കിരീടം പാലം, ബേക്കൽ കോട്ട; സിനിമാ ലൊക്കേഷനുകളിൽ ടൂർ പോകാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ
text_fieldsകോഴിക്കോട്: കേരളത്തില്‍ സിനിമാടൂറിസം ആരംഭിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സിനിമകളിലൂടെ ശ്രദ്ധേയമായ സ്ഥലങ്ങളിലേക്കും ശ്രദ്ധനേടിയ സിനിമകൾ ചിത്രീകരിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികളെ ആകർഷിക്കുന്നതാണ് പദ്ധതി.
ഗൃഹാതുരമായ സിനിമാ ഓർമകൾക്ക് നിറം പകരുന്നതാണ് പുതിയ പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. കാലം എത്ര കഴിഞ്ഞാലും മനസില്‍ നിന്നും മാഞ്ഞ് പോവാത്ത ചില സിനിമാ ഫ്രെയിമുകളുണ്ട്. നമ്മളെ ഏറെ സ്വാധീനിച്ച ചില സിനിമാ രംഗങ്ങള്‍. നമ്മുടെ ഇത്തരം സിനിമാ ഗൃഹാതുര ഓർമകള്‍ക്ക് നിറം പകരുന്ന പുതിയ പദ്ധതിയാണ് ടൂറിസം വകുപ്പ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്.
കിരീടം സിനിമയില്‍ മോഹന്‍ലാലിന്‍റെ വികാര നിര്‍ഭരമായ രംഗങ്ങള്‍ ചിത്രീകരിച്ച പാലം, ബോംബെ സിനിമയില്‍ 'ഉയിരെ...' എന്ന ഗാനം ചിത്രീകരിച്ച ബേക്കല്‍ കോട്ട തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ഒരുവട്ടമെങ്കിലും എത്താന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് പദ്ധതി. സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നത്.
സിനിമാ താരങ്ങളെ കൂടി ഉള്‍പ്പെടുത്തി സിനിമാടൂറിസം പദ്ധതി മികവുറ്റതാക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ പ്രമുഖരുമായി ചര്‍ച്ച നടത്തും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി നടത്തിയ ചര്‍ച്ചയില്‍ ഇരു വകുപ്പുകളും ചേര്‍ന്ന് ഉടന്‍ തന്നെ സിനിമാടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ തീരുമാനിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ സിനിമാ ലൊക്കേഷനുകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കാനും മന്ത്രി അഭ്യർഥിച്ചിട്ടുണ്ട്.
(കിരീടം സിനിമയിലെ രംഗം)
സിനിമകളിൽ ഉൾപ്പെട്ടതുവഴി പ്രചാരം നേടിയ നിരവധി കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. മോഹൻലാലിന്‍റെ കിരീടം സിനിമ ചിത്രീകരിച്ചതു വഴി ഏറെ പ്രസിദ്ധമായ പാലമാണ് തിരുവനന്തപുരം നേമത്തെ പാലം. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനായിരുന്നു ഇവിടം. അന്നുമുതല്‍ ഈ പാലത്തെ കിരീടം പാലം, തിലകൻ പാലം എന്നൊക്കെ പ്രദേശവാസികൾ വിളിക്കാറുണ്ട്.
(പ്രേമം പാലം)
അതുപോലെ സമീപകാലത്ത് ഏറെ ശ്രദ്ധനേടിയ മറ്റൊരു സിനിമ ലൊക്കേഷനാണ് ആലുവയിലെ 'പ്രേമം പാലം'. ആലുവ തോട്ടക്കാട്ടുകര ഭാഗത്തെ അക്വഡേറ്റ് പാലം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാന ലൊക്കേഷനുകളിലൊന്നായിരുന്നു. ഓർഡിനറി എന്ന ചിത്രത്തിലൂടെ പത്തനംതിട്ടയിലെ ഗവി, ദുൽഖർ സൽമാന്‍റെ ചാർലി എന്ന ചിത്രത്തിലൂടെ മീശപ്പുലിമല, കുമ്പളങ്ങി നൈറ്റ്സിലൂടെ എറണാകുളത്തെ കുമ്പളങ്ങി തുടങ്ങിയ ലൊക്കേഷനുകൾ ഏറെ ശ്രദ്ധേയമായിരുന്നു.
(ഗവിയിൽ ചിത്രീകരിച്ച ഓർഡിനറി സിനിമയിലെ രംഗം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.