കരിമ്പുഴ തെരുവ് കന്നട തെരുവ്
text_fieldsഏകദേശം 600 വർഷം മുമ്പ് രാജവാഴ്ചക്കാലത്ത് കർണാടകയിൽനിന്നു കേരളത്തിലേക്ക് എത്തിയവരാണ് കരിമ്പുഴ തെരുവുകാർ. തങ്ങളുടെ വേരുകൾ ഇപ്പോഴും കന്നടനാടിനോട് ചേർത്തുവെക്കുന്നവരാണ് ഇവിടത്തെ ഓരോരുത്തരും. അതുകൊണ്ടുതന്നെ ഇവരുടെ ഭാഷയും കന്നട തന്നെ
പാലക്കാട്ടുനിന്ന് 45 കിലോമീറ്റർ ദൂരെ കരിമ്പുഴ പുഴയുടെ തീരത്താണ് കരിമ്പുഴ തെരുവ് എന്ന ഗ്രാമം. നഗരത്തിന്റെ തിരക്കുകളിൽനിന്നകന്ന് കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രത്തിനു പുറകിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾതന്നെ വേറൊരു ലോകത്തെത്തിയ പ്രതീതിയാണ്. നെയ്ത്ത് ഉപജീവനമാക്കിയ ജനതയാണ് ഇവിടെ. ഗ്രാമത്തിന്റെ ഓരോ മുക്കിലും മൂലയിലും കൈത്തറിയുടെ താളം കേൾക്കാം.
അഗ്രഹാരങ്ങളെ ഓർമിപ്പിക്കും വിധം ചെറുതും പരസ്പരം അടുത്തുനിൽക്കുന്നതുമായ വീടുകളാണ് അധികവും. ഓരോ വീട്ടുമുറ്റത്തും അരിമാവുകൊണ്ട് കോലംവരച്ചിരിക്കുന്നു. കൈത്തറിയുടെ താളാത്മക ചലനത്തിനൊപ്പം ഗതകാല സ്മരണകളെ ഉണർത്തി റേഡിയോയിൽ ആകാശവാണിയും എഫ്.എമ്മും മാറിമാറി ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു.
ഏകദേശം 600 വർഷം മുമ്പ് രാജവാഴ്ചക്കാലത്ത് കർണാടകയിൽനിന്നു കേരളത്തിലേക്ക് എത്തിയ ദേവാംഗ ചെട്ടിയാർ വിഭാഗക്കാരാണ് ഇവിടെ താമസിക്കുന്നത്. കർണാടകയിൽ മുന്നാക്ക വിഭാഗത്തിൽപെട്ട ദേവാംഗ ചെട്ടിയാർമാർ കേരളത്തിലെത്തിയപ്പോൾ ഒ.ബി.സി വിഭാഗത്തിലായി.
തങ്ങളുടെ അസ്തിത്വവും വേരുകളും ഇപ്പോഴും കന്നടനാടിനോട് ചേർത്തുവെക്കുന്നവരാണ് ഇവിടത്തെ ഓരോരുത്തരും. അതുകൊണ്ടുതന്നെ ഇവരുടെ ഭാഷ കന്നട തന്നെ. നൂറ്റാണ്ടുകളായി കേരളത്തിൽ ജീവിക്കുന്ന ഇവർ മലയാളം, തമിഴ് ഭാഷകളും സംസാരിക്കും.
കേരളത്തിലേക്കുള്ള വഴി
കേരളത്തിന്റെ ചരിത്രവുമായി ഇഴചേർന്നുകിടക്കുന്ന ചരിത്രമാണ് ദേവാംഗ ചെട്ടിയാർമാർക്കുള്ളത്. നൂറ്റാണ്ടുകൾക്കു മുമ്പ് കോഴിക്കോട് സാമൂതിരി വള്ളുവനാടിന്റെ ചില പ്രദേശങ്ങൾ പിടിച്ചടക്കുകയും കരിമ്പുഴ ആസ്ഥാനമാക്കി ശ്രീരാമക്ഷേത്രത്തിനടുത്ത് ഒരു കോവിലകം പണികഴിപ്പിച്ച് ഏറാൾപ്പാടിനെ ഭരണമേൽപിക്കുകയും ചെയ്തു.
