മുഗളൻമാരും ഖസാക്കുകളും
text_fieldsഅതിരുകളില്ലാത്ത ഭൂമിയിലെ അതിരുവിട്ട കാഴ്ച്ചകളും ചരിത്രങ്ങളും സൗഹൃദങ്ങളും തേടി അലയാൻ വെമ്പുന്ന എന്നിലെ സഞ്ചാരിയെ തൃപ്തിപ്പെടുത്താൻ ജീവിതത്തിന്‍റെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ വീണു കിട്ടുന്ന സമയങ്ങൾ പരമാവധി ഉപയോഗപ്പെടുത്താറുണ്ട്. അത്തരമൊരു പുതിയ യാത്രയിലാണ് ഞങ്ങൾ ഒരുമിച്ചത്. റഊഫ്, നയീമ, റുഅക്കുട്ടി, നൗഫൽ, സാബി, ഹയമോൾ, മകൾ ദുഅ, ഫാദി മോൻ, എന്‍റെ നല്ലപാതി ഷാഹിദ എന്നിവർ അടങ്ങുന്നതാണ് യാത്ര സംഘം.
ഇത്തവണ യാത്ര പഴയ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന വലുപ്പത്തിൽ ലോക രാജ്യങ്ങളിൽ ഒൻപതാം സ്ഥാനത്തുള്ള ഖസാക്കിസ്ഥാനിലേക്കാണ്. രാത്രി ഒൻപതു മണിയോടെ അൽമാട്ടി എയർപോർട്ടിൽ ഇറങ്ങി ടാക്സിയിൽ മുൻ കൂട്ടി ബുക്കു ചെയ്ത താമസ സ്ഥലത്തേക്ക് തിരിച്ചു. നല്ല വിശപ്പുമുണ്ടായിരുന്നതിനാൽ ഭക്ഷണ ശാല അന്വേഷിച്ച് പെട്ടന്നു തന്നെ മുറിവിട്ടിറങ്ങിയ ഞങ്ങളെ വരവേറ്റത് തൂവെള്ള നിറത്തിലുള്ള പാൽ മഞ്ഞു വീഴ്ചയാണ്. തെരുവിളക്കിന്‍റെ വെളിച്ചത്തിൽ പെയ്യുന്ന മഞ്ഞു കണങ്ങളുടെ ഭംഗി മനോഹര കാഴ്ചയാണ്.
വഴിയിൽ കണ്ട ഭക്ഷണ ശാലയിലേക്ക് കയറിയ ഞങ്ങൾക്ക് ഭാഷ തടസ്സമായെങ്കിലും പേരറിയാത്ത അവരുടെ നാടൻ വിഭവങ്ങളും മറ്റു തീൻമേശകളിൽ കാണുന്ന ചിലതും ചൂണ്ടിക്കാണിച്ച് ഓർഡർ ചെയ്തു. കാത്തിരിപ്പിന് വിരാമമിട്ട് ആദ്യമെത്തിയത് ചില പ്രത്യേക കൂട്ടുകൾ ചേർത്തുണ്ടാക്കുന്ന അവിടുത്തെ ചായയാണ്. അതിഥികൾക്കായ് കൊടുക്കുന്ന വായ വട്ടം കൂടിയ പാത്രത്തിൽ (മലബാർ ഭാഷയിൽ പറഞ്ഞാൽ തണ്ണിപ്പിഞ്ഞാണത്തിൽ) മരം കോച്ചുന്ന തണുപ്പിൽ ആ ചായ കുടിച്ചപ്പോൾ ഒരു വല്ലാത്ത ഉൻമേഷം തോന്നി. കുതിരയിറച്ചിയും കുതിരപ്പാലുമാണ് ഖസാക്കുകളുടെ ഒഴിച്ചു കൂടാനാവാത്ത തീൻമേശ വിഭവങ്ങൾ.
