ടൂറിസം കേന്ദ്രങ്ങളിൽ തിരക്ക്; കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
text_fieldsപത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതിനെത്തുടർന്ന് തുറന്ന അടവി കുട്ടവഞ്ചി സാവാരി കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. സഞ്ചാരികൾ കൂട്ടമായെത്തിയതോടെ കഴിഞ്ഞദിവസങ്ങളിൽ റെേക്കാഡ് കലക്ഷനായിരുന്നു. ദിവസവും രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിെൻറ പ്രവർത്തനം.
നാലുപേർക്ക് ഒരു കുട്ടവഞ്ചിയിൽ യാത്ര ചെയ്യാം. മുണ്ടോമൂഴി കടവിൽനിന്ന് ആരംഭിച്ച് അതെ കടവിൽ തിരികെയെത്തുന്ന അരമണിക്കൂർ വരുന്ന ഹ്രസ്വദൂര സവാരിക്ക് ടിക്കറ്റ് നിരക്ക് 500 രൂപയാണ്. മുണ്ടോമൂഴി കടവിൽനിന്ന് തുടങ്ങി പെരുവാലിയിൽ അവസാനിക്കുന്ന രണ്ടുകിലോമീറ്ററോളം ദൂരമുള്ള ദീർഘദൂര സവാരിക്ക് ടിക്കറ്റ് നിരക്ക് 900 രൂപയാണ്.
പരിഷ്കരിച്ച കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിെൻറ പ്രവർത്തനം. കോവിഡ് വാക്സിൻ രണ്ടുഡോസ് എടുത്തവർക്കാണ് പ്രവേശനം. ഇവിടെ ജോലി ചെയ്യുന്നവർക്കും ഇത് ബാധകമാണ്. വാക്സിൻ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ. ടി.പി.സി.ആർ പരിശോധനഫലം നെഗറ്റിവായ സർട്ടിഫിക്കറ്റോ സഞ്ചാരികളുടെ കൈവശമുണ്ടാകണം എന്നതാണ് വ്യവസ്ഥ.
പെരുവാലിയിലെ മുളംകുടിലുകളിൽ തങ്ങാൻ ആവശ്യക്കാരേറെയുണ്ടെങ്കിലും അറ്റകുറ്റപ്പണി നടക്കാത്തതിനാൽ കോവിഡ് നിയന്ത്രണങ്ങൾ മാറിയെങ്കിലും തുറന്നുകൊടുക്കാൻ കഴിഞ്ഞിട്ടില്ല. ചുഴലിക്കാറ്റിൽ മരംവീണു മുളംകുടിലുകളുടെ മേൽക്കൂര തകർന്നിട്ട് മാസങ്ങളായി.
ചോർച്ച കാരണം ഇവ ഉപയോഗിക്കുന്നില്ല. തുടക്കത്തിൽ രണ്ടുവർഷം മികച്ച വരുമാനമാണ് കുടിലുകളിൽനിന്ന് ലഭിച്ചത്. പിന്നീട് യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുമൂലം പല സീസണുകളിലും വരുമാന നഷ്ടമുണ്ടായി. ഡിസംബറിൽ സീസൺ തുടങ്ങുന്നതിന് മുമ്പ് കുടിലുകളുടെ അറ്റകുറ്റപ്പണി തീർത്ത് ഓൺലൈൻ ബുക്കിങ് ആരംഭിച്ചാലെ സഞ്ചാരികളെ ആകർഷിക്കാൻ കഴിയൂ. ഇതോടെ വരുമാനത്തിലും വലിയ വർധന ഉണ്ടാകുമെന്ന് ഉറപ്പാണ്.ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഞായറാഴ്ച വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഏറെക്കാലമായി വീട്ടിൽ അടച്ച് കഴിഞ്ഞവർക്ക് പുറത്തിറങ്ങാൻ കഴിയുന്നതിലെ ആഹ്ലാദം എങ്ങും പ്രകടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.