സൗന്ദര്യറാണിയായി കല്ലാർ വെള്ളച്ചാട്ടം
text_fieldsഅടിമാലി: ജലസമൃദ്ധിയാൽ മനോഹാരിത നിറച്ച് സഞ്ചാരികളുടെ മനംകവരുകയാണ് കല്ലാർ വെള്ളച്ചാട്ടം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ കഴിഞ്ഞാൽ കൂടുതൽ സഞ്ചാരികൾ എത്തുന്നത് കല്ലാറിലാണ്.
ഉരുളൻ പാറക്കല്ലുകൾക്കിടയിലൂടെ ആർത്തലച്ചൊഴുകുന്ന പുഴയുടെ വന്യതയാണ് ഈ വെള്ളച്ചാട്ടത്തിന്റെ വശ്യത. ദേശീയപാതയിലൂടെ മൂന്നാറിലേക്ക് വരുന്നവർ കല്ലാർ പാലത്തിൽനിന്ന് ഈ മനോഹാരിത ആസ്വദിക്കുന്നു.
മൺസൂണിന്റെ ജലസമൃദ്ധിയൊഴിയുന്ന വേനലിലും ഉരുളൻ പാറകൾക്കിടയിലൂടെ വന്യത കൈവിട്ട് ശാന്തമായി ഒഴുകി മുതിരപ്പുഴയിൽ സംഗമിക്കുന്ന കല്ലാർ പുഴയുടെ ഭാഗമാണ് ഈ വെള്ളച്ചാട്ടം. കല്ലാർ വെള്ളച്ചാട്ടം പൂർണമായി വറ്റിവരളാറില്ല എന്നതാണ് പ്രത്യേകത.
വേനൽ പിന്നിട്ട് വർഷമായാൽ രൂപത്തിലും ഭാവത്തിലും വെള്ളച്ചാട്ടം കണ്ണിന് വിരുന്നൊരുക്കുംവിധം മാറിയിട്ടുണ്ടാകും. ആർത്തലച്ച് നുരഞ്ഞൊഴുകിയെത്തുന്ന വെള്ളം പുതിയ കാഴ്ചകൾ തീർത്ത് പാലത്തിന് കീഴിലൂടെ പിന്നെയുമൊഴുകും. മഴയും കുളിരും ആസ്വദിക്കാൻ ധാരാളംപേരാണ് ഇവിടെയെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.