കാക്കത്തുരുത്തിന് സൗന്ദര്യവും പ്രശസ്തിയുമുണ്ട്, വികസന പദ്ധതികളില്ല
text_fieldsഅരൂർ: എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് ആഗോളപ്രശസ്തി നേടിയിട്ടും തിരക്കുള്ള വിനോദസഞ്ചാര കേന്ദ്രമായി മാറിയില്ല. സർക്കാർ ഏജൻസികൾ സഞ്ചാരികൾക്ക് സൗകര്യമൊന്നും ഒരുക്കിയില്ലെങ്കിലും കാക്കത്തുരുത്തിെൻറ സവിശേഷ സൗന്ദര്യത്തിലേക്ക് ആകർഷിക്കപ്പെട്ട് എത്തുന്ന സഞ്ചാരികളെ സ്വീകരിക്കാൻ ദ്വീപ് നിവാസികൾ പരിമിത സൗകര്യമൊരുക്കി കാത്തിരുന്നു.
എറൗണ്ട് ദ വേള്‍ഡ് ഇന്‍ 24 അവേഴ്സ്' എന്ന ട്രാവല്‍ ഫോട്ടോ ഫീച്ചറിലാണ് ലോകത്തെ എണ്ണംപറഞ്ഞ മാഗസിനുകളില്‍ ഒന്നായ 'നാഷനല്‍ ജ്യോഗ്രഫിക്' കേരളത്തിലെ കാക്കത്തുരുത്തിനെയും ഉള്‍പ്പെടുത്തിയത്. ഓരോ മണിക്കൂറിലും ലോകത്ത് കണ്ടിരിക്കേണ്ട കാഴ്ചകളാണ് ഫീച്ചറില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഇതില്‍ വൈകീട്ട് ആറിനുള്ള കാഴ്ചയാണ് കാക്കത്തുരുത്തിലെ മനോഹരമായ അസ്തമയം. കാക്കത്തുരുത്തിൽനിന്ന് കാണുന്ന അസ്തമയദൃശ്യത്തിെൻറ ഭംഗി മറ്റൊരിടത്തും കാണാനാവില്ലെന്നാണ് പ്രമുഖ സഞ്ചാരികൾപോലും പറയുന്നത്. ഈ അസ്തമയദൃശ്യം തന്നെ കാക്കത്തുരുത്തിന് ആഗോളപ്രശസ്തി നേടിക്കൊടുത്തു.
ലോകസഞ്ചാരഭൂപടത്തിൽ സ്ഥാനം നേടിയിട്ടും ഗ്രാമീണസൗന്ദര്യം നുകരാൻ എത്തുന്ന സഞ്ചാരികൾക്ക് കാഴ്ചകൾ ഒരുക്കാൻ ഒടുവിൽ നാട്ടുകാർ തന്നെ രംഗത്തിറങ്ങേണ്ടിവന്നു. മോട്ടോർ ഘടിപ്പിച്ച ചെറുവള്ളങ്ങളിൽ സഞ്ചാരികളെ കായൽ ചുറ്റിക്കാണിച്ചു. രുചികരമായ കായൽ മത്സ്യവിഭവങ്ങൾ ഒരുക്കി സഞ്ചാരികൾക്ക് നൽകി.
ഗ്രാമീണജീവിതത്തിെൻറ നേർക്കാഴ്ചകളും ഓല മെടയുന്നതും തെങ്ങുചെത്തുന്നതും മീൻ പിടിക്കുന്നതും കയർ പിരിക്കുന്നതും മറ്റും സഞ്ചാരികളെ ദ്വീപിൽ ചുറ്റിനടന്നു കാണിച്ചു. ചില സഞ്ചാരികൾ നേരിട്ട് ഇതെല്ലാം അനുഭവിച്ചു. ഹൗസ് ബോട്ടുകളും കായൽ കാഴ്ചക്ക് ചങ്ങാടം ഘടിപ്പിച്ച ചെറുബോട്ടുകളും തയാറാക്കി. നാടൻ പാട്ടുകളും നാടൻകളികളും ഒരുക്കാൻ ഗ്രാമീണരും രംഗത്തുണ്ട്.
പക്ഷേ, ഉല്ലസിച്ച് താമസിക്കാനുള്ള സൗകര്യമൊന്നും ദ്വീപിലുണ്ടായിരുന്നില്ല. ദ്വീപിൽ തന്നെ ചെറിയ ചില താമസസൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു. കായലോരങ്ങളിൽ അധികം ദൂരെയല്ലാത്ത റിസോർട്ടുകളെ സഞ്ചാരികൾക്ക് ബന്ധപ്പെടുത്തി കൊടുത്തു. അങ്ങനെ ഒരു വിധം ദ്വീപ് നിവാസികളെക്കൂടി ഉൾപ്പെടുത്തുന്ന ഉത്തരവാദിത്ത ടൂറിസം വികസിച്ചു വരുന്നതിനിടയാണ് കോവിഡ് വ്യാപനം പ്രഹരമായത്.
നിയന്ത്രണങ്ങൾ അയയുമ്പോൾ കാക്കത്തുരുത്തിെൻറ സൗന്ദര്യം നുകരാൻ വിനോദസഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് സംരംഭകർ. അധികൃതരിൽനിന്ന് ചെറിയ പ്രോത്സാഹനങ്ങൾ കൂടി ലഭിച്ചാൽ, കാക്കത്തുരുത്തിനെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റാമെന്ന് പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.