ക്ഷേത്രത്തിന്റെയും രാജനഗരിയുടെയും ആവശ്യങ്ങൾക്കായി പല ദേശങ്ങളിൽനിന്നായി പല തൊഴിലുകൾ ചെയ്യുന്നവരെ കരിമ്പുഴയിലെത്തിച്ച് പാർപ്പിച്ചു. അങ്ങനെ ഇവിടത്തെ കൈത്തറി നെയ്ത്ത് ആവശ്യങ്ങൾക്കായി ഹംപിയിൽനിന്നും എത്തിയവരാണ് ദേവാംഗ ചെട്ടിയാർ വിഭാഗം.
ആരാധിക്കാൻ കുലദൈവമായ ശ്രീ സൗഢേശ്വരിയുടെ ക്ഷേത്രവും രാജാവ് പണിതുകൊടുത്തു. തുണി നെയ്ത്തിന് വെള്ളത്തിന്റെ ആവശ്യകത കൂടുതലായതിനാലാണ് ഇവർ നദീതീരങ്ങൾ കേന്ദ്രീകരിച്ച് ജീവിക്കുന്നത്.
കേരളത്തിൽ പാലക്കാട് ജില്ലയിലെ ചിറ്റൂർ, കരിമ്പുഴ, കല്ലഞ്ചിറ, നെന്മാറ-വല്ലങ്ങി എന്നിവിടങ്ങളിലും തൃശൂർ ജില്ലയിൽ കുത്താമ്പുള്ളിയിലുമെല്ലാം ഇവരുണ്ട്. കേരളത്തിലാകമാനം അയ്യായിരത്തോളം സമുദായംഗങ്ങൾ മാത്രമാണുള്ളത്. ലിപിയില്ലാത്ത കന്നട ഭാഷയിലാണ് ഇവരുടെ സംസാരം.
കർണാടകയിലെ കന്നടയും കരിമ്പുഴ തെരുവിലെ ജനങ്ങൾ സംസാരിക്കുന്ന കന്നടയും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. വാമൊഴിയായി പറയുന്ന കന്നടയായതിനാൽ തന്നെ ചുറ്റുവട്ടത്തുള്ള മലയാളികളെല്ലാം തങ്ങളുടെ ഭാഷ പഠിച്ചുവെന്ന് പ്രദേശവാസിയായ കെ.കെ. തങ്കവേലു പറയുന്നു. 110 കുടുംബങ്ങളാണ് നിലവിൽ കരിമ്പുഴ തെരുവിൽ താമസിക്കുന്നത്.
നെയ്ത്ത് കുലത്തൊഴിൽ
തങ്കവേലുവിന് പരമ്പരാഗതമായി ലഭിച്ച തൊഴിലാണ് നെയ്ത്ത്. പിതാവിൽനിന്നാണ് നെയ്ത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. അച്ഛൻ നെയ്തിരുന്ന, നൂറുവർഷത്തോളം പഴക്കമുള്ള തറിയിലാണ് തങ്കവേലുവും നെയ്യുന്നത്. 68ാം വയസ്സിലും തങ്കവേലു രാവിലെ ആറു മണിക്ക് നെയ്ത്ത് തുടങ്ങും.
