അരൂർ, സൗന്ദര്യ തുരുത്തുകളുടെ നാട്
text_fieldsഅരൂർ: നാഷനൽ ജ്യോഗ്രഫിക് മാസികയിൽ 2016ൽ ഇന്ത്യയിൽനിന്ന് ഒരു സ്ഥലം മാത്രമാണ് കടന്നുകൂടിയത്. പ്രകൃതിഭംഗിയുടെ അവസാനവാക്കായി വിദേശികൾ വിശേഷിപ്പിക്കുന്ന കൊച്ചുകേരളത്തിൽനിന്നൊരു കായൽ ദ്വീപാണത്. അരൂർ മേഖലയിലെ കാക്കത്തുരുത്ത്. ദിവസത്തിൽ ഓരോ മണിക്കൂറും ചെലവിടാൻ നിങ്ങൾ 24 സ്ഥലങ്ങളെ തെരഞ്ഞെടുത്താൽ അതിൽ ഏതെല്ലാമുണ്ടാവും ..? തെല്ലൊന്ന് ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ ചോദ്യത്തിനുള്ള ഉത്തരത്തിനുവേണ്ടിയുള്ള അന്വേഷണമായിരുന്നു മാഗസിന്‍റേത്. നൂറുശതമാനം സഞ്ചാരികളെ മോഹിപ്പിച്ചുപോകുന്ന പ്രദേശങ്ങളിൽ ആദ്യശ്രേണിയിൽ കാക്കകൾ ചേക്കേറുന്ന, വേമ്പനാട്ടുകായലിൽ സമാധാനമായി ശയിക്കുന്ന ഈ ദ്വീപുമുണ്ട്. മാഗസിൻ എഴുതി...'ചെറുവഞ്ചികളിൽ വീടണയുന്ന മീൻ പിടിത്തക്കാർ, ഭാരതീയസംസ്കാരത്തെ മകുടോദാഹരണമായ സാരി ധരിച്ച് സന്ധ്യാദീപം കൊളുത്തുന്ന സ്ത്രീകൾ, അഴിമുഖങ്ങളിൽ വലിയ സുവർണ പതാക കണക്കെ ചീനവലകൾ, ശലഭങ്ങളെ ഇരയാക്കുന്ന കടവവ്വാലുകൾ ചക്രവാളത്തിലേക്ക് ചിറകടിക്കുന്നു. ഈ ചാരുതയെ എന്തുപേരിട്ട് വിളിക്കണം. അറിയില്ല. മാസികയുടെ എഡിറ്റർ ഇൻ ചീഫ് ജോർജ് ഡബ്ല്യു സ്റ്റോൺ വാഷിങ്ടണിൽനിന്ന് എഴുതിയ ചെറുവിവരണം ഇങ്ങനെ പോകുന്നു.
ഇളം നീലനിറത്തിൽ ധാവണിയണിഞ്ഞ ആകാശത്തിന് കീഴിൽ സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്ന വേള, അവിടെ ചുവപ്പും മഞ്ഞയും നീലയും ഇടകലർന്ന നിറം മാറ്റം. ലോകത്തിൽ ഇങ്ങനെയൊരു മനോഹരദൃശ്യം കാണണമെങ്കിൽ നിങ്ങൾ ആറുമണിയോടെ ഈ ദ്വീപിൽ ഉണ്ടായിരിക്കണമെന്ന് ലോകസഞ്ചാരികളോട് നാഷനൽ ജിയോഗ്രഫി ഫോട്ടോമാഗസിൻ പറഞ്ഞിട്ട് ഏഴുവർഷം കഴിഞ്ഞു. ലോകത്ത് വേറെ ഒരു സ്ഥലത്തെക്കുറിച്ചായിരുന്നു ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ, ഇതിനകം ആ സ്ഥലം വലിയ ഒരുവിനോദസഞ്ചാര കേന്ദ്രമാകുമായിരുന്നു.
കായൽ സൗന്ദര്യത്തിെൻറ പറുദീസ...
