക്കെട്ടില്‍ പ്രവേശിച്ച് അണക്കെട്ട് തുറന്നുവിടുന്നതിനുപയോഗിക്കുന്ന ഷട്ടറിന്റെ ഇരുമ്പു വടത്തില്‍ ദ്രാവകം ഒഴിക്കുകയും, ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പുപൈപ്പിൽ താഴുകളിട്ട് പൂട്ടുകയും ചെയ്തു. 11 താഴുകളാണ് ഇതിനായി ഉപയോഗിച്ചത്. സംഭവം നടന്ന് ഒന്നര മാസത്തിനുശേഷമാണ് താഴുകള്‍ സ്ഥാപിച്ചത് കണ്ടെത്തിയത്.
അണക്കെട്ടില്‍ അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികളാണ് താഴുകള്‍ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് സി.സി.ടിവി പരിശോധിച്ചപ്പോഴാണ് വടത്തില്‍ ദ്രാവകം ഒഴിക്കുന്നത് കണ്ടെത്തിയത്. ഉടൻ കെ.എസ്.ഇ.ബിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തുകയും ഇടുക്കി പൊലീസിൽ പരാതി നല്‍കുകയും ചെയ്തു. പരിശോധനയില്‍ കാറിലെത്തിയ സംഘത്തെ സംബന്ധിച്ച് വിവരം ലഭിക്കുകയും, കാറും നാലംഗസംഘത്തിലെ മൂന്ന് പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഇതില്‍ പ്രധാന പ്രതി രണ്ടു ദിവസത്തിനുശേഷം വിദേശത്തേക്ക് പോയിരുന്നു. പ്രതിയെ നാട്ടിലെത്തിക്കാമെന്ന് ബന്ധുക്കള്‍ പറഞ്ഞെങ്കിലും ഇതുവരെയും പ്രതി എത്തിയിട്ടില്ല. സംഭവശേഷം കൂടുതല്‍ അന്വേഷണം നടന്നെങ്കിലും പുരോഗതിയുണ്ടാകാത്തതിനെത്തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. ഇവരും അന്വേഷണമാരംഭിച്ചിട്ടും യാതൊരു തീരുമാനവുമുണ്ടായിട്ടില്ല. തുടർന്നാണ് താല്‍ക്കാലികമായി സന്ദര്‍ശനം നിരോധിച്ചത്. ഇതറിയാതെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തുന്ന സന്ദര്‍ശകര്‍ നിരാശരായി മടങ്ങുകയാണ്.
പൂജാവധിക്കും, ദീപാവലിക്കും ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഇടുക്കിയിലെത്തി അണക്കെട്ട് കാണാതെ മടങ്ങിയത്. ഇതിലൂടെ വ്യാപാരികള്‍ക്കും, ഹോട്ടലുടമകള്‍ക്കും, ഹോംസ്റ്റേ, ലോഡ്ജ് ഉടമകള്‍ക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. അടിയന്തരമായി സുരക്ഷമാനദണ്ഡങ്ങള്‍ പാലിച്ച് അണക്കെട്ടുകള്‍ കാണാൻ അനുവാദം നല്‍കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.