മനം കുളിർപ്പിക്കും ഇല്ലത്ത്കാവ്
text_fieldsമാരാരിക്കുളം: ജൈവവൈവിധ്യങ്ങളുടെ വേറിട്ട കാഴ്ചയാണ് ഇല്ലത്ത്കാവ്. ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാർഡിൽ സഞ്ചാരികളുടെ മനംകുളിർക്കും കാഴ്ചയാണിത്. 2.43 ഏക്കറിൽ നിറയെ മരങ്ങളാണ്. ചെറുപുന്ന, തമ്പകം, ആഞ്ഞിലി, വെറുങ്ങ്, കാട്ടുചൂരൽ, കൈത, വള്ളിച്ചെടികൾ തുടങ്ങി നൂറുകണക്കിന് മരങ്ങൾ കാവിലുണ്ട്. അപൂർവ ഔഷധസസ്യങ്ങളാൽ സമൃദ്ധമായ കാവിൽ നട്ടുച്ചക്കും തണുത്ത അന്തരീക്ഷമാണ്.
സർക്കാറിന്‍റെ റവന്യൂ പുറമ്പോക്ക് ഭൂമിയാണിത്. കാവിൽ ഒരു ചെറിയ ക്ഷേത്രമുണ്ട്. ചാരമംഗലം ശ്രീകൈലാസം ക്ഷേത്രമെന്ന് പേര്. മാടശ്ശേരി ഇല്ലക്കാരാണ് ക്ഷേത്രത്തിലെ നിത്യപൂജയടക്കം ചെയ്യുന്നത്. ഫോട്ടോഗ്രാഫർമാരുടെ ഇഷ്ട ലൊക്കേഷൻ കൂടിയാണ്. സിനിമ, ആൽബം അടക്കമുള്ള ഷൂട്ടിങ്ങിന് മറ്റു ജില്ലയിൽനിന്നുപോലും ആളുകൾ എത്തുന്നുണ്ട്. സേവ് ദ ഡേറ്റുകാർക്ക് ഏറെ പ്രിയമാണ് ഇവിടം. ഹെറിറ്റേജ് ടൂറിസം സെന്‍ററാക്കാൻ കഞ്ഞിക്കുഴി പഞ്ചായത്തുതലത്തിൽ ആലോചനയുണ്ട്. ദേശീയപാതയിൽ കണിച്ചുകുളങ്ങരയിൽനിന്ന് ആറ് കിലോമീറ്റർ കിഴക്കാണ് കാവ്.
കാവിലെ കുളവും ക്ഷേത്രവും സഞ്ചാരികൾക്ക് ഏറെ ആകർഷണമാണ്. സ്കൂൾ-കോളജ് വിദ്യാർഥികളടക്കം ദിനംപ്രതി നിരവധി പേരാണ് സന്ദർശകരായി എത്തുന്നത്. നിരവധി സെമിനാറുകൾക്കും പരിപാടികൾക്കും ഇവിടം വേദിയായിട്ടുണ്ട്. പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമാണ് ഇല്ലത്ത് കാവാണെന്നും പരിസ്ഥിതിക്ക് കോട്ടം വരാതെ ജൈവവൈവിധ്യം നിലനിർത്തുന്ന ടൂറിസത്തിന് സാധ്യതയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഗീത കാർത്തികേയനും വൈസ് പ്രസിഡന്‍റ് എം. സന്തോഷ് കുമാറും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.