വിശാലമായ വേമ്പനാട്ടുകായലും ചെറുകായലുകളും തോടുകളും അരൂർ മേഖലയിൽ സുലഭമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പേ കായൽ ടൂറിസം, ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും തുടർന്നുപോകുന്ന അപൂർവം സ്ഥലങ്ങളിൽ ഒന്നാണ് കുത്തിയതോട് പഞ്ചായത്തിലെ തഴുപ്പ് കായൽ വിനോദസഞ്ചാരം. നിശ്ചലതടാകത്തിന് തുല്യമായ കായൽ, ഗ്രാമീണജീവിതങ്ങളുടെ നേർക്കാഴ്ചക്ക് യോജിച്ച വഞ്ചിയാത്ര, തിരക്കുകളിൽനിന്ന് അകന്ന് സ്വച്ഛവും ശാന്തവുമായ അന്തരീക്ഷം. യന്ത്രസഹായമില്ലാതെ കഴുക്കോലുകൊണ്ട് ഊന്നൂന്ന ജലയാനങ്ങൾ ഇവയൊക്കെയാണ് തഴുപ്പ് കായൽ ടൂറിസത്തിന്റെ വിജയഘടകങ്ങൾ. അരൂർ മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളും കായൽ സ്പർശികളാണ്. കായലിലെ മീൻപിടിത്തവും കക്കവാരലും ഉപജീവനമാക്കിയവർ നിരവധിയാണ്. സഞ്ചാരികൾക്ക് കായൽ ജോലികളുടെ നേരനുഭവങ്ങൾ ആസ്വദിക്കാൻ, പഠിക്കാൻ സൗകര്യമുണ്ടാക്കിയാൽ വിദേശവിനോദസഞ്ചാരികളെ മാത്രമല്ല സ്വദേശികളായ സഞ്ചാരികളെയും ആർഷിക്കാൻ കഴിയും. പെരുമ്പളം പോലുള്ള തുരുത്തുകളിലെ ജൈവവൈവിധ്യവും അന്യമാകുന്ന കാവുകളും കുളങ്ങളും വിദേശസഞ്ചാരികൾക്ക് കാട്ടിക്കൊടുക്കാനും കഴിയും. കായൽ വിഭവങ്ങളുടെ പാകപ്പെടുത്തലും രുചിഭേദങ്ങളുടെ ആസ്വാദനത്തിനും വഴിതുറക്കാം.
ചുവടുവെപ്പില്ല സാധ്യതകളിലേക്ക്
അരൂർ, അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന എന്നിങ്ങനെ അരൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും വേമ്പനാട്ടുകായലും കൈവഴി കായലുകളുടെയും അതിരുകളാക്കിയവയാണ്. അതുകൊണ്ടുതന്നെ അനന്തമാണ് അവയുടെ വിനോദസഞ്ചാര സാധ്യതകൾ. എന്നാൽ, ഗൗരവത്തിൽ ഈ സാധ്യതകളെക്കുറിച്ച് ബന്ധപ്പെട്ടവർ അന്വേഷിച്ചിട്ടില്ല, പഠിച്ചിട്ടില്ല. കോടികൾ മുടക്കി കായലോരങ്ങളിൽ ചില കെട്ടിടങ്ങൾ പണിതുകൂട്ടിയതു മാത്രം.
പിച്ചവെക്കുന്ന വിനോദസഞ്ചാരം...
അരൂർ മണ്ഡലത്തിലെ ത്രിതല പഞ്ചായത്തുകളിലെ ബജറ്റുകൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. കായൽ ടൂറിസത്തിന് സാധ്യതകൾ പരിശോധിക്കാൻ പല പഞ്ചായത്തുകളും തുക മാറ്റിവെച്ചിട്ടുണ്ട്. ചില പഞ്ചായത്തുകൾ കായൽ ടൂറിസം ആരംഭിക്കാൻ സംരംഭകരെ തേടുന്നുമുണ്ട്. അതേസമയം, മെഗാസർക്യൂട്ട് ടൂറിസത്തിന്റെ പേരിൽ കോടികൾ വിലമതിക്കുന്ന ഹൗസ്ബോട്ടുകളുടെ ലാൻഡിങ് സെൻററുകൾ അരൂക്കുറ്റിയിലും കുത്തിയതോട് പഞ്ചായത്തിലും പണിതിട്ട് വർഷങ്ങൾ കഴിയുന്നു. ഇപ്പോൾ ഇവ സാമൂഹിക വിരുദ്ധരുടെ താവളമാണ്.
ജില്ല പഞ്ചായത്തും ടൂറിസം വകുപ്പും ചേർന്ന് താൽപര്യം എടുത്താൽ അരൂർ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളെയും കോർത്തിണക്കിയുള്ള സർക്യൂട്ട് ടൂറിസത്തിന് പദ്ധതി തയറാക്കി വിനോദസഞ്ചാരം ആരംഭിക്കാം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വിദേശികളായ വിനോദസഞ്ചാരികൾക്ക് റോഡ് വഴിയുള്ള ശ്വാസം മുട്ടിക്കുന്ന തിക്കും തിരക്കും ഏറെയുള്ള മണിക്കൂറുകൾ നീളുന്ന മടുപ്പൻ സഞ്ചാരത്തിനുപകരം കായലോളങ്ങളിൽ മെല്ലെ ഒഴുകുന്ന ഹൗസ്ബോട്ടിൽ തണുത്ത കാറ്റേറ്റ് സുഖകരമായ യാത്ര പനങ്ങാട് നിന്നേ ആരംഭിക്കാം. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.