കൂട്ടിന് റേഡിയോയുമുണ്ടാകും. ഈ തെരുവിൽ ഏറക്കുറെ എല്ലാവരും അങ്ങനെതന്നെ. എത്രനേരം ഒരേ ഇരുപ്പ് ഇരുന്നാലും ശരീരവേദനയുണ്ടാവില്ലെന്ന് തങ്കവേലു പറയുന്നു. കുലത്തൊഴിലിനെ ദൈവമായി കാണുന്നവരാണ് ഇവിടെയുള്ളവർ. സാരി, വേഷ്ടി, മുണ്ട്, കസവുമുണ്ട് തുടങ്ങി എല്ലാവിധ കൈത്തറി വസ്ത്രങ്ങളും നെയ്യും. തെരുവിലെ മിക്ക വീടുകളിലും തറിയുണ്ട്. സ്ത്രീകളും പുരുഷന്മാരും വസ്ത്രങ്ങൾ നെയ്യും.
രാവിലെ മുതൽ രാത്രിവരെയാണ് ജോലി. ഒന്നര-രണ്ട് ദിവസത്തിൽ ഒരു സാരി നെയ്തുകഴിയും. കസവ് സാരികളും ഡിസൈൻ സാരികളുമെല്ലാം ആകർഷകമായി നെയ്യുന്നവരുണ്ട്. നെയ്യുന്ന വസ്ത്രങ്ങളെല്ലാം സ്വകാര്യ തുണിക്കടകളിലേക്കാണ് നൽകുന്നത്. ഒരു ദിവസം 400 രൂപ കൂലി ലഭിക്കും. കസവ് ഉണ്ടെങ്കിൽ 1000 രൂപ വരെയും ടിഷ്യു സാരികൾക്ക് 2000 രൂപ വരെയും ലഭിക്കും, അവർ പറയുന്നു.
അതീവ ശ്രദ്ധ വേണ്ട ജോലിയാണ് നെയ്ത്ത്. ഇഴകൾക്ക് പൊട്ടലോ മറ്റ് തകരാറുകളോ ഉണ്ടെങ്കിൽ തുണി വിറ്റുപോകാതെ തിരിച്ചുവരും. ഇത് നെയ്ത്തുകാർക്ക് നഷ്ടമുണ്ടാക്കും. പണ്ട് വെള്ളത്തിൽ മുക്കിയാണ് ചായം കലർത്തിയിരുന്നത്. ഇതിന് ധാരാളം വെള്ളം വേണ്ടി വരുമെന്നതിനാലാണ് ഈ സമുദായം പുഴ കേന്ദ്രീകരിച്ച് താമസിക്കുന്നത്. പാവ് ഉണക്കി ഇഴകൾ വേർതിരിച്ചാണ് നെയ്ത്തിനുള്ള പ്രാരംഭ പ്രവൃത്തികൾ നടത്തിയിരുന്നത്.
നിലവിൽ പാവ് ഉൾപ്പെടെയുള്ളവ തമിഴ്നാട്ടിൽനിന്ന് തയാറാക്കിയാണ് വരുന്നത്. അവ ഉണക്കി നെയ്യുന്ന പ്രവൃത്തികൾ മാത്രമാണ് ഇവിടെയുള്ളവർ ചെയ്യുന്നത്. വസ്ത്രങ്ങൾക്കു പുറമെ നെയ്ത്തിനുശേഷം ബാക്കിവരുന്ന കസവ്, നൂൽ എന്നിവയുടെ അവശിഷ്ടങ്ങൾ കൊണ്ടുപോകാനും ആളുകൾ വരുമെന്ന് ഇവർ കൂട്ടിച്ചേർക്കുന്നു.
ഊടും പാവും
പൊള്ളാച്ചിയിൽനിന്നും മറ്റും വരുന്ന പാവ് രാവിലെയുള്ള വെയിലിലാണ് ഉണക്കിയെടുക്കുക. കഞ്ഞി മുക്കിയാണ് ഉണക്കുന്നത്. 40 മീറ്ററാണ് ഒരു പാവ്. മുണ്ട് ആണെങ്കിൽ ഒരു പാവിൽ 19 എണ്ണവും സാരിയാണെങ്കിൽ ആറെണ്ണവും വേഷ്ടി ആണെങ്കിൽ 13 എണ്ണവും നെയ്യാം. തറിയുമായി ബന്ധപ്പെട്ടുള്ള എല്ലാ ഉപകരണങ്ങൾക്കും കന്നട പേരുകളാണുള്ളത്.
