ചടയമംഗലത്തെ ജഡായുപ്പാറയിൽ പ്രവേശനം നിഷേധിച്ചതിന് അരലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsപഴയങ്ങാടി (കണ്ണൂർ): കൊല്ലം ചടയമംഗലത്തെ പക്ഷി ശിൽപ സമുച്ചയമായ ജഡായുപ്പാറ സന്ദർശനെത്തിയവർക്ക് പ്രവേശനം നിഷേധിച്ച അധികൃതർ 52,775 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിച്ചു. കഴിഞ്ഞവർഷം സെപ്റ്റംബർ ഒന്നിനാണ് നഷ്ടപരിഹാര വിധിക്ക് ആസ്പദമായ സംഭവം.
നെരുവമ്പ്രം യു.പി സ്കൂളിലെ അധ്യാപകരായിരുന്ന കെ. പത്മനാഭൻ, വി.വി. നാരായണൻ, വി.വി. രവി, കെ. വിനോദ്കുമാർ, കെ. മനോഹരൻ എന്നിവരടങ്ങുന്ന സംഘം ടിക്കറ്റെടുത്ത് ബസ് സ്റ്റേഷനിൽനിന്ന് റോപ് വേ മാർഗം ജഡായുപ്പാറക്ക് മുകളിലെത്തി. എന്നാൽ, ടിക്കറ്റ് ലഭിച്ച സന്ദർശകരെ അകത്ത് പ്രവേശന വിലക്ക് ബോർഡുവെച്ച് തടഞ്ഞ നടപടിക്കെതിരെയാണ് ഉഷ ബ്രിക്കോ ലിമിറ്റഡ്, ജഡായു പാറ ടൂറിസം പ്രോജക്റ്റ് സ്ഥാപനം ഉടമകൾക്കെതിരെ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ പരാതി നൽകിയത്. പ്രതിചേർക്കപ്പെട്ട രണ്ടു കക്ഷികളും 25,000 രൂപ വീതവും ടിക്കറ്റ് തുകയായ 2775 രൂപ രണ്ടു കക്ഷികളും കൂട്ടായും ഒരു മാസത്തിനകം നൽകണമെന്നാണ് വിധി.
നഷ്ടപരിഹാരം നൽകുന്നതിനു കാലതാമസം വരുത്തിയാൽ ഒമ്പത് ശതമാനം പലിശ നൽകണമെന്നും വിധിയിൽ പറഞ്ഞു. ഹരജിക്കാർക്ക് വേണ്ടി അഭിഭാഷകൻ ടി.വി. ഹരീന്ദ്രൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.