കേരള ട്രാവല്‍ മാര്‍ട്ട് മാര്‍ച്ച് 24 മുതല്‍; കാരവാന് ടൂറിസവും സാഹസിക ടൂറിസവും പ്രമേയം
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറുന്ന ടൂറിസം വികസനത്തിലേക്ക് കേരളത്തിെൻറ വാതില്‍ തുറക്കുന്ന കേരള ട്രാവല്‍മാര്‍ട്ട് 11ാം പതിപ്പിന് മാര്‍ച്ച് 24ന് തിരിതെളിയും. കൊച്ചി ഗ്രാൻറ് ഹയാത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിനുശേഷം വെല്ലിങ്ടണ്‍ ഐലൻറിലെ സാഗര, സാമുദ്രിക കണ്വെന്ഷന് സെൻററില്‍ 25 മുതല്‍ 27 വരെയാണ് ട്രാവല്‍മാര്‍ട്ട് നടക്കുകയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
രണ്ട് പതിറ്റാണ്ടിനുശേഷം കേരളം ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുന്ന സുപ്രധാന ടൂറിസം ഉൽപന്നമായ കാരവാന് ടൂറിസവും സാഹസിക ടൂറിസവുമാകും ഇക്കുറി കേരള ട്രാവല്മാര്ട്ടിെൻറ പ്രമേയം. ഇതോടൊപ്പം കഴിഞ്ഞ എട്ട് വര്‍ഷമായി തുടര്‍ന്നുവരുന്ന ഉത്തരവാദിത്ത ടൂറിസം ഇത്തവണയും പ്രധാന വിഷയമാകും. ആഭ്യന്തര സഞ്ചാരികള്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ താൽപര്യം കാണിക്കുന്നത് ഗുണകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന് ലോക ടൂറിസം ഭൂപടത്തില്‍ പ്രത്യേക സ്ഥാനം നേടിത്തന്ന പുരവഞ്ചി ടൂറിസത്തിന് ശേഷം സംസ്ഥാന ടൂറിസം വകുപ്പ് കൊണ്ടുവന്ന കാരവാന് ടൂറിസത്തെ ഈ വ്യവസായം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ആയിരത്തോളം വിദേശ-ആഭ്യന്തര ബയര്‍മാരെയാണ് ഇക്കുറി കെ.ടി.എമ്മില്‍ പ്രതീക്ഷിക്കുന്നത്. ആഭ്യന്തര വിപണിയിലാണ് കേരള ട്രാവല്‍ മാര്‍ട്ട് വിശ്വാസമര്‍പ്പിച്ചിരിക്കുന്നതെന്നും ഇതിലൂടെ ഗുണപരമായ മാറ്റമുണ്ടാകുമെന്നും ടൂറിസം അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.