ബദനിയ എന്ന കോൽ റോഡിൽ കുത്തിനിർത്തി അതിൽ അച്ച് വെച്ചാണ് പാവ് ഉണക്കിയെടുക്കുക. നൂൽ ചുറ്റിവെക്കുന്ന മരക്കഷ്ണത്തെ താര (കണ്ടിഗ) എന്നാണ് പറയുക. നിറമുള്ളവക്ക് കളർ കണ്ടിഗ എന്നും പറയും.
സിഗുറു (മുളക്കോൽ), പടസലയ (നൂൽ എടുക്കാനായി അച്ചിൽ നടുഭാഗത്ത് വെക്കുന്ന വടി), ചക്രഗാഡ (അച്ച് നിർത്തുന്ന സാധനം), മൊട്ടിൻചക്കെ (ചവിട്ട് പലക), ശേണ്ടു (തുണി വീതി കുറയാതിരിക്കാൻ വേണ്ടിയുള്ളത്), നാളി (അച്ചിൽ നൂൽ ചുറ്റിവെക്കുന്ന ഉപകരണം) തുടങ്ങി തറിയുടെ ഓരോ ഭാഗത്തിനും കേൾക്കുമ്പോൾ കൗതുകം തോന്നുന്ന പേരുകളാണുള്ളത്.
രണ്ട്, നാല് എന്നിങ്ങനെ കണക്ക് അടിസ്ഥാനമാക്കിയാണ് അച്ചിൽ ഇഴകൾ കയറ്റുന്നത്. കണക്കുകൾ കൃത്യമായിരിക്കണം. എല്ലാ മാസവും അമാവാസി നാളിൽ മാത്രമാണ് നെയ്ത്തിന് അവധിയുള്ളത്. ഐതിഹ്യം എന്താണെന്ന് അറിയില്ലെങ്കിലും ഇവിടത്തെ കാരണവന്മാർ മുതൽ പിന്തുടർന്നുവരുന്ന രീതിയാണത്.
വിവാഹം
സമുദായത്തിന്റെ സ്വത്വം നഷ്ടപ്പെട്ടു പോകാതിരിക്കാൻ സമുദായത്തിനകത്തുനിന്നുതന്നെയാണ് ദേവാംഗ ചെട്ടിയാർമാർ വിവാഹം കഴിക്കുക. അതുകൊണ്ടുതന്നെ തെരുവിൽ കഴിയുന്നവരുടെ ഭാര്യ-ഭർതൃ വീടുകളെല്ലാം അടുത്തടുത്താണ്. ചുരുക്കം ചിലർ തമിഴ്നാട്ടിലും മറ്റുമുള്ള ബന്ധുക്കളെ വിവാഹം കഴിച്ച് താമസം മാറി. തമിഴ് ആചാരപ്രകാരമുള്ള വിവാഹരീതിയാണ് ഇവർ പിന്തുടരുന്നത്. തലേദിവസം നിശ്ചയം നടത്തിയശേഷം പുലർച്ചെ നാലുമണിക്കാണ് താലി കെട്ടുക.
ശ്രീ സൗഢേശ്വരി അമ്മ
ദേവാംഗ സമുദായത്തിന്റെ കുലദേവതയാണ് ശ്രീ സൗഢേശ്വരി അമ്മ. സിംഹവാഹനത്തിൽ വരുന്ന ദേവിയാണ് സൗഢേശ്വരി. തൈമാസത്തിൽ മൂന്നുദിവസങ്ങളിലായാണ് ശ്രീ സൗഢേശ്വരി ക്ഷേത്രത്തിലെ ഉത്സവം. ഉത്സവ ദിനങ്ങളിൽ ആധ്യാത്മിക ചിന്തകളിൽ മാത്രമേ മുഴുകാൻ പാടുള്ളൂ എന്നതിനാൽ നെയ്ത്ത്, തുണി വ്യാപാരം, പുറംതൊഴിൽ എന്നിവക്കെല്ലാം മൂന്നു ദിവസവും നിർബന്ധിത അവധിയാക്കി എല്ലാവരും ഒത്തുകൂടും.
