ഇടുക്കി നിറഞ്ഞ് സഞ്ചാരികൾ
text_fieldsതൊടുപുഴ: അവധി ആഘോഷമാക്കി ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു.വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് സഞ്ചാരികൾ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെത്തി. കുട്ടികളും സ്ത്രീകളുമടക്കം സന്ദർശകരുടെ തിരക്കിൽ പല വിനോദസഞ്ചാര കേന്ദ്രങ്ങളും വീർപ്പുമുട്ടി.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് (ഡി.ടി.പി.സി) കീഴിലെ മാട്ടുപ്പെട്ടി, രാമക്കൽമേട്, അരുവിക്കുഴി, ശ്രീനാരായണപുരം, വാഗമൺ മൊട്ടക്കുന്ന്, വാഗമൺ അഡ്വഞ്ചർ പാർക്ക്, പാഞ്ചാലിമേട്, ഇടുക്കി ഹിൽവ്യൂ പാർക്ക്, ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ക്രിസ്മസ് ദിനമായ ഞായറാഴ്ചയായിരുന്നു തിരക്ക് കൂടുതൽ.
ഡി.ടി.പി.സിയുടെ കീഴിലെ ഒമ്പത് കേന്ദ്രങ്ങളിലായി ഡിസംബർ 21 മുതൽ 25 വരെ അഞ്ച് ദിവസങ്ങളിലായി 47,144 പേർ എത്തിയതായാണ് കണക്ക്. പുതുവത്സരാഘോഷത്തോടെ അവധി ദിനങ്ങൾ തീരും മുമ്പായി സന്ദർശകരുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്നാണ് കണക്കുകൂട്ടൽ.
കോവിഡ് കവർന്ന രണ്ട് വർഷത്തിനു ശേഷമുള്ള ക്രിസ്മസ്, പുതുവത്സര വേളയിൽ സഞ്ചാരികളെ വരവേൽക്കാൻ എല്ലാ കേന്ദ്രങ്ങളിലും ഡി.ടി.പി.സി മുന്നൊരുക്കം നടത്തിയിരുന്നു. എങ്കിലും സന്ദർശക തിരക്ക് ഏറിയതോടെ മിക്ക സ്ഥലങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി. മൂന്നാർ ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ ഡിസംബർ 24 മുതൽ ജനുവരി ഒന്ന് വരെ വൈകീട്ട് ഏഴിന് വിന്‍റർ മ്യൂസിക്കൽ നൈറ്റ്സ് എന്ന പേരിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
വാഗമൺ തന്നെ പ്രിയം
ഡി.ടി.പി.സിയുടെ കീഴിലെ കേന്ദ്രങ്ങളിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് വാഗമണ്ണിലാണ്. മൊട്ടക്കുന്നുകളിലും അഡ്വഞ്ചർ പാർക്കിലുമായി 20,362 പേരെത്തി. ഇവരിൽ 9137 പേരും ക്രിസ്മസ് ദിനത്തിൽ മാത്രം എത്തിയവരാണ്.ഡിസംബർ 21ന് 3013 പേരും 22ന് 3578 പേരും 23ന് 6169 പേരും 24ന് 12,635 പേരും 25ന് 21,749 പേരും ഡി.ടി.പി.സിയുടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.
അഞ്ചു ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചവരുടെ എണ്ണം ഇപ്രകാരമാണ്: വാഗമൺ മൊട്ടക്കുന്ന് 14,498, രാമക്കൽമേട് 5996, വാഗമൺ അഡ്വഞ്ചർ പാർക്ക് 5864, പാഞ്ചാലിമേട് 5805, ശ്രീനാരായണപുരം 5404, ബൊട്ടാണിക്കൽ ഗാർഡൻ 3935, ഇടുക്കി ഹിൽവ്യൂ പാർക്ക് 2633, മാട്ടുപ്പെട്ടി 1632, അരുവിക്കുഴി 1377.
ഡാം കണ്ട് മടങ്ങിയത് 20,000 പേർ
ഇടുക്കി അണക്കെട്ട് കാണാനും സന്ദർശകരുടെ തിരക്കേറി. ഡിസംബർ രണ്ട് മുതൽ 26 വരെ കുട്ടികളടക്കം 20,000ത്തോളം പേർ അണക്കെട്ട് സന്ദർശിച്ചതായാണ് കണക്ക്. 11 ലക്ഷത്തോളം രൂപയാണ് ഈ കാലയളവിൽ ടിക്കറ്റിൽനിന്നുള്ള വരുമാനം.
ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ ജനുവരി 31 വരെ പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിച്ചിട്ടുണ്ട്. രാവിലെ ഒമ്പതര മുതൽ വൈകീട്ട് അഞ്ച് വരെയാണ് സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക കാര്യങ്ങളും പരിശോധിക്കുന്ന ബുധനാഴ്ചകളിൽ അനുമതി ഇല്ല.
തേക്കടിയിൽ താമസസ്ഥലങ്ങൾ നിറഞ്ഞു
കുമളി: ഇടവേളക്കുശേഷം തേക്കടിയിൽ വിനോദ സഞ്ചാരികളുടെ അഭൂതപൂർവമായ തിരക്ക്. തേക്കടി, കുമളി മേഖലകളിലെ റിസോർട്ടുകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലൊന്നും മുറികൾ കിട്ടാനില്ല.താമസസ്ഥലങ്ങൾ നിറഞ്ഞതോടെ സഞ്ചാരികൾ 30 കിലോമീറ്റർ അകലെ പീരുമേട് മുതൽ വണ്ടിപ്പെരിയാർ, അണക്കര മേഖലകളിലാണ് താമസസൗകര്യം തേടുന്നത്.
കോവിഡ് പ്രതിസന്ധിക്കുശേഷം ആദ്യമായാണ് തേക്കടിയിൽ ഇത്രയധികം തിരക്ക്. നേരിയ മഴയും തണുപ്പും ഒപ്പം മഞ്ഞും കൂടി എത്തിയതോടെ സഞ്ചാരികൾക്ക് ഏറെ ആഹ്ലാദം. തമിഴ്നാടിന് പുറമെ പുതുച്ചേരി, മഹാരാഷ്ട്ര, കർണാടക തുടങ്ങി ഡൽഹി വരെയുള്ള സഞ്ചാരികളാണ് തേക്കടിയിലുള്ളത്. പുതുവർഷത്തെ ആദ്യ ആഴ്ചവരെ തിരക്ക് തുടരുമെന്നാണ് കരുതുന്നത്.തേക്കടി തടാകത്തിലൂടെ ബോട്ട് സവാരി, കാട്ടിനുള്ളിലെ ട്രക്കിങ്, താമസം, ആനസവാരി, സത്രം, മുന്തിരിത്തോപ്പ് യാത്ര എന്നിവയെല്ലാം ആസ്വദിച്ചാണ് സഞ്ചാരികളുടെ മടക്കം.
മുണ്ടക്കയം-കുട്ടിക്കാനം റൂട്ടിൽ ഗതാഗത തടസ്സം
പീരുമേട്: ദേശീയപാത 183ൽ കുട്ടിക്കാനം -മുണ്ടക്കയം റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം. രണ്ടു ദിവസമായി ഗതാഗത തടസ്സം തുടരുകയാണ്.20 കിലോമീറ്റർ പിന്നിടാൻ ഒരു മണിക്കൂറിലധികം വേണ്ടിവരുന്നു. ഇതുമൂലം സർവിസ് ബസുകളും വൈകുകയാണ്.തേക്കടി, വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശകരുടെ ഒഴുക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർഥാടകരുടെ വാഹനങ്ങളും കൂടിയാകുമ്പോൾ റോഡിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ക്രിസ്മസ് ദിവസം രാവിലെ ആരംഭിച്ച തിരക്ക് തിങ്കളാഴ്ചയും തുടർന്നു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 36-ാം മൈൽ, കൊടികുത്തി, ചുഴുപ്പ് എന്നിവിടങ്ങളിൽ ഒരു സൈഡിൽ കൂടി മാത്രമാണ് ഗതാഗതം.പുല്ലുപാറ, വളഞ്ചാങ്കാനം പാലം എന്നിവിടങ്ങളിൽ റോഡിനിരുവശവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. ക്രിസ്മസ് ദിവസം വൈകീട്ട് നാല് മുതൽ രാത്രി 10 വരെ നൂറുകണക്കിന് വാഹനങ്ങളാണ് ഗതാഗതക്കുരുക്കിൽപെട്ട് റോഡിൽ കിടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.