ഇന്ത്യൻ സഞ്ചാരികളുടെ വരവ് കൂടി; വിസ ഓൺ അറൈവൽ സൗകര്യം പുനരാരംഭിച്ച് ശ്രീലങ്ക
text_fieldsസഞ്ചാരികളുടെ പ്രിയപ്പെട്ട നാടാണ് ശ്രീലങ്ക. ഇന്ത്യയിൽനിന്ന് ചെലവ് കുറച്ചുപോകാൻ കഴിയുന്ന ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഈ ദ്വീപ് രാജ്യം. കോവിഡ് കാരണം ഏറെനാൾ രാജ്യം അടച്ചിട്ടിരിക്കുകയായിരുന്നു. ഈയിടെയാണ് വീണ്ടും വിദേശികൾക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്.
രാജ്യത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം പുനരാരംഭിക്കുമെന്ന് ശ്രീലങ്കൻ അധികൃതർ അറിയിച്ചു. ഓൺ-അറൈവൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇ.ടി.എ) സൗകര്യം ഇന്ത്യൻ വിനോദസഞ്ചാരികൾക്കും മറ്റ് രാജ്യങ്ങളിൽനിന്ന് വരുന്നവർക്കും ലഭ്യമാകും. അതേസമയം പാകിസ്താൻ, അഫ്ഗാനിസ്താൻ, നൈജീരിയ, സിറിയ, ഐവറി കോസ്റ്റ്, ഘാന, മ്യാൻമർ, കാമറൂൺ, ഉത്തര കൊറിയ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ പാസ്‌പോർട്ട് ഉടമകൾക്ക് ഈ സൗകര്യം ലഭ്യമാകില്ല.
ഓൺലൈൻ വഴിയും ഇ.ടി.എ എടുക്കാം. സഞ്ചാരികൾ ശ്രീലങ്കയിൽ വരുന്നതിന് മുമ്പ് തന്നെ ഇ.ടി.എ കരസ്ഥമാക്കുന്നതാണ് ഉചിതമെന്നും അധികൃതർ അറിയിച്ചു.
കോവിഡിന് ശേഷം ശ്രീലങ്കയിലേക്ക് കൂടുതലും വരുന്നത് ഇന്ത്യക്കാരാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാന ടിക്കറ്റിലെ ആകർഷകമായ ഓഫറുകളും ക്വാറന്റൈൻ രഹിത താമസവും ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്.
ശ്രീലങ്കയിൽ എത്തുന്ന എല്ലാ സഞ്ചാരികൾക്കും സാധുതയുള്ള യാത്രാ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണം. ഇൻഷുറൻസ് പരിരക്ഷ https://portal.pionline.lk/covidinsurance/ എന്ന ലിങ്ക് വഴി ലഭിക്കും. കോവിഡ് ചികിത്സയ്ക്കുള്ള പരിരക്ഷ ഉൾപ്പെടെ കുറഞ്ഞത് 50,000 യു.എസ് ഡോളറിന്റെ കവറേജ് ലഭിക്കും. 12 ഡോളറാണ് നിരക്ക്. വിമാനത്തിൽ കയറുന്നതിന് മുമ്പ് ഇൻഷുറൻസ് പരിരക്ഷ ആവശ്യമില്ലെങ്കിലും, ശ്രീലങ്കയിൽ എത്തിയശേഷം ഇത് നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.