ടൂറിസം പ്രതീക്ഷകൾക്ക് ചിറകുപകർന്ന് കക്കാട്ടാറിൽ കയാക്കിങ് ട്രയൽ റൺ
text_fieldsകോന്നി: മലയോര നാടിെൻറ ടൂറിസം പ്രതീക്ഷകൾക്ക് ചിറകുപകർന്ന് കക്കാട്ടാറിൽ കയാക്കിങ് ട്രയൽ റൺ നടന്നു. അഡ്വഞ്ചർ ടൂറിസം രംഗത്ത് അന്തർദേശീയ ശ്രദ്ധനേടാൻ കഴിയുന്ന കായികവിനോദത്തിനാണ് തുടക്കമായത്. കോന്നി ടൂറിസം ഗ്രാമം പദ്ധതിയുടെ ഭാഗമായി ആരംഭിക്കാൻ പോകുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സീതത്തോട്ടിൽ കയാക്കിങ് ആരംഭിക്കുന്നത്.
ആങ്ങമൂഴിയിലെ കൊച്ചാണ്ടി കിളിയെറിഞ്ഞാംകല്ലിലാണ് ട്രയൽ റണ്ണിെൻറ ഫ്ലാഗ് ഓഫ് നടന്നത്. ഇവിടെനിന്ന് അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് പവർഹൗസ് ജങ്ഷനിൽ വരെയാണ് കയാക്കിങ് നടത്തുന്നത്. കയാക്കിങ് വിദഗ്ധൻ നോമി പോളിെൻറ നേതൃത്വത്തിൽ നിഥിൻ ദാസ്, വിശ്വാസ് രാജ്, കെവിൻ ഷാജി, ഷിബു പോൾ എന്നിവരുൾപ്പെട്ട അഞ്ചംഗ സംഘമാണ് ട്രയൽ റണ്ണിനെത്തിയത്. ഒരാൾക്കുവീതം സാഹസികയാത്ര ചെയ്യാൻ കഴിയുന്ന കയാക്കുകളാണ് ട്രയൽ റണ്ണിൽ പങ്കെടുത്തത്. രണ്ടുമുതൽ എട്ടുവരെ ആളുകൾക്ക് യാത്രചെയ്യാൻ കഴിയുന്ന കയാക്കുകളും സീതത്തോട്ടിൽ ഉപയോഗിക്കാൻ കഴിയുമെന്ന് കയാക്കിങ് സംഘം അഭിപ്രായപ്പെട്ടു.
കയാക്കിങ്ങിനൊപ്പം റാഫ്റ്റിങ്, കനോയിങ് തുടങ്ങിയവയും സീതത്തോട് കേന്ദ്രത്തിൽ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
കേരളത്തിൽ കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയിലാണ് കയാക്കിങ് സെൻറർ നിലവിൽ പ്രവർത്തിക്കുന്നത്. ദീർഘദൂര, ഹ്രസ്വദൂരയാത്രകൾക്കും സാഹസിക യാത്രകൾക്കും ഇന്ത്യയിൽ ലഭ്യമായതിൽെവച്ച് മികച്ച സൗകര്യമാണ് സീതത്തോട്ടിലെ കക്കാട്ടാറിൽ ഉള്ളത്. കുളു, മണാലി കേന്ദ്രങ്ങളെക്കാൾ മികച്ച നിലയിൽ സീതത്തോടിന് മാറാൻ കഴിയുമെന്നാണ് സംഘം പറയുന്നത്. സഞ്ചാരികൾക്കായി സാഹസികത കുറഞ്ഞ ഹ്രസ്വദൂര യാത്രകൾ നടത്താനും സൗകര്യമൊരുക്കും. സാഹസികത ഇഷ്ടപ്പെടുന്ന യുവാക്കളുടെ പ്രധാന കേന്ദ്രമായി സീതത്തോടിനെ മാറ്റാനാണ് പദ്ധതി തയാറാകുന്നത്. അഡ്വ. കെ.യു. ജനീഷ്കുമാർ എം.എൽ.എ, കലക്ടർ ദിവ്യ എസ്.അയ്യർ എന്നിവർ ചേർന്ന് ട്രയൽ റൺ ഫ്ലാഗ്ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോബി ടി.ഈശോ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജി കുളത്തുങ്കൽ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി.ഐ. സുബൈർ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എസ്. സുജ, പി.ആർ. പ്രമോദ്, രവികല എബി, രവി കണ്ടത്തിൽ, റെയ്സൺ വി.ജോർജ്, രമേശ് രംഗനാഥ്, ബിയോജ്, രാജേഷ് ആക്ലേത്ത്, ബിനോജ്, എസ്. ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.