കോവിഡ് പ്രതിസന്ധി അയഞ്ഞിട്ടും തുറക്കാൻ നടപടിയില്ല; കാടുകയറി കൊല്ലമ്പുഴ ടൂറിസം പാർക്ക്
text_fieldsആറ്റിങ്ങല്‍: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട കൊല്ലമ്പുഴ കുട്ടികളുടെ പാര്‍ക്ക് കാടുകയറി നശിച്ചു. തുറന്നുപ്രവർത്തിപ്പിക്കാൻ നടപടിയില്ല. പാർക്കും പരിസരവും പുല്ലും പാഴ്‌ച്ചെടികളും വളര്‍ന്നുമൂടിയ നിലയിലാണിപ്പോള്‍. ടൂറിസം വകുപ്പ് ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച കളിക്കോപ്പുകള്‍ ഉപയോഗിക്കാതെ നാശാവസ്ഥയിലായി. അവധി ദിവസങ്ങളിലും സായാഹ്നങ്ങളിലും രക്ഷിതാക്കള്‍ കുട്ടികളുമായി പാര്‍ക്കിന് മുന്നിലെത്തി നിരാശരായി മടങ്ങുന്നത് പതിവ് കാഴ്ചയാണ്.
ആറ്റിങ്ങല്‍ കൊട്ടാരത്തിനും വാമനപുരം ആറിനും ഇടയ്ക്കുള്ള സ്ഥലത്ത് ആറ്റിൻ തീരത്താണ് പാര്‍ക്ക് നിർമിച്ചിട്ടുള്ളത്. പാര്‍ക്കിനുള്ളില്‍ ഒരു ചിത്രപ്രദര്‍ശനശാലയും ഒരുക്കിയിട്ടുണ്ട്. ആറ്റിങ്ങലിന്റെയും തിരുവിതാംകൂറിന്റെയും ചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്.
കുട്ടികള്‍ക്ക് അറിവും ആനന്ദവും പകരുന്ന ഒരിടമെന്ന നിലയിലാണ് പാര്‍ക്ക് സജ്ജമാക്കിയത്. ആറ്റിൻതീരത്ത് മുതിര്‍ന്നവര്‍ക്ക് വിശ്രമിക്കാനും നടക്കാനുമുള്ള സൗകര്യങ്ങളുമുണ്ട്. തിരുവനന്തപുരം ജില്ല ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് പാര്‍ക്കും കെട്ടിടങ്ങളും നിർമിച്ചത്.
2019ല്‍ വിനോദസഞ്ചാര വകുപ്പ് 28.5 ലക്ഷം രൂപ ചെലവിട്ട് നവീകരണം നടത്തിയശേഷം പാര്‍ക്കും കെട്ടിടങ്ങളും നഗരസഭക്ക് കൈമാറിയത്. നവീകരിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം 2019 സെപ്റ്റംബറില്‍ നടന്നു.
പിന്നീട് ദിവസവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വന്‍തിരക്കായിരുന്നു. കോവിഡ് പ്രതിസന്ധിയുണ്ടാവുകയും ലോക്ഡൗണ്‍ വരികയും ചെയ്തതോടെ പാർക്ക് അടച്ചു. കോവിഡ് പ്രതിസന്ധി അയഞ്ഞ് ജനജീവിതം സാധാരണ നിലയിലായിട്ടും പാര്‍ക്ക് തുറക്കാന്‍ നഗരസഭാധികൃതര്‍ തയാറായിട്ടില്ല. പുനരുദ്ധാരണം, നോക്കി നടത്തിപ്പ് ചെലവുകൾ, പ്രവർത്തന ചെലവുകൾ എന്നിവ ബാധ്യത സൃഷ്ടിക്കുന്നതാണ് നഗരസഭ ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നതിനു കാരണം. ടൂറിസം വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾക്കോ സഹകരണ സ്ഥാപനങ്ങൾക്കോ കൈമാറി പാർക്ക് പ്രവർത്തിപ്പിക്കാൻ കഴിയും. അതിനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതാണ് പൊതുജനങ്ങളെ നിരാശപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.