ട്രെയ്നിൽ പുതപ്പ് നൽകുന്നത് പുനരാരംഭിക്കുന്നു
text_fieldsന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ട്രെയ്നിലെ പുതപ്പ്, കർട്ടൻ തുടങ്ങിയവയുടെ വിതരണം പുനരാരംഭിക്കാൻ റെയിൽവേ. ഇത് എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന് നിർദേശിച്ച് ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് റെയിൽവേ സർക്കുലർ അയച്ചു. ട്രെയ്നിലെ ഭക്ഷണവിതരണം നേരത്തേ പുനരാരംഭിച്ചിരുന്നു.
ദീർഘദൂര ട്രെയിനുകളിലടക്കം എല്ലാ ട്രെയിനിലും ജനറൽ കോച്ചുകൾ അനുവദിക്കാൻ റെയിൽവേ ബോർഡ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇളവുകളെ തുടർന്ന് ഏതാനും ട്രെയിനുകളിൽ ജനറൽ കോച്ചുകൾ ഏർപ്പെടുത്തിയെങ്കിലും നിലവിൽ അധികവും പൂർണമായും റിസർവ് കോച്ചുകളുമായാണ് ഓടുന്നത്. സ്ഥിരയാത്രക്കാർക്കടക്കം ഇത് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് റെയിൽവേ തീരുമാനം.
നേരത്തേയുണ്ടായിരുന്ന ജനറൽ കോച്ചുകളെല്ലാം റിസർവേഷൻ കമ്പാർട്ടുമെന്റുകളായാണ് ഇപ്പോൾ ഓടുന്നത്. ഈ കോച്ചുകളിലെ റിസർവേഷൻ വിലയിരുത്തിയ ശേഷമാകും അവ വീണ്ടും ജനറലുകളാക്കുക. നിലവിലെ വ്യവസ്ഥ പ്രകാരം നാല് മാസം വരെ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം. റിസർവ് ചെയ്യുന്ന യാത്രക്കാർക്കാണ് റെയിൽവേയിൽ മുൻഗണന. ഒരാളെങ്കിലും ട്രെയിൻ ബുക്ക് ചെയ്തെങ്കിൽ ആ കോച്ച് ജനറലാക്കി മാറ്റാനാകില്ല. റെയിൽവേ ബോർഡിന്റെ ഉത്തരവിറങ്ങിയ ജനുവരി 28 മുതൽ നാല് മാസം വരെയുള്ള കാലയളവിലെ ഓരോ ട്രെയിനിലെ ബുക്കിങ് നിരീക്ഷിക്കുകയും റിസർവേഷൻ ഇല്ലാത്ത തീയതി മുതൽ കോച്ചുകൾ ജനറലായി വിജ്ഞാപനം പുറപ്പെടുവിക്കുകയുമാണ് ചെയ്യുക.
ബുക്കിങ്ങിനായുള്ള പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (പി.ആർ.എസ്) മാത്രം ഉൾപ്പെടുത്തിയിരുന്ന ഈ ട്രെയിനുകൾ അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റത്തിൽ (യു.ടി.എസ്) കൂടി ഉൾപ്പെടുത്തും. ഇതോടെയേ സ്റ്റേഷനുകളിലെ കൗണ്ടറുകളിൽ ജനറൽ ടിക്കറ്റ് ലഭ്യമാകൂ. കൂടുതലും ദീർഘദൂര ട്രെയിനുകളിലാണ് ഇനി ജനറൽ കമ്പാർട്ട്മെന്റുകൾ ഏർപ്പെടുത്താനുള്ളത്. വിവിധ ഡിവിഷനുകളെയും സോണുകളെയും ബന്ധിപ്പിച്ച് ഓടുന്നവയായതിനാൽ മറ്റ് സോണുകളിലെ കൂടി റിസർവേഷൻ പരിഗണിക്കണമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. സാധാരണ ഒരുമാസം വരെയാണ് റിസർവേഷൻ ഉണ്ടാകാറ്. മേയ് മാസത്തോടെ ദീർഘദൂര ട്രെയിനുകളിലും ജനറൽ കോച്ചുകൾ തിരികെയെത്തിയേക്കും.
നേരത്തേ ജനശതാബ്ദികളിലും രാജധാനികളിലും തുരന്തോകളിലുമൊഴികെ മറ്റെല്ലാ ട്രെയിനുകളിലും ജനറൽ കോച്ചുകൾ ഏർപ്പെടുത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചെങ്കിലും ജനറൽ കോച്ചുകളോട് റെയിൽവേ മുഖം തിരിക്കുകയായിരുന്നു. രാത്രി തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന അമൃത എക്സ്പ്രസ്, മംഗലാപുരം എക്സ്പ്രസ്, കൊച്ചുവേളിയില്‍നിന്നുള്ള നിലമ്പൂര്‍ എക്സ്പ്രസ് എന്നിവയിലടക്കം ജനറല്‍ ടിക്കറ്റോ അണ് റിസര്‍വ്ഡ് കോച്ചുകളോ ഏർപ്പെടുത്താത്തത് ചികിത്സക്കായി തലസ്ഥാനത്തെത്തുന്നവരെയടക്കം പ്രതിസന്ധിയിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.