ഇക്കാര്യങ്ങൾ ഉറപ്പുവരുത്തിയാൽ നിങ്ങൾക്കും തായ്ലൻഡിലേക്ക് യാത്ര പോകാം
text_fieldsഇന്ത്യയുൾപ്പെടെ 63 രാജ്യങ്ങളിൽനിന്നുള്ള വിദേശ യാത്രക്കാർക്കായി തായ്‌ലൻഡ് വീണ്ടും വാതിൽ തുറന്നിരിക്കുകയാണ്. തായ്‌ലൻഡിന്‍റെ മിക്ക ഭാഗങ്ങളിലും യാത്രാ നിയന്ത്രണങ്ങളും കോവിഡുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ഭരണകൂടം ലഘൂകരിച്ചിട്ടുണ്ട്.
പൂർണമായും വാക്സിൻ എടുത്തവർക്കാണ് രാജ്യത്തേക്ക് വിമാനമാർഗം വരാനാവുക. 63 അംഗീകൃത രാജ്യങ്ങളിലൊന്നിൽ കുറഞ്ഞത് 21 ദിവസമെങ്കിലും താമസിച്ചിരിക്കണം. തിരികെ വരുന്ന തായ്‌ലൻഡുകാരെയും മുമ്പ് തായ്‌ലൻഡിൽ യാത്ര ചെയ്ത വിദേശികളെയും ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ രക്ഷിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന 12 വയസ്സിന് താഴെയുള്ളവർക്ക് വാക്സിനേഷൻ ആവശ്യമില്ല.
തായ്ലൻഡിലേക്ക് വരുന്ന സഞ്ചാരികൾ താഴെ പറയുന്ന കാര്യങ്ങൾ ഉറപ്പുവരുത്തണം:
- യാത്രക്ക് 14 ദിവസം മുമ്പെങ്കിലും എടുത്ത വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്.
- മൂന്ന് മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചവർ യാത്ര ചെയ്യുന്നതിന്‍റെ 14 ദിവസം മുമ്പെങ്കിലും അംഗീകൃത വാക്സിന്‍റെ ഒരു ഡോസ് സ്വീകരിച്ചിരിക്കണം.
- യാത്രയുടെ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം.
- തായ്ലൻഡിലെ ഒരു രാത്രി താമസത്തിനും ആർ.ടി.പി.സി.ആർ പരിശോധനക്കും വേണ്ടി പണമടച്ചതിന്‍റെ രേഖ.
- 50,000 യു.എസ് ഡോളറിൽ കുറയാത്ത കവറേജുള്ള ഇൻഷുറൻസ് പോളിസി.
ഇത്തരം കാര്യങ്ങളെ ഉറപ്പുവരുത്തിയാൽ സാൻഡ്‌ബോക്‌സ് ഡെസ്റ്റിനേഷൻസ് എന്നറിയപ്പെടുന്ന 17 ലക്ഷ്യസ്ഥാനങ്ങൾ യാത്രക്കാർക്ക് തിരഞ്ഞെടുക്കാം. സന്ദർശകർ ഈ ലക്ഷ്യസ്ഥാനങ്ങളിലൊന്നിൽ ഏഴു രാത്രി തങ്ങണം. അതിനുശേഷം, തായ്‌ലൻഡിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് പോകാൻ കഴിയും.
17 സാൻഡ്‌ബോക്‌സ് ഡെസ്റ്റിനേഷനുകൾ ഇവയാണ്:
ബാങ്കോക്ക്, ക്രാബി, ട്രാറ്റ്, ചിയാങ് മായ്, ബുരി റാം, ചിൻ ബുരി, പ്രചുവപ്പ് ഖിരി ഖാൻ, ഫാങ്-നാഗ, ഫെതചബുരി, ഫുക്കറ്റ്, റനോങ്, റയോങ്, ലോയി, സമുത് പ്രകാൻ, സൂറത്ത് താനി, ഉഡോൺ താനി.
ബാങ്കോക്ക്, ക്രാബി, ഫാങ്-നാഗ, ഫുക്കറ്റ് എന്നിവിടങ്ങളിൽ എല്ലാ ഷോപ്പിംഗ് കേന്ദ്രങ്ങളും സിനിമാശാലകളും തിയറ്ററുകളും തുറന്നിട്ടുണ്ട്. ബാംഗ് പാ-ഇൻ പാലസ്, ചാങ് ഹുവാ മാൻ റോയൽ പ്രോജക്റ്റ്, ഭുബിംഗ് പാലസ്, ഗ്രാൻഡ് പാലസ് കോംപ്ലക്സിലെ ക്വീൻ സിരികിറ്റ് മ്യൂസിയം ഓഫ് ടെക്സ്റ്റൈൽസ്, സാല ചാലെർക്രുങ് റോയൽ തിയറ്റർ തുടങ്ങി നിരവധി പ്രധാന ആകർഷണങ്ങളിലേക്കെല്ലാം സഞ്ചാരികൾക്ക് പ്രവേശനമുണ്ട്. അതേസമയം, പബ്ബുകളും ബാറുകളും ഇതുവരെ തുറന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.