അതു രണ്ടും രുചിച്ചു നോക്കണമെന്ന ആഗ്രഹം ധൈര്യക്കുറവു കൊണ്ട് പൂവണിഞ്ഞില്ല. അവിടെ ജോലിക്കാരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. പുരുഷന്മാർ പൊതുവെ മടിയന്മാരും എണ്ണത്തിൽ കുറവുമാണെന്ന് തോന്നി. ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയ ഞങ്ങൾ കനത്ത മഞ്ഞു വീഴ്ച ആസ്വദിച്ചു താമസസ്ഥലത്തേക്ക് നടന്നു. പിറ്റേന്ന് വെള്ളിയാഴ്ചയായിരുന്നു.
രാവിലെ കുളിച്ചിറങ്ങി തലേന്ന് ഏർപ്പാട് ചെയ്ത വാഹനത്തിൽ പോവുന്ന വഴിയിൽ വെള്ളിയാഴ്ച പ്രാർത്ഥന നടത്താം എന്ന തീരുമാനത്തിൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഷിംബുലാക്കിലേക്ക് തിരിച്ചു . തലേന്ന് വീണ പാൽ മഞ്ഞ് കൊണ്ട് മൂടിയ വഴിത്താരകളും, മഞ്ഞിനാൽ മൂടപ്പെട്ട വാഹനങ്ങളും, വൃക്ഷങ്ങളും ചെടികളും ഒക്കെ കണ്ടുള്ള ആ യാത്ര വളരെ രസകരമായിരുന്നു.
പ്രാർഥനക്ക് സമയമായപ്പോൾ വഴിയിൽ കണ്ട പള്ളിയിൽ കയറി. പ്രസംഗപീഠം പള്ളിക്ക് വെളിയിൽ ആണെന്നതാണ് കൗതുകം. പള്ളിയിലേക്ക് കയറി വരുന്നവർ വലതു കൈ നെഞ്ചിൽ വെച്ച് ചെറുതായ് തലകുനിച്ച് പരസ്പരം അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. പ്രധാന ഉൽബോധന പ്രസംഗത്തിനു മുൻപെ ഖസാക്ക് ഭാഷയിലുള്ള ക്ലാസ്. അതിനുശേഷം പതിവ് പള്ളികളിൽ ഉള്ള പോലെത്തന്നെ ബാങ്കും അറബിയിലുള്ള ഉത്ബോധന പ്രസംഗവും പ്രാർത്ഥനയും കഴിഞ്ഞ് പുറത്തിറങ്ങി.
പള്ളിക്ക് തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിന് അരികിൽ ഭക്ഷണ വിതരണം ചെയ്യുന്നത് കണ്ടു. കൗതുകത്തോടെ ഭക്ഷണച്ചെമ്പിലേക്ക് നോക്കി. വിളമ്പുന്ന ആളോട് കുറച്ച് ഭക്ഷണം വാങ്ങി രുചിച്ച് നോക്കി നമ്മുടെ നെയ്ച്ചോറ് പോലെയുണ്ടെങ്കിലും എണ്ണ അൽപ്പം കൂടുതലും മറ്റ് എന്തൊക്കെയോ ചേർത്ത നല്ല ഒന്നാന്തരം രുചിയുള്ള ഭക്ഷണമായിരുന്നു. ഇനിയും കഴിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഇനിയും ചോദിച്ച് വാങ്ങാനുള്ള മടിയും എന്നെയും കാത്ത് നിൽക്കുന്ന സഹയാത്രികരെയും ഓർത്ത് വാഹനത്തിലേക്ക് പോന്നു.
ഷമ്പുലാക്കിലെ റോപ്പ് വേ
ഷിമ്പുലാക്കിൽ എത്തിയ ഞങ്ങളെ വരവേറ്റത് കോടമഞ്ഞും മരം കോച്ചുന്ന തണുപ്പുമാണ്. റോപ്പ് വേയും ഐസ് സ്കീയിങ്ങുമാണ് അവിടുത്തെ ഏറ്റവും പ്രധാന ആകർഷണങ്ങൾ. റോപ്പ് വേയിൽ മൂന്ന് ഘട്ടങ്ങളിലായ് മുകളിലേക്ക് കയറാൻ ടിക്കറ്റ് എടുത്ത ഞങ്ങൾക്ക് രണ്ടാമത്തെയും മൂന്നാമത്തെയും കയറ്റം പൂർണ്ണമായും ആസ്വദിക്കാൻ കഴിയാത്ത വിധത്തിൽ കോടമഞ്ഞ് കമ്പാർട്ട്മെന്‍റിനെ മൂടിക്കളഞ്ഞിരുന്നു. മുകളിൽ നിന്നും തിരിച്ചിറങ്ങിയ ഞങ്ങൾ ഒന്നാമത്തെ സ്റ്റേഷനിൽ ഉള്ള ഭക്ഷണ ശാലയിൽ കയറി നാടൻ വിഭവങ്ങൾ അടങ്ങിയ ഭക്ഷണവും കഴിച്ച് വീണ്ടും താഴേക്കിറങ്ങി.
