അടിസ്ഥാന സൗകര്യ വികസനം വൈകുന്നു; മൂന്നാറിൽ സഞ്ചാരികൾ വലയുന്നു
text_fieldsമൂന്നാർ: ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കാൻ വൈകുന്നു. കേരളത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളാണ് ഇതുമൂലം വലയുന്നത്.
പള്ളിവാസൽ മുതൽ ചിന്നാർ വരെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനാണ് മൂന്നിറിലേക്ക് സഞ്ചാരികൾ എത്തുന്നത്. എന്നാൽ, ഇവിടേക്ക് സീസണുകളിൽ എത്തുന്നവർ പല കാരണങ്ങൾ കൊണ്ട് വിഷമിക്കുകയാണ്.
അനിയന്ത്രിതമായി എത്തുന്ന വാഹനങ്ങളുടെ പാർക്കിങ് ആണ് ഏറ്റവും വലിയ പ്രശ്നം. പഴയ മൂന്നാർ മുതൽ നല്ലതണ്ണി പാലം വരെ ഭാഗങ്ങളിൽ അശാസ്ത്രീയമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ കിലോമീറ്ററുകൾ നീളത്തിൽ വാഹനക്കുരുക്ക് രൂപപ്പെടും. ഇരുഭാഗങ്ങളിലേക്കും വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെവരുന്നതോടെ ഡ്രൈവർമാർ തമ്മിൽ വാക്കേറ്റം പതിവാണ്.
മൂന്നാറിൽ പാർക്കിങ്ങിന് ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുകയാണ് പരിഹാരമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനായി പല പദ്ധതികളും തയാറാക്കിയിരുന്നു. ദേവികുളം കവലയിൽ ബഹുനില പാർക്കിങ് കേന്ദ്രവും ഓട്ടോമാറ്റിക് ലിഫ്റ്റ് സംവിധാനവുമായിരുന്നു ഇതിൽ പ്രധാനം. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനായിരുന്നു ആലോചന. പക്ഷേ, മൂന്നാറിെൻറ മുഖച്ഛായ മാറുന്ന പദ്ധതിയിൽ ആരും താൽപര്യം കാണിച്ചില്ല. ഈ ഓണക്കാലത്തും ടൗണിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായി.
മൂന്നാർ ടൗൺ, മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിൽ പാർക്കിങ് കേന്ദ്രങ്ങൾ നിർമിക്കണമെന്നാണ് ആവശ്യം. കുട്ടികൾക്ക് കളിക്കാനോ മുതിർന്നവർക്ക് വിശ്രമിക്കാനോ ഒരു സംവിധാനവും മൂന്നാറിലില്ല. ആകെയുള്ളത് പഴയമൂന്നാറിലെ ബ്ലോസം പാർക്കാണ്. അത് അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുകയാണ്. ഇതിനൊപ്പമാണ് മറയൂർ റോഡിലെ തകരാറുകൾ.
ഇത് അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവും ശക്തമാണ്. മൂന്നാർ മുതൽ മറയൂർ വരെ ഇരുപതോളം സ്ഥലങ്ങളിലാണ് റോഡ് ഇടിഞ്ഞിരിക്കുന്നത്. സാധാരണ സമയങ്ങളിൽ തിരക്ക് കുറവുള്ളപ്പോൾ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടാറില്ലെങ്കിലും സീസൺ സമയങ്ങളിൽ സ്ഥിതി മറിച്ചാണ്. തിരക്ക് മുന്നിൽകണ്ട് സൗകര്യം ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.