ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര പോകാം; പട്ടികയിൽ പുതിയൊരു രാജ്യം കൂടി വരുന്നു
text_fieldsഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാൻ കഴിയുന്ന നാടുകളുടെ പട്ടികയിലേക്ക് മറ്റൊരു രാജ്യം കൂടി കടന്നുവരുന്നു. തെക്കേ അമേരിക്കയിലെ സുരിനാമിലേക്ക് വിസരഹിത യാത്ര സാധ്യമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ആദ്യചുവടുവെപ്പ് സ്വീകരിക്കാൻ തങ്ങളുടെ രാജ്യം തയാറാണെന്ന് സുരിനാം പ്രസിഡന്‍റ് ചന്ദ്രിക പേർസാദ് സന്തോഖി പറഞ്ഞു. കഴിഞ്ഞദിവസം ഇന്ത്യ സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ വംശജനായ സന്തോഖി.
പുതിയ നീക്കം ഇരുരാജ്യങ്ങൾക്കും അഭിവൃദ്ധി കൊണ്ടുവരുമെന്നും വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ തുടർനടപടികൾ ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ 20ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര പോകാനാകും.
ഡച്ച് കൊളോണിയൽ വാസ്തുവിദ്യയും ഉഷ്ണമേഖലാ മഴക്കാടുകളും നിറഞ്ഞ തെക്കേ അമേരിക്കയിലെ ചെറിയ രാജ്യമാണ് സുരിനാം. 17ാം നൂറ്റാണ്ടിലെ ട്രേഡിംഗ് പോസ്റ്റ്, ഫോർട്ട് സീലാണ്ടിയ, 1885ൽ നിർമിച്ച സെന്‍റ് പീറ്റർ, പോൾ ബസിലിക്ക തുടങ്ങി നിരവധി സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. പ്രസിഡൻറ് ഉൾപ്പെടെ ധാരാളം ഇന്ത്യൻ വംശജർ കൂടിയുള്ള നാടാണ് സുരിനാം. ചന്ദ്രിക പേർസാദ് സന്തോഖി തന്നെയാണ് ഇൗ വർഷത്തെ ഇന്ത്യയുടെ റിപബ്ലിക് ദിനത്തിൽ പ്രധാന അതിഥിയായി എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.