ചാറ്റൽ മഴ പോലെ മഞ്ഞ് പെയ്യുന്ന വൈകുന്നേരത്തിൽ അവിടെ നിന്നും തിരിച്ചു. നേരെ അൽമാട്ടി ഗ്രീൻ ബസാറിലേക്ക് വണ്ടി വിട്ടു. മോശമല്ലാത്ത നല്ല ചന്തയും മറ്റ് എല്ലാതരം വിഭവങ്ങളും കിട്ടുന്ന മാർക്കറ്റും ചുറ്റിക്കറങ്ങി നേരെ ഹോട്ടലിലേക്ക്. പിറ്റേന്ന് രാവിലെ മഞ്ഞ് മൂടിയ റോഡിലൂടെ പതിയെ ആയുസെ വെള്ളച്ചാട്ടം കാണാനായിറങ്ങി. വഴി നീളെ പുതഞ്ഞു നിൽക്കുന്ന മഞ്ഞിനു മുകളിലൂടെ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു. വഴിയിൽ കണ്ട പാറയിൽ മൃഗങ്ങളുടെയും വേട്ടനായ്ക്കളുടെയും അമ്പെയ്യുന്ന മനുഷ്യരുടെയും ചിത്രങ്ങൾ കൊത്തിവെച്ചിരിക്കുന്നു.
വയനാട്ടിലെ ഇടക്കൽ ഗുഹയാണ് അപ്പോൾ മനസിൽ തെളിഞ്ഞത്. കനത്ത തണുപ്പിനോട് പോരാടി ഐസ് പോലെ ഉറഞ്ഞു നിൽക്കാതെ മലമുകളിൽ നിന്നും മഞ്ഞ് പുതപ്പിനുള്ളിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടത്തിന്‍റെ അതിമനോഹാരിത പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . പിറ്റേന്ന് റുവക്കുട്ടിയുടെ ജന്മദിനമായിരുന്നു. പതുപതുത്ത മഞ്ഞ് കണങ്ങൾക്ക് മുകളിൽ വെച്ച് കേക്ക് മുറിച്ച് മറക്കാനാവാത്ത ജന്മദിന അനുഭവം അവർക്ക് സമ്മാനിച്ചു.
ജന്മദിന ആഘോഷത്തിനു ശേഷം ഖസാക്കിസ്ഥാനിൽ നിന്നും കിർഗിസ്ഥാനിലേക്ക് പോവാൻ മുൻകൂട്ടി പദ്ധതി തയ്യറാക്കിയതിനാൽ സംഘാങ്ങളോട് യാത്ര പറഞ്ഞിറങ്ങി. തുടർന്ന് അൽമാട്ടി ബസ് സ്റ്റാന്‍റിൽ നിന്നും കിർഖിസ്ഥാനിലേക്ക് ബസ് കയറി.
വഴിയിയോരത്തെ കാഴ്ചകൾ മനോഹരമായിരുന്നു. മഞ്ഞുമൂടിയ ഗോതമ്പു വയലുകൾക്കും കാറ്റാടിപ്പാടങ്ങൾക്കും മുകളിൽ അസ്തമയ സൂര്യൻ സപ്ത വർണ്ണങ്ങളിൽ മേഘ പാളികളിൽ തീർത്ത ചിത്രപ്പണികൾ അവർണ്ണനീയമാണ്. നീണ്ട നാല് മണിക്കൂറുകൾ പിന്നിട്ട് അതിർത്തിയിൽ എത്തിയ ഞങ്ങൾക്ക് ഓൺ അറൈവൽ വിസ എയർപോർട്ടിൽ മാത്രമേ ലഭ്യമാവുകയുള്ളൂ എന്നതു കൊണ്ട് അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ നിന്നും തിരികെ അൽമാട്ടിയിലേക്ക് പോരേണ്ടി വന്നു. എങ്കിലും അതിർത്തി വരെയുള്ള യാത്ര വളരെ രസകരമായിരുന്നു.
