ഉത്തരവാദിത്ത ടൂറിസത്തിൽ മാതൃക സൃഷ്ടിച്ച് കേരളം; പകർത്തിയെടുക്കാൻ മധ്യപ്രദേശ്
text_fieldsതിരുവനന്തപുരം: കേരള ടൂറിസത്തിന് അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത ഉത്തരവാദിത്ത ടൂറിസം പദ്ധതി മാതൃകയാക്കി നടപ്പാക്കാന്‍ മധ്യപ്രദേശ്. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷനാണ് മധ്യപ്രദേശില്‍ പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് ജനുവരി 13ന് നടക്കുന്ന ചടങ്ങില്‍ ധാരണപത്രം കൈമാറും.
ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ നേരിട്ട് കണ്ട് പഠിക്കാനും ധാരണപത്രം കൈമാറുന്നതിനുമായി മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂറിെൻറ നേതൃത്വത്തിലുള്ള 13 അംഗ സംഘം ചൊവ്വാഴ്ച മുതല്‍ ഏഴ് ദിവസം കേരളത്തില്‍ പര്യടനം നടത്തും. ഉത്തരവാദിത്ത ടൂറിസം മിഷെൻറ പ്രവര്‍ത്തനം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിക്കുന്നത് കേരളത്തിന് മുന്നില്‍ വലിയ അവസരമാണ് തുറക്കുന്നതെന്ന് ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു.
2017ലാണ് ഉത്തരവാദിത്ത ടൂറിസം മിഷെൻറ പ്രവര്‍ത്തങ്ങള്‍ തുടങ്ങുന്നത്. ടൂറിസം രംഗത്ത് പ്രാദേശിക ജനകീയ പങ്കാളിത്തം ഉറപ്പാക്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ നടപ്പിൽ വരുത്തുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷനില്‍ 17,000 രജിസ്റ്റേര്‍ഡ് യൂനിറ്റുകളും ഒരു ലക്ഷത്തോളം ഗുണഭോക്താക്കളുമുണ്ട്.
ഇതില്‍ 13,567 യൂനിറ്റുകള്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ സ്ത്രീകള്‍ നയിക്കുന്നതോ ആണ്. 2017 ആഗസ്റ്റ് മുതല്‍ 2020 ഫെബ്രുവരി 29 വരെ 28 കോടി രൂപയുടെ വരുമാനം ഇതിെൻറ പ്രവര്‍ത്തനങ്ങളിലൂടെ ലഭ്യമായിട്ടുണ്ട്. കൂടാതെ മിഷെൻറ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് നിരവധി അവാർഡുകളാണ് കേരളം കരസ്ഥമാക്കിയത്. വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് ലണ്ടെൻറ ഹൈലി കമന്‍ഡഡ് അവാർഡ് ലഭിച്ചതാണ് ഇതിൽ അവസാനത്തേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.