കടമ്പ്രയാർ ടൂറിസം: ഇനിയെങ്കിലും മുഖം മിനുക്കുമോ
text_fieldsകിഴക്കമ്പലം: മൂന്നു വർഷത്തിലധികമായി അടഞ്ഞുകിടന്ന കടമ്പ്രയാർ ടൂറിസം മേഖലയിൽ മുഖം മിനുക്കാനൊരുങ്ങി ടൂറിസം വകുപ്പ്. ഇതിന്റെ ഭാഗമായി അടുത്ത മൂന്നു വർഷത്തേക്ക് ടൂറിസത്തിന്റെ നടത്തിപ്പ് പുതിയ കരാറുകാരന് നൽകി. പഴയ കരാറുകാരൻ കരാർ പാലിക്കാൻ തയ്യാറാകാതെ വന്നതോടെ നിർമാണ പ്രവർത്തനങ്ങൾക്കാണന്ന് ചൂണ്ടികാട്ടി തുറന്നുപ്രവർത്തിച്ചിരുന്നില്ല.
എന്നാൽ, പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യം വർധിക്കുന്നതായി നാട്ടുകാരും പരിസരവാസികളും ടൂറിസം വകുപ്പിനും കലക്ടർക്കും പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് കലക്ടറുടെ നിർദേശപ്രകാരം ടൂറിസം വകുപ്പ് പുതിയ കരാറിനായി ടെൻഡർ നടപടികൾ പൂർത്തീകരിച്ചത്.
2007ൽ ആരംഭിച്ച ടൂറിസം പദ്ധതി കോടികൾ മുടക്കുന്നതല്ലാതെ പ്രയോജനത്തിലേക്ക് എത്തുന്നില്ലെന്നാണ് പരാതി. പഴങ്ങനാട് പുതുശ്ശേരി കടവിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. തുടർന്ന് മനക്കക്കടവിലും പ്രവർത്തനങ്ങൾ നടത്തി.
റസ്റ്റോറൻറ്, കടമ്പ്രയാർ തോടരികിലൂടെയുള്ള നടപ്പാത, രണ്ടു മഴവിൽ പാലങ്ങൾ, ബോട്ടിങ്, കലാപ്രകടന കേന്ദ്രങ്ങൾ, ചൂണ്ടയിടാൻ സൗകര്യം എന്നിവയാണ് ഒരുക്കിയിരുന്നത്. എന്നാൽ റെസ്റ്റോറൻറ് കെട്ടിടം, നടപ്പാത, കൈവരി എന്നിവയെല്ലാം നശിച്ച നിലയിലാണ്.
മഴവിൽ പാലങ്ങളുടെ വാർഷിക അറ്റകുറ്റപണികളും പൂർത്തിയാക്കിയിട്ടില്ല. ബോട്ടിങ്ങിന് നേരത്തെ ചളി നീക്കം ചെയ്തിരുന്നങ്കിലും മഴ പെയ്തതോടെ വീണ്ടും ചളി വന്ന് നിറഞ്ഞിരിക്കാനും സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ കടമ്പ്രയാറിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.