തിരിച്ച് ദുബൈയിലേക്കുള്ള യാത്രക്ക് ഇനിയും രണ്ടു ദിവസം ബാക്കിയുണ്ടായിരുന്നു. അതിനാൽ ഖസാക്കിസ്ഥാന്‍റെ ഗ്രാമ ജീവിതങ്ങൾ തേടി പുതിയ വഴി കാട്ടിയെയും കൂട്ടി ഞങ്ങൾ ഇറങ്ങി. ഖസാക്കിസ്ഥാന്‍റെ ചരിത്രത്തിൽ നല്ല അറിവുള്ളയാരുന്നു ഗൈഡ്. ഇന്ത്യയിൽ ഭരണം നടത്തിയ മുഗളന്മാർ ഖസാക്കിസ്ഥാൻ വംശജരുന്നുവെന്ന് അദ്ദേഹം പറഞ്ഞപ്പോൾ അതൊരു പുതിയ അറിവായിരുന്നു. മുഗളന്മാരുടെ മുൻഗാമിയായ ചെങ്കിസ് ഖാനും ചരിത്രത്തിൽ വായിച്ചതു പോലെ മംഗോളിയക്കാരനല്ല ഖാസാക്കിസ്താനിയത്രെ. പക്ഷേ ചെങ്കിസ് ഖാൻ ഇസ്ലാം മത വിശ്വാസിയായിരുന്നില്ല. മറിച്ച് ഇസ്ലാം മതം പോലെത്തന്നെ ഏക ദൈവ വിശ്വാസത്തിലധിഷ്ഠിതമായ തെങ്ങ്ക്രി മത വിശ്വസിയാരുന്നു പോലും.
ഇന്ത്യയിലെ മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച താജ് മഹലിന്‍റെ പേര് യഥാർത്ഥത്തിൽ താജ് മുഗോൾ എന്നാണത്രെ. മഞ്ഞുറഞ്ഞ അരുവികളും ആട്ടിൻ പറ്റങ്ങളും കുതിരകളും മേയുന്ന വയലുകളും പിന്നിട്ട് അൽമാട്ടിയിലെ നൂറ ഗ്രാമത്തിൽ എത്തിയ ഞങ്ങൾക്ക് അവിടെ കണ്ട കാഴ്ച്ചകൾ രസകരമായിരുന്നു. ഈ ഗ്രാമത്തിലെ എല്ലാ വീടുകളിലും വേട്ടക്കാവശ്യമായ ഫാൽക്കണുകളും വേട്ടപ്പട്ടികളും തോക്കുകളും കുതിരകളും സർവ്വസാധാരണമാണ്. ചൂട് കാലത്ത് വേട്ടക്ക് വേണ്ടി മല കയറുന്ന ഇവർ വേട്ടയാടിപ്പിടിക്കുന്ന മൃഗങ്ങളെയും പക്ഷികളെയും വിൽപ്പന നടത്തൽ ഇവിടെത്തെ ചന്തകളിൽ സർവ്വ സാധാരണമത്രെ.
ചെറിയ കുട്ടികളടക്കം കുതിര സവാരിയിലും ഫാൽക്കൺ പക്ഷികളുമായുള്ള വേട്ടയിലും നല്ല പരിശീലനം സിദ്ധിച്ചവരാണ്. പല അറബ് രാജ്യങ്ങളിലേക്കും ഇവിടുന്ന് ഫാൽക്കൺ പക്ഷികളെ കയറ്റി അയക്കാറുണ്ടെന്നും ഗൈഡ് തുടർന്നു.
