വിനോദസഞ്ചാരികളെ സ്വീകരിക്കാൻ കരിമ്പുഴ വന്യജീവി സങ്കേതം ഒരുങ്ങുന്നു
text_fieldsകരുളായി: വിനോദസഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി കരിമ്പുഴ വന്യജീവി സങ്കേതം. നെടുങ്കയത്താണ് ജില്ലയിലെ ഏക വന്യജീവി സങ്കേതമായ കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ വിവിധ പദ്ധതികൾ പുരോഗമിക്കുന്നത്. 1.25 കോടിയോളം രൂപയുടെ ഇക്കോ ടൂറിസം വികസന പദ്ധതിയുടെ പ്രവര്‍ത്തനങ്ങളാണ് ഇവിടെ അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്നത്. ചെറുപുഴയിലെ നെടുങ്കയം ഫോറസ്റ്റ് ചെക്ക് പോസ്റ്റിനോട് ചേര്‍ന്ന് പ്രവേശന കവാട നിര്‍മാണം മുതലാണ് നവീകരണം ആരംഭിക്കുന്നത്.
പ്രകൃതിദത്ത മാതൃകയിൽ രൂപകൽപന ചെയ്ത മനോഹര കവാടമായിരിക്കും സഞ്ചാരികളെ സ്വാഗതം ചെയ്യുക. നിര്‍മാണം ഏകദേശം പൂര്‍ത്തീകരിച്ചു. കൂടാതെ, കുട്ടികള്‍ക്കുള്ള ഉദ്യാന നിര്‍മാണവും അന്തിമഘട്ടത്തിലാണ്. നാശോന്മുഖമായി കിടന്നിരുന്ന ബ്രിട്ടീഷ് എൻജിനീയര്‍ ഡോസൺ സായിപ്പിന്റെ ശവകുടീരവും പുതുക്കിപ്പണിതിട്ടുണ്ട്. ഡോര്‍മിറ്ററികളുടെയും അമിനിറ്റി സെന്ററിന്റെയും നിര്‍മാണവും പുരോഗമിക്കുകയാണ്. നടപ്പാത, ഇരിപ്പിടം, പുഴയോരം സൗന്ദര്യവത്കരണം, സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍ എന്നിവ നടക്കാനുണ്ട്. ഇവ കൂടാതെ മാഞ്ചീരിയില്‍ കാട്ടാന ആക്രമണത്തില്‍ മരണമടഞ്ഞ ചോലനായ്ക്ക മൂപ്പൻ മാതന്, ഭാര്യ കരിക്ക, വളര്‍ത്തുനായ് എന്നിവയുടെ ശില്പങ്ങള് നെടുങ്കയം ഉദ്യാനത്തിലും ഡോസൺ സായിപ്പിന്റെ ശില്പം പ്രവേശന കവാടത്തിലും സ്ഥാപിക്കും. മറ്റു ശിൽങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനത്തോടനുബന്ധിച്ചായിരിക്കും സ്ഥാപിക്കുക. 2023 പുതുവര്‍ഷത്തോടെ കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ പുതിയ മുഖമായി നെടുങ്കയം മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.