സൗന്ദര്യത്തുരുത്തായി കായംകുളം കായൽ
text_fieldsകായംകുളം: കായൽപരപ്പിന്റെ സൗന്ദര്യവും പുഴയുടെ സമൃദ്ധിയും നിറഞ്ഞുനിൽക്കുന്ന ഓണാട്ടുകര വിനോദ സഞ്ചാരികളെ മാടിവിളിക്കുന്നു. കേരളത്തിലെ 'ദാൽ' തടാകമെന്ന വിശേഷണമുള്ള കായംകുളം കായലും ഇതിനെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന നിത്യഹരിത വനങ്ങളായ കണ്ടൽക്കാടുകളും കണ്ണിന് കുളിർമയേകുന്ന കാഴ്ചകളാണ്. സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ ഇഷ്ടമാകാൻ കഴിയുന്ന സാധ്യതകളുടെ പ്രദേശമാണിവിടം. കായംകുളം കായലാണ് മുഖ്യആകർഷണീയം. രാജഭരണകാലം മുതൽതന്നെ ഓണാട്ടുകരയുടെ വികസന വഴിയിൽ കായലിന് നിർണായകസ്ഥാനമുണ്ട്. നഗരത്തിൽനിന്ന് ദേവികുളങ്ങര പഞ്ചായത്തിലൂടെ കൊല്ലം ജില്ലയിലേക്ക് കടക്കുന്ന കായലിന്റെയും ഇടത്തോടുകളുടെയും കരകളോട് ചേർന്നുനിൽക്കുന്ന കണ്ടൽക്കാടുകളുടെ പച്ചപ്പ് മനോഹര കാഴ്ചയാണ്. ജില്ലയുടെ അതിർത്തിയായ ആയിരംതെങ്ങിലെ കണ്ടല്‍ക്കാടുകൾക്കും ഏറെ പ്രത്യേകതകളുണ്ട്. കണ്ടൽ ആവാസവ്യവസ്ഥയുടെ മുഴുവൻ ഘടനയും സവിശേഷതകളും തൊട്ടറിയാന്‍ കഴിയുന്ന ആയിരംതെങ്ങിലെപോലെ മനോഹരമായ കണ്ടല്‍ക്കാടുകള്‍ മറ്റൊരിടത്തുമില്ലെന്നതാണ് യാഥാർഥ്യം.
വേമ്പനാട് കായലിന് തെക്കുവശത്ത് കാർത്തികപ്പള്ളി മുതൽ പന്മന വരെ വ്യാപിച്ചുകിടക്കുന്നതാണ് കായംകുളം കായൽ. കേരളത്തിലെ പ്രധാന കായലുകളിലൊന്നായ ഇതിന് 51.1 ചതുരശ്ര കി.മീ. വിസ്തൃതിയുണ്ട്. 30 കി.മീ. നീളവും 2.5 കി.മീ. ശരാശരി വീതിയുമുണ്ട്. ഇതിന്റെ വശ്യത പ്രയോജനപ്പെടുത്തിയാൽ വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ കഴിയും. കായൽ പാതയിലൂടെ സഞ്ചരിച്ചിരുന്ന കെട്ടുവള്ളങ്ങളും മറ്റും വിസ്മൃതിയിലായതോടെയാണ് കായൽ അവഗണിക്കപ്പെട്ടത്. ചരക്ക് ഗതാഗതത്തിന്റെ സുഗമ മാർഗമായിരുന്ന ദേശീയ ജലപാതയുടെ ഭാഗം കൂടിയായിരുന്ന കായൽ ഇന്ന് വികസനത്തിനായി കാതോർക്കുകയാണ്. വള്ളംകളിയിലൂടെ കായംകുളം കായലിന് പുതുജീവൻ ലഭിച്ചെങ്കിലും അതും നിലച്ചതോടെയാണ് വികസന പ്രതീക്ഷകൾ ഇല്ലാതായത്.
കായൽ കേന്ദ്രീകരിച്ച് പ്രഖ്യാപിച്ച മെഗാടൂറിസം പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. കായലോരത്തേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിലയിൽ സജ്ജമാക്കിയ പാർക്കും അനുബന്ധ സൗകര്യങ്ങളും പ്രയോജനപ്പെടുത്താൻ കഴിയാത്തതാണ് പ്രശ്നം. കായൽ നികത്തിയ പ്രദേശം തീരപരിപാലന നിയമത്തിൽ ഉൾപ്പെടുന്നതിനാൽ വൈദ്യുതിയടക്കം ലഭിക്കുന്നതിന് തടസ്സമായതാണ് കോടികളുടെ പദ്ധതി പ്രയോജനരഹിതമാകാൻ കാരണം. ഇത് മറികടക്കാനുള്ള പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്. അതോടൊപ്പം പാർക്ക് നവീകരിക്കുന്നതിന് 60 ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.