ഷാരിൻ കാന്യോണിലെ കാഴ്ചകൾ
ഗ്രാമത്തിൽനിന്നും ഇറങ്ങിയ ശേഷം ഖസാകിസ്ഥാനിലെ പ്രധാന ടുറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ഷാരിൻ കാന്യോണിലേക്ക് യാത്ര തിരിച്ചു. അൽമാട്ടിയിൽനിന്ന് ഏകദേശം 200 കിലോമീറ്ററോളം യാത്ര ചെയ്താൽ ഷാരിൻ കാന്യോണിൽ എത്തും. കസാക്കിസ്ഥാനിലെ ഷാരിൻ നദിയിലെ ഒരു മലയിടുക്കാണ് ഇത്. കിഴക്ക് ചൈനീസ് അതിർത്തിയോട് അടുത്ത് കിടക്കുന്ന ഈ മലയിടുക്കിന് ഏകദേശം 154 കിലോമീറ്റർ നീളമുണ്ട്. ഇത് ഷാരിൻ ദേശീയോദ്യാനത്തിന്‍റെ ഭാഗമാണ്.
അൽമാട്ടി മേഖലയിലെ ഉയ്ഗൂർ ജില്ല, റൈംബെക് ജില്ല, എൻബെക്ഷികസാഖ് ജില്ല എന്നിവയുടെ പരിധിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മലയിടുക്കിൽ വെള്ളത്തിന്‍റെ കുത്തൊഴുക്കിനാലും മറ്റ് കാലാവസ്ഥ വ്യതിയാനങ്ങളാലും രൂപപ്പെട്ട നിരവധി മൺ രൂപങ്ങൾ ഉണ്ട്. ഷാർജയിലെ മലീഹയിലും യു.എ.ഇയിലെ മറ്റ് ചിലയിടങ്ങളിലും കാണുന്ന ഫോസിൽ പാറകളുടെ കൂട്ടങ്ങളെയാണ് ഇത് കണ്ടപ്പോൾ ഓർമ്മ വന്നത്. നഗരമധ്യത്തിൽ നിന്ന് 30 മിനിറ്റ് ഡ്രൈവ് ചെയ്താൽ അൽമാട്ടിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു മലയിടുക്കിന്‍റെ പേരാണ് അൽമ-അരസൻ. മഞ്ഞു മൂടിയ ചെങ്കുത്തായ അൽമ-അരാസനിലേക്കുള്ള മലകയറ്റം മറക്കാനാവാത്ത അനുഭവായിരുന്നു. ഏതാണ്ട് പകുതി കയറിയപ്പോൾ തന്നെ പ്രകൃതി ദത്തമായ ചൂട് നീരുറവയിൽ കുളിക്കുന്ന സഞ്ചാരികളെ കാണാൻ കഴിഞ്ഞു. വീണ്ടും മുകളിലേക്ക് കയറി ചെറിയ വെള്ളച്ചാട്ടംവും കണ്ട്.
ചുറ്റിലും മഞ്ഞുമൂടിയ മലകളും വഴിത്താരകളും താഴെ കളകളാരവം പൊഴിച്ചു കൊണ്ട് ഒഴുകുന്ന അരുവികളും ചെങ്കുത്തായ ഇറക്കങ്ങളും അൽപം പേടിയും സന്തോഷവും അൽഭുതവും ഒക്കെ നിറഞ്ഞ വികാരത്തോടെ നേരം ഇരുട്ടിത്തുടങ്ങിയതുകൊണ്ട് മനമില്ലാ മനസ്സോടെ ഞാൻ താഴേക്കിറങ്ങി. അൽമാട്ടിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോക്ടൊബെയും അവിടുത്തെ റോപ്പ് വേയും അവിടെ നിന്നുള്ള നഗര കാഴ്ച്ചകളും കണ്ട് താഴെക്കിറങ്ങി.
കണ്ട് കൊതി തീരാത്ത മഞ്ഞും കയറി കൊതി തീരാത്ത മഞ്ഞുമലകളും എന്നെ തിരികെ വിളിച്ചു കൊണ്ടിരുന്നെങ്കിലും തിരിച്ച് പോക്ക് അനിവാര്യമായതു കൊണ്ട് ഞങ്ങൾ രാത്രിയോടെ ഖസാക്കിസ്ഥാനോട് വിട പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.