ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിൽ കേരളത്തിന് റെക്കോഡ്
text_fieldsതിരുവനന്തപുരം: ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ കേരളത്തിന് റെക്കോഡ് നേട്ടം. കോവിഡിന് ശേഷം സംസ്ഥാനത്തേക്ക് എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് കണക്കുകൾ നിരത്തി ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ ആദ്യ മൂന്ന് പാദത്തില്‍ 1,33,80,000 ആഭ്യന്തരസഞ്ചാരികള്‍ എത്തിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒമ്പത് മാസത്തെ ആഭ്യന്തരടൂറിസ്റ്റുകളുടെ വരവില്‍ മുന്‍വര്‍ഷങ്ങളിലെ മൂന്ന് പാദത്തേക്കാളും വര്‍ധനയുണ്ട്. കോവിഡിന് മുന്‍കാലത്തേക്കാള്‍ 1.49 ശതമാനം കൂടുതലാണിത്. കോവിഡ് ബാധിച്ച വര്‍ഷവുമായി താരതമ്യം ചെയ്താല്‍ 196 ശതമാനം മുന്നിലാണെന്നും മന്ത്രി പറഞ്ഞു.
വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലും കോവിഡ് കാലത്തിനേക്കാള്‍ വളര്‍ച്ച നേടാനായി. ഈ വര്‍ഷം ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ 600 ശതമാനം മുന്നേറ്റമാണുണ്ടായത്. കോവിഡിന് ശേഷം ലോകത്തെ ടൂറിസം മേഖല പൂര്‍ണമായും തുറക്കുമ്പോള്‍ വിദേശ സഞ്ചാരികളുടെ വരവില്‍ വലിയ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട സംസ്ഥാന ജി.ഡി.പി റിപ്പോര്‍ട്ടില്‍ കേരളത്തിന്‍റെ സാമ്പത്തികവളര്‍ച്ച 12.07 ശതമാനമാണ്. ഇത് ദേശീയ ശരാശരിക്ക് മുകളിലാണ്. 120 ശതമാനം വളര്‍ച്ചയാണ് ടൂറിസം മേഖല കൈവരിച്ചത്.
കാരവന്‍ ടൂറിസം ശക്തിപ്പെടുത്തുന്നതിനായി ബോള്‍ഗാട്ടിയിലും കുമരകത്തും കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത് പരിഗണനയിലാണ്. ഡിസംബറില്‍ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ നടക്കാനിരിക്കുന്നു.
തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പുതിയ സ്ഥലങ്ങൾ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായി 2023ല്‍ പുതിയ 100 ഡെസ്റ്റിനേഷനുകള്‍ വികസിപ്പിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ സ്ഥിതി മെച്ചപ്പെടുത്തും. ബേപ്പൂരില്‍ തുടക്കമിട്ട കടല്‍പ്പാലം മറ്റ് എട്ട് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
മലയോര മേഖലയില്‍ ഹൈക്കിങ്ങിന് ടെക്നോളജിയുടെ സഹായം ലഭ്യമാക്കുന്ന പദ്ധതിയും ബീച്ച് സ്പോര്‍ട്സിന് മുന്‍തൂക്കം നല്‍കിയുള്ള പദ്ധതികളും നടപ്പാക്കുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു. ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹും സന്നിഹിതനായിരുന്നു.
ഏറ്റവും കൂടുതൽ പേരെത്തിയത് എറണാകുളത്ത്
തിരുവനന്തപുരം: ജില്ല അടിസ്ഥാനത്തില്‍ എറണാകുളത്താണ് ഈ വര്‍ഷം കൂടുതല്‍ ആഭ്യന്തര വിനോദ സഞ്ചാരികള്‍ എത്തിയത്. 28,93,961 പേരാണ് എത്തിയത്.
തിരുവനന്തപുരം (21,46,969), ഇടുക്കി (17,85,276), തൃശൂര്‍ (15,07511), വയനാട് (10,93,175) ജില്ലകളാണ് തൊട്ടുപിറകെ. ഇടുക്കി (47.55 ശതമാനം), വയനാട് (34.57), പത്തനംതിട്ട (47.69) ജില്ലകളാണ് ശ്രദ്ധേയ മുന്നേറ്റം സാധ്യമാക്കിയത്. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയ സംസ്ഥാനങ്ങളും എണ്ണവും -തമിഴ്നാട് (11,60,336), കര്‍ണാടക (7,67,262), മഹാരാഷ്ട്ര (3,82,957), ആന്ധ്രാപ്രദേശ് (1,95,594), ഡല്‍ഹി (1,40,471).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.