അന്യനാട്ടിലോ വിദേശത്തോ പണിയെടുക്കുന്ന കുടുംബാംഗങ്ങളും അതിഥികളും ഈ ഉത്സവം കണക്കാക്കിയാണ് നാട്ടിലെത്തുക. കേരളത്തിലെ ക്ഷേത്രാചാരങ്ങളിൽനിന്നും വളരെ വ്യത്യസ്തമായ ആചാരവും ചടങ്ങുകളുമാണ് ഈ ക്ഷേത്രോത്സവത്തിനുള്ളത്.
ഉത്സവ നാളിൽ ഊര് പ്രദക്ഷിണം നടത്തുമ്പോൾ സമുദായത്തിലെ പൂണൂൽ അണിഞ്ഞ യുവാക്കൾ കത്തി ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ മുറിവേൽപിച്ച് ദേവിയെ പ്രീതിപ്പെടുത്തിയാണ് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നത്.
ഇവർ വീരകുമാരന്മാർ എന്നാണ് അറിയപ്പെടുന്നത്. ‘ദേവാംഗ പുരാണ’ത്തിൽ ദേവാല മഹർഷി എന്ന ആദ്യ കൈത്തറി നെയ്ത്ത് മഹർഷി നെയ്തെടുത്ത തുണി രാജാവിന് സമർപ്പിക്കാൻ പോകുമ്പോൾ ഒരുകൂട്ടം അസുരന്മാരാൽ ആക്രമിക്കപ്പെടുകയും സൗഢേശ്വരി ദേവി അവതരിച്ച് യോദ്ധാക്കളുമായി വന്ന് അസുരന്മാരെ ഉന്മൂലനം ചെയ്തതായും ഇവരുടെ ഐതിഹ്യം പറയുന്നു. ഇതിനെ സൂചിപ്പിക്കുന്ന ചടങ്ങുകളാണ് ഇവിടെ നടക്കുന്നത്. പണ്ട് കരിമ്പുഴ ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ പ്രവേശനമില്ലാതിരുന്നതിനാൽ സമുദായക്കാർ തങ്ങൾക്കായി നിർമിച്ച ശ്രീരാമ ക്ഷേത്രവും ഈ തെരുവിലുണ്ട്.
നെയ്ത്തിൽനിന്നകലുന്ന പുതുതലമുറ
നെയ്ത്ത് ഗ്രാമം എന്ന പേരുണ്ടെങ്കിലും വളരെ കുറച്ചു കുടുംബങ്ങൾ മാത്രമാണ് പരമ്പരാഗത തൊഴിൽ ജീവിതമാർഗമായി കരുതുന്നത്. പണ്ട് നൂറോളം വീടുകളിൽ നെയ്ത്ത് ഉണ്ടായിരുന്നു. ഇന്നത് 20 വീടുകളിലായി ചുരുങ്ങിയതായി പ്രദേശവാസിയും കെ.എസ്.ഇ.ബി ജീവനക്കാരനുമായ രാജു കരിമ്പുഴ പറയുന്നു. പുതിയ തലമുറ നെയ്ത്തിൽനിന്നും അകന്നു. പുതിയ കോഴ്സുകൾ പഠിച്ച് അന്യനാടുകളിൽ ജോലിതേടുകയാണ് മിക്കവരും. വരുമാനക്കുറവും വ്യവസായത്തെ പ്രതിസന്ധിയിലാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.